സൗഹൃദക്കൂട്ടായ്മ പാവങ്ങളെ സഹായിക്കാന്‍ സ്വരൂപിച്ച 2.20 ലക്ഷം രൂപ സൂക്ഷിച്ചിരുന്ന വീട്ടില്‍ നിന്നും മോഷണം പോയി, വീടു കുത്തിത്തുറക്കാതിരുന്നതിനാല്‍ വീട്ടുകാര്‍ സംശയനിഴലിലായി; യഥാര്‍ഥ മോഷ്ടാവിനെ എത്തിച്ച് പൊലീസ്

തൃശൂര്‍ ചിറക്കേക്കോട് ആനന്ദ് നഗറില്‍ മടിച്ചിംപാറ രവിയുടെ വീട്ടില്‍ കഴിഞ്ഞ 18- ന് മോഷണം നടന്നു. നാട്ടുകാര്‍ സൂക്ഷിക്കാനേല്‍പ്പിച്ച 2.20 ലക്ഷം രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. എന്നാല്‍ വീടു കുത്തിത്തുറക്കാതെ പണം നഷ്ടപ്പെട്ടതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിലൂടെ വീട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംശയ നിഴലിലായി. ഒടുവില്‍ യഥാര്‍ഥ മോഷ്ടാവിനെ പിടികൂടി നാട്ടുകാര്‍ക്കു മുന്നിലെത്തിച്ചു പൊലീസ് സത്യം ബോധ്യപ്പെടുത്തി. മനസ്സറിയാതെ നേരിടേണ്ടിവന്ന ആരോപണങ്ങളുടെ നിഴല്‍ നീങ്ങിയ ആശ്വാസത്തിലാണ് വീട്ടുകാര്‍. മോഷ്ടാവ് പീച്ചി പുളിക്കല്‍ സന്തോഷിനെ (കല്‍ക്കി 38) റിമാന്‍ഡ് ചെയ്തു.
ചിറക്കേക്കോട് സൗഹൃദക്കൂട്ടായ്മ എന്ന സംഘടന പാവങ്ങളെ സഹായിക്കാന്‍ സ്വരൂപിച്ച പണമാണ് രവിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. രവിയും കുടുംബവും വീടുപൂട്ടി പുറത്തുപോയ സമയത്തായിരുന്നു മോഷണം. വീടിന്റെ മുന്‍വശത്തെ തൂണിനു മുകളിലാണ് താക്കോല്‍ വച്ചിരുന്നത്. വീട്ടുകാര്‍ പോയ തക്കംനോക്കി താക്കോലെടുത്ത് ഉള്ളില്‍ക്കടന്ന മോഷ്ടാവ് 2.20 ലക്ഷം രൂപ അലമാരയില്‍ നിന്നു മോഷ്ടിച്ചു. വീടു കുത്തിത്തുറന്ന ലക്ഷണമില്ലാത്തതുകൊണ്ടു നാട്ടുകാരില്‍ ചിലര്‍ സംശയങ്ങള്‍ ഉയര്‍ത്തി.
ഉടമസ്ഥര്‍ വീടുപൂട്ടി പുറത്തു പോകുന്ന തക്കത്തിന് ജനാലപ്പടിയിലും ചെടിച്ചട്ടിയിലുമൊക്കെ പരതി താക്കോല്‍ കണ്ടെത്തി മോഷണം നടത്തുന്നതില്‍ വിദഗ്ധനായ സന്തോഷിനെ കേന്ദ്രീകരിച്ചായിരുന്നു നിഴല്‍ പൊലീസിന്റെ അന്വേഷണം. എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം സന്തോഷിനെ പിടികൂടി ചോദ്യംചെയ്തതോടെ സത്യം പുറത്തുവന്നു. സന്തോഷിനെയും കൂട്ടി രവിയുടെ വീട്ടിലെത്തിയ പൊലീസ് സംഘം നാട്ടുകാര്‍ക്കു മുന്നില്‍ വാസ്തവം അവതരിപ്പിച്ചതോടെയാണ് സംശയങ്ങള്‍ നീങ്ങിയത്. മാടക്കത്തറ, തൈക്കാട്ടുശേരി, കുറ്റുമുക്ക്, മരോട്ടിച്ചാല്‍, തളിക്കുളം തുടങ്ങിയ സ്ഥലങ്ങളില്‍ സന്തോഷ് സമാന രീതിയില്‍ മോഷണം നടത്തിയിരുന്നു.
മണ്ണുത്തി എസ്എച്ച്ഒ ശശിധരന്‍പിള്ള, എസ്‌ഐമാരായ കെ. പ്രദീപ് കുമാര്‍, കെ.കെ. സുരേഷ്, നിഴല്‍ പൊലീസ് എസ്‌ഐമാരായ ടി.ആര്‍. ഗ്ലാഡ്സ്റ്റണ്‍, രാജന്‍, എന്‍.ജി. സുവൃതകുമാര്‍, പി.എം. റാഫി, എഎസ്‌ഐമാരായ പി. രാഗേഷ്, കെ. ഗോപാലകൃഷ്ണന്‍, സിപിഒമാരായ ടി.വി. ജീവന്‍, പി.കെ. പഴനിസ്വാമി, കെ.ബി. വിബിന്‍ദാസ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്.
https://www.facebook.com/Malayalivartha