ബസില്‍ യാത്ര ചെയ്യവേ ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ടെന്ന് സന്ദേശം; തിരഞ്ഞ് വലഞ്ഞ് അഗ്‌നി രക്ഷാ സേന

തലശ്ശേരി അഞ്ചരക്കണ്ടി റൂട്ടിലൂടെ ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു സ്ത്രീ് ചാമ്പാട് പാലത്തിനു സമീപം ഒരാള്‍ പുഴയില്‍ ചാടുന്നത് കണ്ടെന്ന വിവരം നാട്ടുകാരെ അറിയിച്ചു. തിങ്കളാഴ്ച രാവിലെ രാവിലെ 7: 45 ഓടെയാണ് സംഭവം.
ഉടന്‍ നാട്ടുകാര്‍ കൂത്തുപറമ്പ് പൊലീസിലും, ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചു. കൂത്തുപറമ്പ് പൊലീസും, കൂത്തുപറമ്പ്, പാനൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. കൂത്തുപറമ്പ് സ്‌കൂബ ഡൈവിങ് ടീമും പാനൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നു റബര്‍ ഡിങ്കിയുമായെത്തിയ സേനാംഗങ്ങളും ഫൈബര്‍ തോണികളുമായി നാട്ടുകാരും രണ്ട് മണിക്കൂറിലധികം പുഴയില്‍ തിരച്ചില്‍ നടത്തി.
ഒട്ടേറെ പേര്‍ വിവരമറിഞ്ഞ് പല പ്രദേശങ്ങളില്‍ നിന്നായി സ്ഥലത്തെത്തിയിരുന്നു. തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ സാധിക്കാതായതോടെ പോലീസ് അന്വേഷണം നടത്തി.
അപ്പോഴേക്കും രാവിലെ പുഴയില്‍ കുളിക്കാനെത്തിയ ചിലര്‍ പുഴയോരത്തെ മരത്തില്‍ നിന്നും പുഴയില്‍ ചാടി കുളിച്ചിരുന്നു എന്ന വിവരം ലഭിച്ചെന്ന് കൂത്തുപറമ്പ് ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ പി.ഷനിത്ത് പറഞ്ഞു. ഇത് കണ്ട് തെറ്റിദ്ധരിച്ചാണ് ഇത്തരമൊരു സന്ദേശത്തിനു ഇടയാക്കിയത് എന്ന നിഗമനത്തില്‍ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.
വ്യാജസന്ദേശം അല്ലായിരുന്നു എങ്കിലും ഇത് അഗ്‌നിരക്ഷാ സേനയേയും നാട്ടുകാരെയും ഒരുപോലെ വലച്ചു.
https://www.facebook.com/Malayalivartha