പുത്രശാപം വരുന്ന വഴി... കള്ളപ്പണക്കേസില്‍ കുടുങ്ങിയ ബിനീഷ് കോടിയേരി മയക്ക് മരുന്ന് കേസിലും പെടുമെന്നായതോടെ തലസ്ഥാനത്ത് നിര്‍ണായക നീക്കം; ചികിത്സയയുടെ പേരില്‍ അവധിയെടുത്ത് തടിതപ്പാന്‍ കോടിയേരി; നേതാക്കളുടെ മക്കള്‍ തമ്മിലുള്ള അടിയാണ് പലരേയും കുടുക്കിയതെന്ന് ഉറച്ച് വിശ്വസിച്ച് പാര്‍ട്ടി അണികള്‍

തലയില്‍ വച്ചാല്‍ പേനരിക്കും തറയില്‍ വച്ചാല്‍ എതിരാളി നേതാക്കള്‍ സഖാക്കളുടെ മക്കളെടുക്കും എന്ന പോലെയാണ് നേതാക്കന്‍മാര്‍ മക്കളെ വളര്‍ത്തിയത്. എന്നാല്‍ പഴയ പരിപ്പ് വടയും കട്ടന്‍ ചായയും കുടിക്കുന്ന ശീലമൊക്കെ മാറിയ മക്കള്‍ അഢംഭരത്തിന്റെ പിറകേ പോയതോടെ വെട്ടിലായത് ശരിക്കും ഒരു തെറ്റും ചെയ്യാത്ത കറകറഞ്ഞ പാര്‍ട്ടി നേതാക്കളാണ്. കണ്ണൂര്‍ ലോബികളും നേതാക്കന്‍മാരുടേയും മന്ത്രിമാരുടേയും മക്കളും തമ്മിലുള്ള അടി തുടങ്ങിയതോടെ അടുത്തിടെ പല മക്കളുടേയും ചെയ്തികള്‍ പുറത്തു വന്നു. ഇതിന് പകരം വീട്ടിയതോടെയാണ് ബിനീഷ് കുടുങ്ങിയതെന്ന് പോലും സംസാരമുണ്ട്.
ഇങ്ങനെ പുറത്തറിയാതെ പാര്‍ട്ടിയില്‍ അടി നടക്കുമ്പോള്‍ ഈയാഴ്ച അതി നിര്‍ണായകമാകുകയാണ്. കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റ് മയക്കുമരുന്ന്, ബിനാമി ഇടപാട് ആരോപണങ്ങളിലേക്കും തിരുവനന്തപുരത്തേക്കും നീണ്ടതോടെ സി.പി.എം. നേരിടുന്നതു കനത്ത പ്രതിസന്ധിയാണ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ഗുരുതര ആരോപണങ്ങള്‍ തെരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടിക്കും മുന്നണിക്കും ബാധ്യതയാകുമെന്ന് ആശങ്ക. കോടിയേരി അവധിയെടുത്തു മാറിനില്‍ക്കുക എന്ന നിര്‍ദേശം ആറ്, ഏഴ് തീയതികളില്‍ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങളില്‍ ചര്‍ച്ചയ്ക്ക് വരുമെന്നാണ് സൂചന.
ആരോഗ്യ കാരണങ്ങളാലുള്ള താല്‍ക്കാലിക അവധി എന്ന പോംവഴിയാണു പരിഗണനയില്‍. അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നതു രഹസ്യമല്ലെന്നിരിക്കെ അവധിയെപ്പറ്റി പാര്‍ട്ടിക്കു കൂടുതല്‍ വിശദീകരിക്കേണ്ടിവരില്ല. ആവശ്യമെങ്കില്‍ തുടര്‍ചികിത്സയ്ക്കു പോകുകയുമാകാം.
അതേസമയം, കോടിയേരി മാറുന്നതു പാര്‍ട്ടിയെ ഭാവിയില്‍ ഊരാക്കുടുക്കിലാക്കുമെന്ന അഭിപ്രായം ശക്തമാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ നേതാക്കളും അവരുടെ കുടുംബാംഗങ്ങളും ആരോപണനിഴലിലാണെന്നതാണു കാരണം. കോടിയേരി മാറിനില്‍ക്കുന്നത് അവരുടെ കാര്യത്തില്‍ കീഴ്‌വഴക്കമായി മാറും. സ്വര്‍ണക്കടത്തു കേസ് പ്രതിപക്ഷം മുഖ്യമന്ത്രി പിണറായി വിജയനെതിരായ യുദ്ധമാക്കി മാറ്റിയിരിക്കുന്നത് ചില നേതാക്കന്മാര്‍ ചൂണ്ടിക്കാട്ടുന്നു. കോടിയേരി മാറുന്നത് അന്വേഷണ ഏജന്‍സികളുടെ ഇടപെടലുകള്‍ അംഗീകരിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും.
കുടുംബാംഗങ്ങളുടെ തെറ്റിനു നേതാക്കളെ ഉത്തരവാദിയാക്കേണ്ടെന്ന നിലപാട് ആവര്‍ത്തിക്കുമ്പോഴും തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരുന്നത് പാര്‍ട്ടിയില്‍ ആശങ്കയേറ്റുന്നു. ഇതേ ആശയക്കുഴപ്പം ഇടതുമുന്നണിയിലുമുണ്ട്. പാര്‍ട്ടിയുടെ പിന്തുണയോടെ കോടിയേരി സ്വയം അവധിയെടുക്കുന്നത് വിമര്‍ശനത്തിനുള്ള സാഹചര്യം ഒഴിവാക്കുമെന്ന കണക്കുകൂട്ടലാണ് പൊതുവേയുള്ളത്. തെരഞ്ഞെടുപ്പു ജോലികളില്‍ പൂര്‍ണമായും മുഴുകാന്‍ ആരോഗ്യസ്ഥിതി തടസമാണെന്നു വിശദീകരിക്കും.
സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ എ.കെ.ജി. സെന്ററിന്റെ വകയായ ഫഌറ്റിലാണു താമസമെന്നതിനാല്‍ കോടിയേരിക്ക് അന്വേഷണ സംഘത്തെ അഭിമുഖീകരിക്കേണ്ടിവന്നില്ല. എന്നാല്‍, കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതിനു മുമ്പ് മാറിനില്‍ക്കുന്നതാണു നല്ലതെന്ന ചിന്ത കോടിയേരിക്കുമുണ്ടെന്നാണു സൂചന.
മകനെതിരായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കോടിയേരിക്കു മാറിനില്‍ക്കേണ്ടിവന്നാല്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു പകരമാരെന്നു പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച തുടങ്ങി. പാര്‍ട്ടി സെന്ററിന്റെ ചുമതലയുള്ള കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദനോ പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയോ താല്‍ക്കാലിക ചുമതലയില്‍ വരുമെന്നാണു സംസാരം.
വെള്ളി, ശനി ദിവസങ്ങളിലെ സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങളില്‍ തീരുമാനമുണ്ടാകും. അങ്ങനെ മക്കള്‍ ചെയ്യുന്നതിന്റെ വില അച്ഛന്‍മാര്‍ കൊടുക്കേണ്ടി വരുന്നതാകും കാഴ്ച.
https://www.facebook.com/Malayalivartha