കൊയിലാണ്ടി നഗരത്തിന്റെ അക്ഷരവെളിച്ചം അണഞ്ഞു പോകുമോയെന്ന ആശങ്കയില്‍ വായനാ സ്‌നേഹികള്‍

അവഗണനയുടെ ഇരുളിലാണ് ഒരു കാലത്ത് കൊയിലാണ്ടി നഗരത്തിന്റെ അക്ഷരദീപമായി പ്രകാശിച്ച കൊയിലാണ്ടി പബ്ലിക് ലൈബ്രറി. സ്വന്തമായി കെട്ടിടം ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം.
വാടക കെട്ടിടത്തിലെ അസൗകര്യങ്ങള്‍ കാരണം പലതവണ കുടിയൊഴിയേണ്ടിവന്നു. ഒടുവില്‍ പഴയ ബസ് സ്റ്റാന്‍ഡ് കെട്ടടിത്തില്‍നിന്നായിരുന്നു കുടിയിറക്കപ്പെട്ടത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചപ്പോള്‍ മഴ നനഞ്ഞു പുസ്തകങ്ങള്‍ പലതും നശിച്ചുപോയിരുന്നു.
സഹകരണ ബാങ്കിന്റെ പഴയ കെട്ടിടത്തിലായിരുന്നു 1957-ല്‍ സ്ഥാപിതമായ പബ്ലിക് ലൈബ്രറി കൊയിലാണ്ടി തുടക്കത്തില്‍ പ്രവര്‍ത്തിച്ചത്. 5000 പുസ്തകങ്ങളുമായായിരുന്നു പ്രവര്‍ത്തിച്ചു തുടങ്ങിയത്. പിന്നീട് ഇവ സൂക്ഷിക്കാന്‍ ഇടമില്ലാഞ്ഞതു കാരണം പഴക്കം ചെന്ന പുസ്തകങ്ങള്‍ പലതും കൈകാര്യം ചെയ്യാന്‍പറ്റാത്ത സ്ഥിതിയിലായി. വര്‍ഷങ്ങളായി വെളിച്ചം കാണാതെ പുസ്തകങ്ങള്‍ പൊടി പിടിച്ചു അക്ഷരങ്ങള്‍ മാഞ്ഞുപോയി.
പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നും കുടിയൊഴിഞ്ഞതോടെ നഗരസഭയുടെ സാംസ്‌കാരിക നിലയത്തിലെ കുട്ടികളുടെ ലൈബ്രറിയിലാണ് ഇടം ലഭിച്ചത്. കുട്ടികളുടെ ലൈബ്രറിയില്‍ ഒരു ഭാഗമാണ് പബ്ലിക് ലൈബ്രറിക്ക് അനുവദിച്ചത്. വരാന്തയിലാണ് വായനയ്ക്ക് മേശയും കസേരയും ഇട്ട് സൗകര്യം ഒരുക്കിയത്. ഇവിടെ അസൗകര്യങ്ങളുടെ നടുവിലാണ് പ്രവര്‍ത്തിക്കുന്നത്. 10,000 പുസ്തകങ്ങള്‍ ഇപ്പോള്‍ ഉണ്ടെങ്കിലും അവയെല്ലാം ഭദ്രമായി സൂക്ഷിക്കാന്‍ സ്ഥലപരിമിതിയുണ്ട്. കൂടുതല്‍ പേര്‍ എത്തിയാല്‍ നിന്നുകൊണ്ടു വേണം വായന.
പി.കെ.ഭരതന്‍ പ്രസിഡന്റും മുചുകുന്ന് ഭാസ്‌കരന്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് ലൈബ്രറിയുടെ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത്. കോവിഡ് കാലത്തിനു മുന്‍പ് വരെ എല്ലാ മാസവും പുസ്തക ചര്‍ച്ചകള്‍ക്കും കവിയരങ്ങുകള്‍ക്കും വേദിയായിരുന്നു ലൈബ്രറി. സാംസ്‌കാരിക നിലയത്തില്‍ നാലാം നിലയിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. 76 പടികള്‍ കയറിവേണം ഇവിടെയെത്താന്‍. പ്രായം ചെന്നവര്‍ക്ക് ഇതു വലിയ പ്രയാസം സൃഷ്ടിക്കുന്നു. സംസ്‌കാരിക നിലയത്തില്‍ ലിഫ്റ്റ് ഉണ്ടെങ്കിലും ഇതുവരെ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല.
https://www.facebook.com/Malayalivartha



























