ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചതായി ഇഡിയുടെ കണ്ടെത്തൽ; അനൂപിന്റെ അക്കൗണ്ടിലേക്ക് വന്ന പണത്തെ കുറിച്ചും ബംഗളൂരുവിൽ ബിനീഷ് തുടങ്ങിയ കമ്പനികളെ കുറിച്ചുമുള്ള വിവരങ്ങൾ അറിയുവാൻ ഇഡി ; ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചതായി ഇഡിയുടെ കണ്ടെത്തൽ. കള്ളപ്പണം വെളുപ്പിച്ച കേസും കൂടെ ബിനീഷ് കോടിയേരിക്ക് നേരെ വരുമ്പോൾ 7 വര്ഷം തടവും പിഴയും കിട്ടാവുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.കള്ളപ്പണ നിരോധന നിയമപ്രകാരം 4,5 വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ശാന്തി നഗറിലെ എൻഫോഴ്സ്‌മെന്റ് ആസ്ഥാനത്ത് ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ് ഇപ്പോൾ . രാവിലെയോടെ ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ ഓഫീസിലേക്ക് എത്തിച്ചു . സമീപത്തെ പൊലീസ് സ്റ്റേഷനിലായിരുന്നു ബിനീഷിനെ ഇന്നലെ പാർപ്പിച്ചത്.
എൻഫോഴ്സ്‌മെന്റ് പ്രധാനമായും അറിയാൻ ശ്രമിക്കുന്നത് അനൂപിന്റെ അക്കൗണ്ടിലേക്ക് വന്ന പണത്തെ കുറിച്ചും ബംഗളൂരുവിൽ ബിനീഷ് തുടങ്ങിയ കമ്പനികളെ കുറിച്ചുമുള്ള വിവരങ്ങളാണ്. ഇതിനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ തേടും. എന്നാൽ ഇതിനിടയിൽ ബിനീഷ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. മയക്കുമരുന്ന് കേസ് ആദ്യം രജിസ്റ്റർ ചെയ്‌ത എൻ സി ബിയും ഇന്ന് എൻഫോഴ്സ്‌മെന്റിൽ നിന്ന് വിവരങ്ങൾ തേടും.
മയക്കുമരുന്ന് കേസിൽ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കി കമ്പനികൾ തുടങ്ങിയ ബിനീഷ് കോടിയേരി ബിസിനസ് മറയാക്കി കളളപ്പണം വെളുപ്പിച്ചുവെന്നാണ് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തൽ. കളളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകൾ ചേർത്താണ് ബിനീഷിനെതിരെ ഇ ഡി കേസെടുത്തിരിക്കുന്നത്.വിവിധ അക്കൗണ്ടുകളിൽ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയതായി ഇ ഡി കണ്ടെത്തി. ഈ അക്കൗണ്ടുകളിൽ പലതും ഇപ്പോൾ നിർജീവമാണ്. മാത്രമല്ല അനൂപിന്റെ ഷെൽ കമ്പനികളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. 2015ൽ തുടങ്ങിയ ബി കാപ്പിറ്റലും, എ വി ജെ ഹോസ്‌പിറ്റാലിറ്റീസും എന്തിന് വേണ്ടിയാണ് തുടങ്ങിയതെന്ന് ഇ ഡി അന്വേഷിക്കുന്നുണ്ട് . കടലാസ് കമ്പനികൾ തുടങ്ങി, മയക്കുമരുന്ന് കച്ചവടത്തിന് മറയാക്കിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ബംഗളൂരു ദൂരവാണിയിൽ 2015ൽ രജിസ്റ്റർ ചെയ്‌തതാണ് ബി കാപ്പിറ്റൽ എന്ന കമ്പനി. എന്നാലിത് 2018ൽ പൂട്ടുകയും ചെയ്‌തു. 2020 ഫെബ്രുവരിയിൽ കമ്മനഹളളിയിലാണ് എ വി ജെ ഹോസ്‌പിറ്റാലിറ്റീസ് എന്ന സ്ഥാപനം തുടങ്ങിയത്. പിന്നീട് മേയ് മാസത്തിൽ ഇതിന്റെയും പ്രവർത്തനം നിർത്തി.എന്നാലിതൊക്കെയും ഇഡിയുടെ സംശയമുനയിൽ ആണ്.ആയതിനാൽ ഇവ വിശദമായി തന്നെ അന്വേഷിക്കാൻ ഒരുങ്ങുകയാണ്.
മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ബിനീഷ് പ്രതികരിച്ചില്ല. ലഹരി ഇടപാട് കേസിൽ അനൂപ് മുഹമ്മദിനെ നിയന്ത്രിച്ചത് ബിനീഷെന്ന് ഇഡി വ്യക്തമാക്കി. ബെംഗളൂരുവിലെ ഇടപാടുകൾ ബിനീഷ് കേരളത്തിലിരുന്നാണ് നിയന്ത്രിച്ചത്. ലഹരി ഇടപാടിനായി പണം വന്ന അക്കൗണ്ടുകൾ ബിനീഷിന്റെ അറിവിലുള്ളതാണെന്നും ഇഡി വ്യക്തമാക്കി.ലഹരി ഗുളികകളുമായി ഓഗസ്റ്റ് 21നു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായുള്ള പണമിടപാടിന്റെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് (പിഎംഎൽഎ) ബിനീഷിന്റെ അറസ്റ്റ്. കേസിലെ ആറാം പ്രതിയാണു ബിനീഷ്. തന്റെ അക്കൗണ്ടിൽ ലഭിച്ച 50 ലക്ഷം രൂപ, ബിനീഷിന്റെ ഉറപ്പിൽ പലരിൽനിന്നായി ലഭിച്ചതാണെന്ന് അനൂപ് മൊഴി നൽകിയിരുന്നു. 20 അക്കൗണ്ടുകളിൽ നിന്നാണ് ഈ പണം വന്നത്. മുൻപു കൊച്ചിയിൽ റെഡിമെയ്ഡ് വസ്ത്ര ബിസിനസ് നടത്തിയിരുന്ന അനൂപിനു ബെംഗളൂരു കമ്മനഹള്ളിയിൽ ‘ഹയാത്ത്’ എന്ന ഹോട്ടൽ നടത്താൻ 6 ലക്ഷം രൂപ മാത്രമാണു നൽകിയതെന്നാണ് ഒക്ടോബർ ആറിന് ആദ്യഘട്ട ചോദ്യം ചെയ്യലിൽ ബിനീഷ് പറഞ്ഞത്. ഈ മൊഴിവൈരുധ്യം പരിശോധിക്കാൻ അനൂപിനെ കഴിഞ്ഞയാഴ്ച വീണ്ടും ചോദ്യം ചെയ്തിരുന്നു. താൻ ലഹരി ഇടപാടുകളിലെ ബെനാമി മാത്രമാണെന്നായിരുന്നു അനൂപിന്റെ മൊഴി.
https://www.facebook.com/Malayalivartha





















