മലയോരത്തെ സാമൂഹിക സേവനത്തിന്റെയും സൗഹൃദങ്ങളുടേയും സൗമ്യ മുഖമായിരുന്ന ഗിരീഷിന്റെ വിയോഗത്തില്‍ ഞെട്ടലോടെ നാട്ടുകാര്‍

കണ്ണൂര്‍ കേളകം ഗ്രാമം വിഷാദത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു. ഇന്നലെ രാത്രി സംഘടനാപരമായ ചുമതലകള്‍ കൂടി പൂര്‍ത്തിയാക്കി വീട്ടിലേക്ക് പോകുംവഴി, മലയോരത്തെ സാമൂഹിക സേവനത്തിന്റെയും സൗഹൃദങ്ങളുടേയും സൗമ്യ മുഖമായിരുന്ന ഗിരീഷേട്ടന്‍ ജിവിതത്തോട് വിട പറഞ്ഞത് ഞെട്ടലോടെയാണ് നാട് കേട്ടത്.
ഗിരീഷേട്ടന്‍ എന്ന് നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഗിരീഷ് വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്ത് ശേഷം, ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നതായി സുഹൃത്തും വ്യാപാരിയുമായ വാളുവെട്ടിക്കല്‍ ജോര്‍ജുകുട്ടിയെ വിളിച്ചറിയിച്ചിരുന്നു. സുഹൃത്തുക്കള്‍ ഓടിയെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
ബിന്ദു ജ്വല്ലറി ഉടമ എന്നതിലുപരി സാമൂഹിക പ്രവര്‍ത്തനത്തിനായിരുന്നു ഗിരീഷ് പ്രാധാന്യം നല്‍കിയിരുന്നത്. പ്രശസ്തിക്കു വേണ്ടി പ്രവര്‍ത്തിക്കാത്ത ഒരാളായിരുന്നു അദ്ദേഹം.
ചേംബര്‍ ഓഫ് കേളകം പ്രസിഡന്റ്, നായര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന സമിതി അംഗം, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഒട്ടേറെ ട്രസ്റ്റുകളുടെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചിരുന്നു. മാതൃകാപരമായ സാമൂഹിക പ്രവര്‍ത്തനം നടത്തിയിരുന്ന വ്യാപാരി പ്രമുഖനെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് വ്യാപാരി സംഘടനകളും.
സംസ്‌കാരം വീട്ടുവളപ്പില്‍ ഇന്ന് 12-ന് നടത്തും. ഭാര്യ ബിന്ദു കേളകം പിഎച്ച്‌സിയില്‍ സ്റ്റാഫ് നഴ്‌സാണ്. മക്കള്‍: ശ്രീഹരി, ശ്രീരാജ്, ശ്രീരാഗ്. വള്ളിക്കുന്നേല്‍ രാമചന്ദ്രന്റെയും ലീലയുടെയും മകനാണ്. സഹോദരങ്ങള്‍ ബിജു, ജിഷ.
https://www.facebook.com/Malayalivartha