കോളേജ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മര്‍ദിച്ചുവെന്ന് കേസ്

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശം അയച്ചുവെന്ന് ആരോപിച്ച് കോളേജ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മര്‍ദിച്ചു. കഴിഞ്ഞ മാസം 30ന് സോളദേവനഹള്ളിയില്‍ ആണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ് കേസെടുത്ത് കുറ്റവാളികളെ അറസ്റ്റ് ചെയ്തു. മര്‍ദനമേറ്റ വിദ്യാര്‍ത്ഥി കുശാലിന്റെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
മര്‍ദ്ദനത്തിനൊപ്പം ഭീഷണിപ്പെടുത്തുന്ന വീഡിയോ പകര്‍ത്തി പ്രതികള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സോളദേവനഹള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ആക്രമണത്തില്‍ ഉള്‍പ്പെട്ട എട്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കവര്‍ച്ച, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കുശാല്‍ ഒരു പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയച്ചതായും പെണ്‍കുട്ടി തന്റെ സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നുവെന്നാണ് വിവരം. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ കുശാലിനെ കാറില്‍ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് മര്‍ദിക്കുകയായിരുന്നു. വിവസ്ത്രനാക്കി മര്‍ദിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha