വിശ്വാസം രക്ഷിച്ചില്ല... വിജിലന്‍സിന്റെ എട്ടു മണിക്കൂറിലെ ചോദ്യം ചെയ്യലില്‍ എല്ലാം വെട്ടിത്തുറന്ന് പറഞ്ഞ് സ്വപ്ന സുരേഷ്; ശിവശങ്കറിനെ വെട്ടിലാക്കി സ്വപ്നയുടെ മൊഴി; കോണ്‍സുലേറ്റില്‍ നിന്ന് ശിവശങ്കറിന് സമ്മാനമായി ഐ ഫോണ്‍ നല്‍കി; വിദേശത്ത് കടന്നവരെ പൊക്കാനുറച്ച് എന്‍ഐഎ

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ കൂടോടെയെത്തിയെങ്കിലും സര്‍ക്കാര്‍ തളര്‍ന്നില്ല. എന്നാല്‍ ലൈഫ് മിഷനില്‍ സിബിഐ എത്തിയതോടെയാണ് കാര്യങ്ങള്‍ കൈവിടുമെന്ന് തോന്നിയത്. സിബിഐ വന്നാല്‍ സ്വപ്ന ഉള്ളത് തുറന്ന് പറഞ്ഞാല്‍ എല്ലാം കുളമാകും. ഇതിനായാണ് വിജിലന്‍സിനെ വരുത്തിയത്. എന്നാല്‍ ആ വിജിലന്‍സിന് പോലും ചില സത്യങ്ങള്‍ കണ്ടെത്താനായി.
ലൈഫ് പദ്ധതിയിലെ കോഴയിടപാട് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം അട്ടക്കുളങ്ങര ജയിലിലെത്തി സ്വപ്നയെ എട്ടു മണിക്കൂറോളമാണ് ചോദ്യംചെയ്തത്. ഡിവൈ.എസ്.പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചോദ്യംചെയ്യല്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് 5.50 വരെ നീണ്ടു. ലൈഫ് പദ്ധതിക്കായി എമിറേറ്റ്‌സ് റെഡ്ക്രസന്റുമായുണ്ടാക്കിയ ധാരണാപത്രം, യൂണിടാകിന് കരാര്‍ ലഭിച്ചത്, കോഴപ്പണം ആര്‍ക്കൊക്കെ കൈമാറി, നിര്‍മ്മാണക്കമ്പനിയില്‍ നിന്ന് ഐഫോണ്‍ ലഭിച്ചത് എന്നിവയെക്കുറിച്ചെല്ലാം അന്വേഷിച്ചു.
ചോദ്യം ചെയ്യലില്‍ കോണ്‍സുലേറ്റില്‍ നിന്ന് ശിവശങ്കറിന് സമ്മാനമായി ഐ ഫോണ്‍ നല്‍കിയെന്ന് സ്വപ്ന സമ്മതിച്ചു. നറുക്കെടുപ്പിലൂടെ നല്‍കിയത് രണ്ട് ഫോണുകള്‍ മാത്രമാണ്. എയര്‍ അറേബ്യ കമ്പനി ഉദ്യോഗസ്ഥന്‍ പത്മനാഭ ശര്‍മ്മ, കോണ്‍സുലേറ്റിലെ ജോലികള്‍ ചെയ്തിരുന്ന പ്രവീണ്‍ എന്നിവര്‍ക്ക് നറുക്കെടുപ്പിലൂടെ ഫോണ്‍ ലഭിച്ചു. പ്രട്ടോക്കോള്‍ ഓഫീസര്‍ക്ക് കോണ്‍സല്‍ ജനറലാണ് ഫോണ്‍ നല്‍കിയത്. ഇനി കണ്ടെത്താനുള്ള ഫോണും കോണ്‍സല്‍ ജനറലിന്റെ കൈവശമായിരുന്നു. അത് ആര്‍ക്കാണ് നല്‍കിയതെന്ന് തനിക്കറിയില്ല. സന്തോഷ് ഈപ്പന്‍ കൊച്ചിയില്‍ നിന്നു കൊണ്ടുവന്ന ഐ ഫോണ്‍ കോണ്‍സല്‍ ജനറലിന് ഇഷ്ടമായില്ല. പിന്നീട് തിരുവനന്തപുരത്ത് നിന്ന് വില കൂടിയ ഐ ഫോണ്‍ വാങ്ങി നല്‍കി.
കരാറുണ്ടാക്കിയതിന്റെ തൊട്ടടുത്ത ദിവസം കോണ്‍സുലേറ്റിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് യൂണിടാക്കിന്റെ അക്കൗണ്ടിലേക്ക് 7.5 കോടി രൂപ കൈമാറിയെന്നും തുടര്‍ന്ന് യൂണിടാക്കിന്റെ അക്കൗണ്ടില്‍ നിന്ന് സന്ദീപ് നായരുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് 4.20 കോടി രൂപ നല്‍കിയെന്നും സ്വപ്ന സമ്മതിച്ചതായാണ് വിവരം. ഇതില്‍ നിന്ന് 3.60 കോടി രൂപ പിന്‍വലിച്ചു. ഈ തുക ഡോളറായും രൂപയായും കോണ്‍സലേ?റ്റ് ജീവനക്കാരനും ഈജിപ്ത് സ്വദേശിയുമായ ഖാലിദിന് കൈമാറി. യൂണിടാക്ക് നല്‍കിയ തുകയില്‍ 60 ലക്ഷം രൂപ സന്ദീപ്, സരിത്, സ്വപ്ന എന്നിവര്‍ വീതിച്ചെടുത്തു. യൂണിടാക്കിലെ മുന്‍ ജീവനക്കാരന്‍ യദു സുരേന്ദ്രന് ആറ് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും നല്‍കിയില്ലെന്നും സ്വപ്ന പറഞ്ഞു.
അതേസമയം നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തു നടത്തിയ കേസ് പുറത്തു വന്നതോടെ വിദേശത്തേക്ക് കടന്ന പ്രതികളെക്കുറിച്ചു വിവരങ്ങള്‍ ലഭിച്ചെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ വ്യക്തമാക്കി. യു.എ.ഇ യില്‍ നിന്ന് നാടുകടത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ പത്താം പ്രതി റബിന്‍സ്. കെ. ഹമീദിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തശേഷം ഇന്നലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അന്വേഷണ സംഘം ഇതു വ്യക്തമാക്കിയത്. റബിന്‍സിനെ നവംബര്‍ അഞ്ചു വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായര്‍ എന്നിവരെ നവംബര്‍ മൂന്നു മുതല്‍ ആറുവരെ ജയിലില്‍ ചോദ്യം ചെയ്യാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനോടനുബന്ധിച്ച് ഈ മൂന്നു പ്രതികളെയും ജുഡിഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഇ.ഡി നല്‍കിയ അപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. അതേസമയം ഒരു ഫോണ്‍ ആര്‍ക്കെന്ന ചോദ്യം സ്വപ്ന സസ്‌പെന്‍സായി നിലനിര്‍ത്തിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha