പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...

പുതിയ സ്കൂൾ, പുതിയ സുഹൃത്തുക്കൾ, പുതിയ സ്വപ്നങ്ങളുമായി മിഥുൻ തേവലക്കര ബോയ്സ് ഹൈസ്കൂളിലേക്ക് എത്തിയിട്ട് ഒരുമാസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു. പടിഞ്ഞാറേ കല്ലട വലിയപടം വിളന്തറ ക്ഷേത്രത്തിന് അടുത്താണ് മിഥുന്റെ വീട്. പട്ടുകടവ് സ്കൂളിൽനിന്ന് തേവലക്കര ബോയ്സ് ഹൈസ്കൂളിലേക്ക് ഈ അധ്യയന വർഷമാണ് മാറിയത്. ഹൈസ്കൂൾ പ്രവേശനത്തിന്റെ ഭാഗമായിട്ടായിരുന്നു മാറ്റം. സ്കൂളിൽ കളിക്കുന്നതിനിടെ, സൈക്കിൾ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കുന്നതിനിടെയാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്. ക്ലാസിലെ ബെഞ്ച് ഉപയോഗിച്ച് സൈക്കിൾ ഷെഡിന് മുകളിലേക്ക് കയറുമ്പോൾ കാൽ തെറ്റി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു.
സാധാരണ സ്കൂൾ ബസിലാണ് മിഥുൻ സ്കൂളിലേക്ക് പോകുന്നത്. എന്നാൽ പിതാവ് മനുവാണ് മിഥുനെ സ്കൂട്ടറിൽ സ്കൂളിൽ എത്തിച്ചത്. അമ്മ സുജ കുവൈറ്റിൽ ഹോം നഴ്സായി ജോലിക്ക് പോയിട്ട് മൂന്നു മാസമാകുന്നതേയുള്ളൂ. സുജ രാവിലെ ഫോണിൽ വിളിച്ച് മനുവിനോടും മിഥുനോടും സംസാരിച്ചിരുന്നു. അതിനുശേഷമാണ് സ്കൂളിലേക്ക് പോയത്. അപകടം നടന്നയുടനെ പഞ്ചായത്ത് അംഗം ശിവരാജന് വിവരം ലഭിച്ചു. മനുവിനൊപ്പം ആശുപത്രിയിലെത്തിയപ്പോഴേക്കും മിഥുൻ മരിച്ചു. വിദേശത്തുള്ള സുജ
ഇതുവരെ വിവരം അറിഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കുവൈറ്റിൽ സുജ ജോലി ചെയ്യുന്ന കുടുംബം തുർക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയാണ്. സുജയെയും ഒപ്പം കൂട്ടി. സുജയുടെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. മനുവിന് കൂലിപ്പണിയാണ്. സാമ്പത്തികമായി താഴേത്തട്ടിലുള്ള കുടുംബമാണ്. പുതിയ വീട് നിർമിക്കാൻ ലൈഫ് പദ്ധതിയിൽ പേര് ചേർത്തിട്ടുണ്ട്. ഇതിന്റെ അനുമതി ലഭിച്ചിട്ടില്ല. മകനെ നഷ്ടപ്പെട്ട വേദനയിൽ പൊട്ടിക്കരഞ്ഞ മനുവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും വലഞ്ഞു. സുഹൃത്തിന്റെ ചെരുപ്പ് എടുക്കാനായി കയറിയപ്പോൾ തെന്നിവീണതായാണ് ലഭിച്ച വിവരമെന്ന് ബന്ധുക്കൾ പറഞ്ഞു.
