ഇത്രയും വേണ്ടിയിരുന്നില്ല... ലൈഫ് മിഷന്‍ കോഴപ്പണവുമായി യു.എ.ഇ. കോണ്‍സുലേറ്റിലെ ചീഫ് അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദ് ഷൗക്രിയ ഇന്ത്യ വിട്ടത് സ്വപ്നയോടൊപ്പമെന്ന് നിര്‍ണായക വെളിപ്പെടുത്തല്‍; മസ്‌കറ്റില്‍ വച്ച് നടന്ന താലം കൈമാറല്‍ പൊളിച്ചടുക്കാന്‍ കസ്റ്റംസും സിബിഐയും

സ്വര്‍ണക്കടത്തു കേസിലെ ആദ്യനാളുകളില്‍ ഉയര്‍ന്ന് വരാത്ത പേരുകളിലൊന്നാണ് ഈജിപ്ഷ്യന്‍ പൗരന്‍. ഈ പൗരന് ജനകീയ മുഖം നല്‍കിയത് കൈരളീ ചാനല്‍ ചര്‍ച്ചയില്‍ ജോണ്‍ ബ്രിട്ടാസ് നല്‍കിയ വെളിപ്പെടുത്തലുകളാണ്. കവടിയാറില്‍ കാറില്‍ വച്ച് ഈജിപ്ഷ്യന്‍ പൗരന്‍ കൈക്കൂലി പറ്റിയെന്നാണ് പറഞ്ഞത്. പറയുന്നത് കൈരളിയായതിനാല്‍ ആരും കാണാനും കേള്‍ക്കാനും പോയില്ല. പക്ഷെ പറഞ്ഞയാള്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷാവായതോടെ പലരും അത് ശ്രദ്ധിച്ചു. ആ ശ്രദ്ധ പിടിച്ചു പറ്റി സിബിഐ കേരളത്തിലിറങ്ങിയതോടെ സ്വപ്നയുടെ ഈജിപ്ഷ്യന്‍ പൗരനും മറനീക്കി പുറത്തായി.
ഇപ്പോള്‍ ഈജിപ്ഷ്യന്‍ പൗരനെപ്പറ്റി ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഡോളറാക്കി മാറ്റിയ ലൈഫ് മിഷന്‍ കോഴപ്പണവുമായി യു.എ.ഇ. കോണ്‍സുലേറ്റിലെ ചീഫ് അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദ് ഷൗക്രിയ ഇന്ത്യ വിട്ടതു സ്വപ്‌ന സുരേഷിനൊപ്പമാണെന്നാണ് വെളിപ്പെടുത്തല്‍. സ്വപ്നയുടെ ഇഷ്ടതോഴനായ സരിത്തും കൂടെയുണ്ടായിരുന്നത്രെ. മസ്‌കറ്റില്‍ വച്ചാണ് രഹസ്യ ഇടപാട് നടന്നത്. മസ്‌കറ്റില്‍വച്ച് ഖാലിദ് പണവുമായി പിരിഞ്ഞെന്നാണു സ്വപ്‌നയുടെ മൊഴി. കസ്റ്റംസും സി.ബി.ഐയും ഇതു വിശ്വസിക്കുന്നില്ല. തങ്ങളുടെ പണമായതിനാലാണു സ്വപ്‌നയും സരിത്തും ഒപ്പം പോയതെന്നും ഖാലിദിന്റെ നയതന്ത്ര പരിരക്ഷ പ്രയോജനപ്പെടുത്തിയെന്നുമാണു നിഗമനം.
2.8 കോടി രൂപയ്ക്കു തുല്യമായ ഡോളറുമായി ഗ്രീന്‍ ചാനല്‍ വഴിയാണ് ഈജിപ്ഷ്യന്‍ പൗരനായ ഖാലിദ് ഇന്ത്യ വിട്ടത്. താന്‍ ഖാലിദിനൊപ്പം പലതവണ ഗള്‍ഫില്‍ പോയിട്ടുണ്ടെന്നും അപ്പോഴെല്ലാം ഖാലിദ് ഡോളര്‍ കടത്തിയെന്നും സ്വപ്‌ന സമ്മതിച്ചു. ഇതോടെ ഡോളര്‍ കടത്തുകേസില്‍ ഖാലിദിനെയും പ്രതിചേര്‍ക്കും. അറസ്റ്റ് വാറന്റ് ഇന്റര്‍പോളിനു കൈമാറും. വിട്ടുകിട്ടിയാല്‍ മാപ്പുസാക്ഷിയാക്കും. കമ്മിഷന്‍ കിട്ടാനുള്ള ഇടപാടുകളിലൊന്നും ഖാലിദിനു റോളുണ്ടായിരുന്നില്ല. അതിനാല്‍ ഡോളര്‍ കാരിയറായി മാത്രമാണ് ഇയാളെ ഉപയോഗിച്ചതെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്നു.
ഗള്‍ഫിലേക്കു കടത്തിയ പണം എം. ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരുടെ കമ്മിഷന്‍ വിഹിതമാണോ എന്ന് അന്വേഷിക്കുന്നുണ്ട്. പണം ഗള്‍ഫില്‍ നിക്ഷേപിച്ചെന്നാണ് നിഗമനം. കോണ്‍സുലേറ്റ് നടത്തുന്ന പരിപാടികള്‍ പലരെക്കൊണ്ടും സ്‌പോണ്‍സര്‍ ചെയ്യിക്കുകയായിരുന്നെന്നും ലക്ഷങ്ങളുടെ ബില്‍ യു.എ.ഇ. വിദേശ മന്ത്രാലയത്തിന് അയച്ചുകൊടുത്തു പണം വാങ്ങിയിരുന്നെന്നും സ്വപ്‌ന മൊഴി നല്‍കി. ഈ പണവും ഡോളറാക്കി കടത്തിയതു ഖാലിദാണ്.
2019 ജൂലൈ 31നാണ് കോണ്‍സുലേറ്റും യൂണിടാക്കും തമ്മില്‍ വടക്കാഞ്ചേരി പദ്ധതി നിര്‍മാണക്കരാര്‍ ഒപ്പുവച്ചത്. പിറ്റേന്നു യൂണിടാക്കിന്റെ അക്കൗണ്ടിലേക്കു പണമെത്തി. അന്നുതന്നെ എറണാകുളത്തെ സ്വകാര്യ ബാങ്കില്‍ നിന്ന് 2.8 കോടിയും തിരുവനന്തപുരത്തുനിന്ന് ഒരു കോടിയും പിന്‍വലിച്ചു. ഇതാണു ബാങ്ക് മുഖേനയും കരിഞ്ചന്തയിലൂടെയും ഡോളറാക്കി മാറ്റിയെടുത്തത്. ഈജിപ്തിലേക്കു പോയെന്നു കരുതുന്ന ഖാലിദിനെ പ്രതിചേര്‍ക്കാന്‍ കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അയാളെ ഈജിപ്തില്‍ നിന്നു വിട്ടുകിട്ടാന്‍ വിദേശകാര്യ മന്ത്രാലയംവഴിയാണു ശ്രമിക്കേണ്ടത്.
സാമ്പത്തിക ക്രമക്കേടിനു കോണ്‍സുലേറ്റില്‍ നിന്നു പുറത്താക്കിയ ഖാലിദ് 2019 ഓഗസ്റ്റ് അഞ്ചിനു രാജ്യം വിട്ടപ്പോഴാണു മസ്‌കറ്റ് വിമാനത്തില്‍ സ്വപ്‌നയും സരിത്തും ഒപ്പംപോയത്. ഒരാഴ്ചയ്ക്കു ശേഷം സ്വപ്‌നയും കോണ്‍സുലേറ്റിനു പുറത്തായി. പിന്നീടാണു കമ്മിഷന്റെ രണ്ടാം ഗഡുവില്‍നിന്ന് 75 ലക്ഷം രൂപ സന്ദീപ് നായരുടെ ഐസൊമോങ്ക് കമ്പനിയുടെ അക്കൗണ്ടിലെത്തിയത്.
എന്തായാലും ഈജിപ്ഷ്യന്‍ പൗരനെ പുറത്തെടുക്കാന്‍ തന്നെയാണ് സിബിഐയുടെ ശ്രമം. ഒപ്പം മസ്‌കറ്റില്‍ നടന്ന കണ്ണ് പൊട്ടുന്ന ഇടപാടും പുറത്ത് കൊണ്ടു വരും.
"
https://www.facebook.com/Malayalivartha