ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിലെ സജീവപ്രവര്‍ത്തകയായിരുന്ന ഷീന ജോസ് അന്തരിച്ചു

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിലെ സജീവപ്രവര്‍ത്തകയായിരുന്ന ഷീന ജോസ് (55) നിര്യാതയായി. മൂന്നര പതിറ്റാണ്ടുകാലം കേരളത്തിലെ ഫെമിനിസ്റ്റ് ക്വിയര്‍ ആലോചനകളില്‍ സജീവപ്രവര്‍ത്തകയായിരുന്നു ഷീന ജോസ്. കുറച്ചു കാലമായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.
വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ര്ടീയ സംഘടനകളുമായും പ്രസ്ഥാനങ്ങളുമായും ചേര്‍ന്ന് 1980-കളുടെ പകുതിയില്‍ വിവിധ സമര പരിപാടികളും ശില്പശാലകളും യാത്രകളും സംഘടിപ്പിക്കുന്നതില്‍ ഷീന ജോസ് പ്രധാന പങ്കു വഹിച്ചു. കേരളത്തിലെ ആദ്യത്തെ മൂന്ന് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ഒന്നായ ചേതനയുടെ പ്രസിഡന്റായിരുന്നു. 1990-കളില്‍ കേരളത്തില്‍ സംഘടിപ്പിച്ച ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ ദേശീയ സമ്മേളനം മുതല്‍ പ്രധാനപ്പെട്ട എല്ലാ സ്ത്രീ മുന്നേറ്റങ്ങളിലും ഷീന ജോസ് നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്.
കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളിലെല്ലാം ഷീന ജോസും ചേതനയും സംഘവും ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തുണ്ടായിരുന്നു. ഏഴിമലയില്‍ നിന്നും ബലിയപാല്‍ സമരത്തിലേക്ക് ഷീന ജോസ് അടക്കമുള്ള പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തിയ ഐക്യദാര്‍ഢ്യ യാത്ര ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട ഒന്നാണ്.
തന്റെ പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങള്‍ക്കിടയില്‍ സജീവമായി നിലനിര്‍ത്താന്‍ ഗവ. ട്രെയിനിങ് കോളജ് അധ്യാപികയായതിനു ശേഷവും ഷീന ജോസ് ശ്രമിച്ചിരുന്നു. വിബ്ജിയോര്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ സ്ഥാപക അംഗവും സജീവ പ്രവര്‍ത്തകയുമായിരുന്നു. സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തക എ.ഡി. ഗ്രേസിന്റെ മകളാണ്. സാമൂഹ്യപ്രവര്‍ത്തകന്‍ കെ.സി. സന്തോഷ് കുമാറാണ് ജീവിതപങ്കാളി. പിതാവ് അന്തരിച്ച എ.ടി. ജോസ്.
https://www.facebook.com/Malayalivartha