‘രാവിലെ ഏതാണ്ട് എട്ടരയോടെയാണ് സംഭവം. മിഥുൻ ഇവിടെ ഫുട്ബോൾ കളിക്കുകയായിരുന്നു. അതിനിടെ ചെരുപ്പ് ഷെഡിനു മുകളിൽ വീണു. അതെടുക്കാൻ കയറിയപ്പോൾ ഷോക്കടിക്കുകയായിരുന്നു. ഞാൻ കാണുമ്പോൾ അവൻ വൈദ്യുതിക്കമ്പിയിൽ കിടക്കുകയായിരുന്നു. വായിൽനിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. വല്ലാത്തൊരു അവസ്ഥയായിരുന്നു. എന്നാണ് സംഭവം നേരിൽക്കണ്ട സുഹൃത്ത് നടുക്കം വിട്ടൊഴിയാതെ പ്രതികരിച്ചത്. സംഭവത്തിൽ വീഴ്ച തുറന്നുപറഞ്ഞ് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്ത് വന്നു. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിലാണ് കെഎസ്ഇബിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വ്യക്തമാക്കുന്നത്. വൈദ്യുതി ലൈനിന് തറനിരപ്പിൽ നിന്ന് നിയമപ്രകാരമുള്ള അകലവ്യത്യാസം ഇല്ലാത്തതിനാൽ കെഎസ്ഇബിയും അനധികൃതമായി ലൈനിന് കീഴിൽ നിർമ്മാണ പ്രവർത്തനം നടത്തിയതിനു സ്കൂൾ അധികൃതരും ഉത്തരവാദികളാണെന്നു പ്രാഥമികമായി അന്വേഷണത്തിൽ വിലയിരുത്തുന്നു.
സൈക്കിൾ ഷെഡ്ഡിന് മുകളിലൂടെ ഉണ്ടായിരുന്ന വൈദ്യുതി ലൈനിൽ സ്പേസർ സ്ഥാപിച്ചിരുന്നു. ലൈനുകൾ കൂട്ടിമുട്ടി അപകടമുണ്ടാകാതിരിക്കാനാണ് സ്പേസർ സ്ഥാപിച്ചിരിക്കുന്നത്. ഭൂമിയിൽ നിന്നും ഈ ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചിട്ടില്ലായിരുന്നു എന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്റ്ററേറ്റിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ, വൈദ്യുതി ലൈനിൽ നിന്നും സൈക്കിൾ ഷെഡിലേക്ക് ആവശ്യമായ സുരക്ഷാ അകലം പാലിച്ചിട്ടില്ല എന്നും റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. ഈ സൈക്കിൾ ഷെഡ് സ്ഥാപിച്ചതിന് ഏതെങ്കിലും അനുമതി ലഭിച്ചിരുന്നോ എന്നതിലും സംശയമുണ്ട്. മന്ത്രി പറഞ്ഞു.
ലൈനിന് അടിയിൽ ഒരു നിർമ്മാണം നടക്കുമ്പോൾ വൈദ്യുതി ലൈനിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കേണ്ടതാണ്. വൈദ്യുതി ലൈനുകളിൽ കൃത്യമായി ഇടവേളകളിൽ സുരക്ഷാ പരിശോധന നടത്തണമെന്ന് വൈദ്യുതി ബോർഡിൽ നിർദേശം ഉള്ളതാണ്. പ്രസ്തുത ലൈൻ കവചിത കേബിളുകളാക്കി മാറ്റുന്നതിനും ലൈനിനടിയിൽ ഒരു പോസ്റ്റ് സ്ഥാപിക്കുന്നതിനുമുള്ള അനുമതി സ്‌കൂൾ മാനേജ്‌മെന്റിനോട് കെ.എസ്.ഇ.ബി അധികൃതർ ആവശ്യപ്പെട്ടിരുന്നു. അടുത്ത മാനേജ്‌മെന്റ് കമ്മിറ്റി മീറ്റിങ്ങിനു ശേഷം അറിയിക്കാമെന്നായിരുന്നു സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചത്.
അടിയന്തരമായി കെഎസ്ഇബിയുടെ ലൈനുകൾ പരിശോധന നടത്തി ആവശ്യം വേണ്ട സുരക്ഷ നടപടികൾ സ്വീകരിക്കണമെന്ന് വൈദ്യുതി ബോർഡിന് നിർദ്ദേശം നൽകി. സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്‌ചയ്ക്കും തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി. കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. പ്രാഥമികമായി കെഎസ്ഇബി അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും പിന്നീട് വിശദമായ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ വേണ്ട ധനസഹായ തുക കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha