അമ്പമ്പട ശിവശങ്കരാ... സ്വര്‍ണക്കടത്തില്‍ പിടി കൊടുക്കാതെ മുങ്ങാനുള്ള തന്ത്രം ഉപദേശിച്ചത് എം. ശിവശങ്കറാണെന്ന സൂചന നല്‍കി സന്ദീപ് നായരുടെ മൊഴി; സ്വപ്നയും സന്ദീപും കൊച്ചിയില്‍ ഒളിവില്‍ കഴിയുമ്പോഴുള്ള ശിവശങ്കറിന്റെ ഫോണ്‍ വഴിത്തിരിവായി

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായകമായ വിവരങ്ങളാണ് പുറത്ത് വരുന്നത്. സ്വപ്നയും സന്ദീപ് നായരും ഒരീച്ച പോലും അറിയാതെ വിദഗ്ധമായി കേരളം വിടണമെങ്കില്‍ അതിന് പിന്നില്‍ ആരൊക്കെയോ ഉണ്ടെന്നാണ് എല്ലാവരും കരുതിയത്. അതിപ്പോള്‍ ഒന്നൊന്നായി പുറത്താകുകയാണ്. കീഴടങ്ങാന്‍ പദ്ധതിയിട്ടിരുന്ന സ്വപ്നയും സന്ദീപ് നായരും ആ ഉപദേശം കേട്ടതോടെ മുങ്ങിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. എന്നാല്‍ എന്‍ഐഎ വന്നതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. 24 മണിക്കൂറിനുള്ളില്‍ സ്വപ്നയേയും സന്ദീപിനേയും പൊക്കി. അതോടെയാണ് പൊറോട്ട് നാടകത്തിന്റെ ഉള്ളറകള്‍ ഒന്നൊന്നായി തുറന്നത്.
നയതന്ത്രപാഴ്‌സല്‍ സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട ശേഷം ബെംഗളൂരുവിലേക്ക് ഒളിച്ചു കടക്കാന്‍ മുഖ്യപ്രതി സ്വപ്ന സുരേഷിനു നിര്‍ദേശം നല്‍കിയതു സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറാണെന്ന സൂചന നല്‍കിയിരിക്കുകയാണ് കൂട്ടുപ്രതി സന്ദീപ് നായരുടെ മൊഴിയിലൂടെ. പാഴ്‌സലില്‍ കസ്റ്റംസ് സ്വര്‍ണം കണ്ടെത്തിയതോടെ മുങ്ങിയ സ്വപ്നയും സന്ദീപും കൊച്ചിയില്‍ ഒളിവില്‍ കഴിയുമ്പോഴാണു സന്ദീപിന്റെ ഫോണിലേക്കു ജൂലൈ 6നു ശിവശങ്കര്‍ വിളിച്ചത്. സ്വപ്നയ്ക്കു ഫോണ്‍ കൈമാറാന്‍ പറഞ്ഞ ശിവശങ്കര്‍, ദീര്‍ഘനേരം സ്വപ്നയുമായി സംസാരിച്ചു.
അതിനു ശേഷമാണു ബെംഗളൂരുവിലേക്കു പോകാമെന്നു സ്വപ്ന തന്നോടു നിര്‍ദേശിച്ചതെന്നു സന്ദീപ് പറഞ്ഞു. ബെംഗളൂരുവില്‍ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും ഒപ്പമുള്ള ഭര്‍ത്താവിനെയും മക്കളെയും കൂടെ കൊണ്ടുപോകാമെന്നും സ്വപ്ന പറഞ്ഞു.
അറസ്റ്റ് ഒഴിവാക്കാന്‍ പ്രതികള്‍ തിരുവനന്തപുരത്തു നിന്നും ബെംഗളൂരുവിലെത്തിയതിന്റെ വിശദാംശങ്ങള്‍ മജിസ്‌ട്രേട്ട് മുന്‍പാകെ സന്ദീപ് നല്‍കിയ രഹസ്യമൊഴിയിലുമുണ്ട്. മുദ്രവച്ച കവറില്‍ ഈ മൊഴികള്‍ എന്‍ഐഎ കോടതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാല്‍ കോടതിയില്‍ കീഴടങ്ങാനായിരുന്ന തീരുമാനം. എന്നാല്‍ ശിവശങ്കറുമായി ഫോണില്‍ സംസാരിച്ച ശേഷം സ്വപ്ന തീരുമാനം മാറ്റിയതായും സന്ദീപ് വെളിപ്പെടുത്തി.
ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനാന്തര യാത്രയ്ക്കു റജിസ്‌ട്രേഷനും പാസും ആവശ്യമായിരുന്ന സമയത്താണു സ്വപ്ന സംസ്ഥാനം വിട്ടത്. ഇതേസമയം, ഒളിവില്‍ കഴിയുമ്പോള്‍ സന്ദീപിന്റെ ഫോണിലേക്കു വിളിച്ചു ശിവശങ്കര്‍ തന്നോടു സംസാരിച്ചതായി സ്വപ്ന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതിന് പിന്നാലെയാണ് ശിവശങ്കറിന് ജാമ്യം നിഷേധിച്ചത് എന്നതും ശ്രദ്ധേയം.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത് സര്‍ക്കാരിനും ഇടതു പാളയത്തിനും തിരിച്ചടിയാകുമെന്നു സൂചന. ചൊവ്വാഴ്ച ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നെങ്കില്‍ അത് ഇടതു പാളയത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തെ തന്നെ വഴി തിരിച്ചു വിടുന്ന ഒന്നാകുമായിരുന്നു എന്നാണ് വിലയിരുത്തല്‍.
സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള കേന്ദ്രത്തിന്റെ ഗൂഡാലോചനയാണ് സ്വര്‍ണക്കടത്ത് കേസെന്നും എല്ലാം വസ്തുതാ രഹിതങ്ങളായ ആരോപണമാണെന്നുമുള്ള വാദങ്ങള്‍ക്ക് ജാമ്യം ബലം നല്‍കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ജാമ്യം നിഷേധിക്കപ്പെട്ടതോടെ വരും ദിവസങ്ങളില്‍ എതിര്‍ ചേരിയിലുള്ളവരുടെ ആരോപണങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുക സര്‍ക്കാരിനും ഇടതു മുന്നണിക്കും വെല്ലുവിളിയാകും. അതോടൊപ്പം വരും ദിവസങ്ങളിലെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലെ മറ്റുള്ളവരുടെ ചോദ്യം ചെയ്യലിലേക്കു കടക്കുമ്പോള്‍ തിരഞ്ഞെടുപ്പു ഗോദയിലും ഇത് ചൂടേറിയ ചര്‍ച്ചാവിഷയമാകും. എന്തായാലും ശിവശങ്കര്‍ ഉണ്ടാക്കിയ പൊല്ലാപ്പ് എല്ലാവര്‍ക്കും തലവേദനയായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha