ന്യൂസിലൻഡിനെതിരെ നാലാം ടി20യിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തെരഞ്ഞെടുത്തു...

ന്യൂസിലൻഡിനെതിരെ നാലാം ടി20യിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുന്നത്.
പരിക്കിൽ നിന്ന് മോചിതനായ ഇഷാൻ കിഷൻ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഇതോടെ കൗമാര താരം വൈഭവ് സൂര്യവംശി ബെഞ്ചിലേക്ക് മടങ്ങി. പേസർ ഭുവനേശ്വർ കുമാറിനു പകരം മായങ്ക് യാദവും അന്തിമ ഇലവനിൽ കളിക്കും. ന്യൂസിലൻഡ് നിരയിൽ കെയ്ൽ ജേമിസനു പകരം നഥാൻ സ്മിത്ത് കളിക്കും.
പരമ്പര നേടിയെങ്കിലും ജോലി ഇതുവരെ പൂർത്തിയായിട്ടില്ലെന്നും ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കി. പവർപ്ലേയിൽ ഇന്ത്യയെ തളയ്ക്കാനാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ പ്രതികരിച്ചു. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് പരമ്പര ഇതിനകം സ്വന്തമാക്കിയ ഇന്ത്യ, ഈ മത്സരത്തിലും ജയം തുടർന്ന് പരമ്പര തൂത്തുവാരാനാണ് ലക്ഷ്യമിടുന്നത്.
അതേസമയം, അഭിമാനപ്രശ്നമായ അവസാന രണ്ട് മത്സരങ്ങളിൽ വിജയം നേടി ആത്മവിശ്വാസം വീണ്ടെടുക്കാനാണ് കിവീസിന്റെ ശ്രമം.
തകർപ്പൻ ഫോമിലുള്ള ഓപ്പണർ അഭിഷേക് ശർമയുടെ പ്രകടനം തന്നെയാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. മുൻ മത്സരങ്ങളിലെപ്പോലെ ഇന്നും പവർപ്ലേയിൽ വേഗത്തിൽ റൺസ് കണ്ടെത്താൻ താരം ശ്രമിക്കും. മലയാളിതാരം സഞ്ജു സാംസൺ, മധ്യനിരയിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർ, തിലക് വർമ, നമൻ ധീർ എന്നിവരും ബാറ്റിങ് നിരയെ ശക്തമാക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha


























