'തെരഞ്ഞെടുപ്പും ശബരിമല തീർത്ഥാടനവും പ്രശ്നങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞാൽ നമുക്ക് കോവിഡ് നിയന്ത്രണത്തിന്റെ അവസാനഘട്ടത്തിലേക്ക് ആശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയും കടക്കാനാവുമെന്ന് ഉറപ്പായി പറയാൻ കഴിയും...' ഡോക്ടർ ഇക്‌ബാൽ ബാപ്പുകുഞ്ചു കുറിക്കുന്നു

കേരളത്തിൽ കോവിഡ് നിയന്ത്രണ വിധേയമായി വരികയാണ് എന്നാണ് നിലവിലെ കണക്കുകൾ മൂലം കാണുവാൻ സാധിക്കുന്നത്. ഒപ്പം രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. എന്നാൽ കേരളം അഭിമുഖീകരിക്കാൻ പോകുന്ന തെരഞ്ഞെടുപ്പും ശബരിമല തീർത്ഥാടനവും പ്രശ്നങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞാൽ നമുക്ക് കോവിഡ് നിയന്ത്രണത്തിന്റെ അവസാനഘട്ടത്തിലേക്ക് ആശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയും കടക്കാനാവുമെന്ന് ഉറപ്പായി പറയാൻ കഴിയുമെന്ന് വ്യക്തമാക്കുകയാണ് ഡോക്ടർ ഇക്‌ബാൽ ബാപ്പുകുഞ്ചു..
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;
കേരളത്തിൽ കോവിഡ് നിയന്ത്രണ വിധേയമായി വരികയാണ്. രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. ടെസ്റ്റിനു വിധേയരാവുന്നതിൽ രോഗമുള്ളവരുടെ ശതമാനം (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്) 15 ശതമാനത്തിലേറെയായിരുന്നത് 8 ശതമാനമായി കുറഞ്ഞിരിക്കയാണ്. രോഗം ഭേദമാകുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. മരണനിരക്ക് വളരെ കുറവായിത്തന്നെ തുടരുന്നുണ്ട്. ഈ പ്രവണത നിലനിർത്താൻ കഴിഞ്ഞാൽ ജനുവരി മാസത്തോടെ നമുക്ക് സ്കൂൾ-കോളേജ് പുന:രാംഭിക്കൽ തുടങ്ങിയ നടപടികൾ നിയന്ത്രിതമായിട്ടെങ്കിലും സ്വീകരിക്കാൻ കഴിയും.
കോവിഡ് നിയന്ത്രണത്തിൽ കേരളം കൈവരിച്ച് കൊണ്ടിരിക്കുന്ന നേട്ടങ്ങൾക്ക് കാരണം നമ്മുടെ സുശക്തമായ പൊതുജനാരോഗ്യ സംവിധാനവും ഊർജ്വസ്വലമായി പ്രവർത്തിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമാണ്. 2015 ൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് നവംബർ 11 മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥരുടെ ചുമതലയിലാണ്. കോവിഡ് നിയന്ത്രണത്തിന്റെ നിർണ്ണായക ഘട്ടത്തിൽ ജനകീയ നേതൃത്വം അവശ്യമാണെന്നത് കൊണ്ടാണ് കോവിഡ് കാലമാണെങ്കിലും പഞ്ചായത്ത് നഗരസഭാ തെരഞ്ഞെടുപ്പ് വൈകാതെ നടത്താൻ തീരുമാനിച്ചത്.
തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച് സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമായ പെരുമാറ്റ ചട്ടങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇവയിൽ നിണും ഒട്ടും വ്യതിചലിക്കാതെ പ്രധാനമായും ആൾക്കൂട്ട പ്രചാരണ രീതികൾ പൂർണ്ണമായും ഒഴിവാക്കാൻ എല്ലാവരും ശ്രമിക്കേണ്ടതാണ്. അസംബ്ലി-പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിന്നും വ്യത്യസ്ഥമായി സ്വന്തം പഞ്ചായത്തുകളിൽ/വാർഡുകളിൽ താമസിക്കുന്നവരാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അത്കൊണ്ട് വോട്ടർമാർക്ക് മിക്ക സ്ഥാനാർത്ഥികളെയും നേരിട്ടറിയാം. വിവിധ രാഷ്ടീയ മുന്നണികളുടെ തെരഞ്ഞെടുപ്പ് വാഗ്ധാനങ്ങളും പ്രകടന പത്രികയും തീർച്ചയായും വീടുകളിൽ രാഷ്ടീയ പ്രവർത്തകർ എത്തിക്കുന്നുമുണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളും ഇതേ രീതിയിലാണ് പ്രചാരണം നടത്തുന്നത്. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക് ഉചിതമായ തീരുമാനമെടുക്കാൻ ഇതെല്ലാം തന്നെ ധാരാളം മതിയാവും അത് കൊണ്ട് അസംബ്ലി-പാർലമെന്റ് തെരഞ്ഞെടുപ്പുമായി തട്ടിച്ച് നോക്കുമ്പോൾ വലിയ തോതിലുള്ള ആൾകൂട്ട പ്രചരണ പരിപാടികൾ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ അവശ്യമില്ലെന്ന് കാണാം.
ഇതെല്ലാം പരിഗണിച്ച കോവിഡ് മാനദണ്ഡങ്ങളും പെരുമാറ്റ ചട്ടങ്ങളും കർശനമായി പാലിക്കാൻ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിച്ചാൽ മറ്റ് പല പ്രദേശങ്ങളിലും സംഭവിച്ചത് പോലെ തെരഞ്ഞെടുപ്പുകൾ പോലുള്ള നടപടികൾക്ക് ശേഷമുള്ള രോഗ്യവ്യാപന വർധന ഒഴിവാക്കാൻ കഴിയും. ഇതേ സമയത്ത് നടക്കുന്ന ശബരിമല തീരുത്ഥാടനം വ്യാപന സാധ്യത പൂർണ്ണമായും ഒഴിവാക്കി ചിട്ടയായി നടത്താൻ ദേവസ്വം ബോർഡും ആരോഗ്യവകുപ്പും ജാഗ്രതയോടെ പ്രവർത്തിച്ച് വരികയാണ്. തെരഞ്ഞെടുപ്പും ശബരിമല തീർത്ഥാടനവും പ്രശ്നങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞാൽ നമുക്ക് കോവിഡ് നിയന്ത്രണത്തിന്റെ അവസാനഘട്ടത്തിലേക്ക് ആശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയും കടക്കാനാവുമെന്ന് ഉറപ്പായി പറയാൻ കഴിയും.
https://www.facebook.com/Malayalivartha