യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ കേസ് സെന്‍സിറ്റീവ് വിഷയമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

യെമന്‍ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കേസ് സെന്‍സിറ്റീവ് വിഷയമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സൗഹൃദ രാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിമിഷപ്രിയയുടെ കുടുംബത്തിന് നിയമ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിമിഷപ്രിയയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബുബക്കര്‍ മുസലിയാരുടെ ഇടപെടലിനെ കുറിച്ച് അറിയില്ലെന്നും മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ജയ്‌സ്വാള്‍ പറഞ്ഞു. നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചതില്‍ നിങ്ങള്‍ പറഞ്ഞ വ്യക്തിയുടെ ഇടപെടലിനെ കുറിച്ച് പങ്കിടാന്‍ തന്റെ കൈയില്‍ വിവരങ്ങളില്ലെന്നായിരുന്നു ജയ്‌സ്വാള്‍ വ്യക്തമാക്കിയത്.
പ്രശ്‌ന പരിഹാരത്തിനായി കോണ്‍സുലാര്‍ സന്ദര്‍ശനങ്ങള്‍ ക്രമീകരിക്കുകയും പ്രാദേശിക അധികാരികളുമായും കുടുംബാംഗങ്ങളുമായും നിരന്തരം ബന്ധപ്പെടുകയും ചെയ്തിട്ടുണ്ടെന്നും ജയ്‌സ്വാള്‍ വ്യക്തമാക്കി. വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചതോടെ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചു. വിദേശരാജ്യങ്ങള്‍ വഴി സമ്മര്‍ദ്ദം ഉള്‍പ്പെടെ ചെലുത്തി വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ചുവരികയാണെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.
സുഹൃത്തും യെമനി മുസ്ലിങ്ങള്‍ക്കിടയില്‍ വലിയ സ്വാധിനമുള്ള പ്രശസ്ത സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്‍ വഴി കാന്തപുരം നടത്തിയ ഇടപെടലാണ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചതിന് പിന്നില്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha