ഒരുത്തനേം വിശ്വസിക്കാന്‍മേല... ദേശീയ അന്വേഷണ ഏജന്‍സിക്കെതിരെ സമരം പ്രഖ്യാപച്ച സഖാക്കള്‍ക്ക് ഇന്ന് നിര്‍ണായകം; സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ് കണ്ടെത്തുന്ന വിവരങ്ങള്‍ രാഷ്ട്രീയ കോളിളക്കമുണ്ടാക്കാന്‍ സാധ്യത; ശിവശങ്കറിനെതിരെ എന്തെങ്കിലും കണ്ടെത്തിയാല്‍ സമരം പൊല്ലാപ്പാകും; ഇനി കണ്ടെത്തിയില്ലെങ്കിലോ അതിന് നല്‍കുന്നത് മറ്റൊരു വ്യാഖ്യാനവും

ദേശീയ അന്വേഷണ ഏജന്‍സിക്കെതിരെ സമരം പ്രഖ്യാപിച്ച സഖാക്കളെ സംബന്ധിച്ച് നിര്‍ണായക ദിവസമാണിന്ന്. സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സംസ്ഥാന വിജിലന്‍സ് ചോദ്യം ചെയ്യുന്ന ദിവസമാണിന്ന്. ചോദ്യം ചെയ്യലിനിടെ ഇഡി കണ്ടെത്തിയ പോലെ എന്തെങ്കിലും വിവരങ്ങള്‍ കിട്ടിയാല്‍ അത് ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത് സത്യമാകും. സംസ്ഥാന അന്വേഷണ ഏജന്‍സി കണ്ടെത്തിയതു പോലും സത്യമെന്ന് പ്രതിപക്ഷം വാദിക്കും. അതേസമയം രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ഇഡി പ്രേരിപ്പിച്ചു എന്ന സത്യവാങ്മൂലത്തിലെ വാക്കുകള്‍ ആവര്‍ത്തിച്ചാല്‍ സര്‍ക്കാരിന് ആശ്വാസമാകും. ചാനല്‍ ചര്‍ച്ചകള്‍ കൊഴുപ്പിക്കും. എന്നാല്‍ പ്രതിപക്ഷം അതിനെതിരെ ആഞ്ഞടിക്കും. സര്‍ക്കാരിനെ രക്ഷിക്കാനുള്ള ശ്രമമാണെന്ന് വ്യാഖ്യാനിക്കും. എന്തായാലും വിജിലന്‍സിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ കോളുതന്നെ.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്നലെ തള്ളിയതിന് പിന്നാലെയാണ് വിജിലന്‍സിന് ചോദ്യം ചെയ്യാനുള്ള അനുമതി ലഭിച്ചത്. അന്വേഷണം തുടരുകയാണെന്നു വിലയിരുത്തിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നടപടി. ഈ ഘട്ടത്തില്‍ ശിവശങ്കറിന്റെയോ ഇ.ഡിയുടെയോ വാദങ്ങളിലേക്കു കടക്കുന്നില്ലെന്നും അന്വേഷണ ഏജന്‍സിയുടെ രേഖകളിലെ പൊരുത്തക്കേടുകള്‍ വിലയിരുത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.
സ്വപ്‌നയുടെ ലോക്കറില്‍ എന്‍.ഐ.എ കണ്ടെത്തിയ പണം സ്വര്‍ണം കള്ളക്കടത്തില്‍നിന്നു ലഭിച്ച വരുമാനമാണെന്നാണ് ഇ.ഡി. നേരത്തേ പറഞ്ഞത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടു ലഭിച്ച കമ്മീഷനാണെന്നു പിന്നീടു പറഞ്ഞു. സ്വപ്‌ന സുരേഷിനെ കഴിഞ്ഞ പത്തിനു ജയിലില്‍ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരമാണ് ഇതെന്നു വിശദീകരിച്ചു. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍ കൈമാറിയതായും സ്വപ്‌ന സമ്മതിച്ചിട്ടുണ്ട്.
പിടികൂടിയ പണം ലൈഫ് മിഷനിലെ കൈക്കൂലിയാണോ സ്വര്‍ണക്കടത്തില്‍നിന്നു ലഭിച്ചതാണോയെന്നു കൂടുതല്‍ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ. ശിവശങ്കറിന് കേസിലുള്ള പങ്ക് എന്താണെങ്കിലും അത് അന്വേഷിക്കേണ്ടതുണ്ട്. കേസുമായി ബന്ധപ്പെട്ട് നേരത്തേ ഇ.ഡി നല്‍കിയ റിപ്പോര്‍ട്ടും പുതിയ റിപ്പോര്‍ട്ടും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടിയപ്പോള്‍, ആദ്യ റിപ്പോര്‍ട്ട് അന്തിമമല്ലെന്ന് ഇ.ഡിക്കു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണിക്കൃഷ്ണന്‍ ബോധിപ്പിച്ചു.
ശിവശങ്കറിനെ ജയിലില്‍ ചോദ്യം ചെയ്യാനാണ് വിജിലന്‍സിനു കോടതി അനുമതി നല്‍കിയത്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ചോദ്യം ചെയ്യാനാണ് അനുമതി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസിലും അഞ്ചാം പ്രതിയാണു ശിവശങ്കര്‍.
നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തുന്നതിനെപ്പറ്റി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് അറിയാമായിരുന്നെന്നു എന്നാണ് ഇഡി വാദിക്കുന്നത്. ഇതിനായി ഇഡി മുന്നോട്ടുവയ്ക്കുന്നത് 2019 ഏപ്രിലില്‍ സ്വപ്‌ന സുരേഷ് അദ്ദേഹത്തിനയച്ച വാട്ട്‌സ്ആപ്പ് സന്ദേശം. അതു നയതന്ത്ര ബാഗേജാണ്. എന്റെ ജോലി പോകും. വിഷയം വളരെ ഗുരുതരമാണ് എന്നായിരുന്നു സന്ദേശം. അന്നു യു.എ.ഇ. കോണ്‍സുലേറ്റിലേക്കായി എത്തിയ ബാഗേജ് നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിച്ചുവച്ചപ്പോഴാണു സ്വപ്‌ന പരിഭ്രാന്തയായി ശിവശങ്കറിനു സന്ദേശമയച്ചത്. അന്നത്തെ ബാഗേജില്‍ ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ജോലി പോകുമെന്നു സ്വപ്‌ന ആശങ്കപ്പെടുമായിരുന്നില്ലെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍. അതിനുള്ളില്‍ സ്വര്‍ണം ഉണ്ടായിരുന്നിരിക്കണം. ഇങ്ങനെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് വിജിലന്‍സിന്റെ വരവ്. മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ പലരേയും ചോദ്യം ചെയ്യാന്‍ ഇരിക്കുകയുമാണ്. അതിനാല്‍ തന്നെ വിജിലന്‍സിന്റെ വരവ് വെറും വരവാകില്ല.
https://www.facebook.com/Malayalivartha