മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി. നോട്ടീസ് നല്‍കി

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി. നോട്ടീസ് നല്‍കി. സി.എം. രവീന്ദ്രന്‍ കോവിഡ് മുക്തനായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടതായി ഇ.ഡിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി. നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഇദ്ദേഹം . ഒരാളെ ചോദ്യം ചെയ്യലിന് വിളിച്ചെന്നു കരുതി അയാള്‍ കുറ്റവാളിയാകില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു.
കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു. അതിനിടയിലാണ് അന്ന് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ അദ്ദേഹം ഇ.ഡി.ക്ക് മുന്‍പില്‍ ഹാജരാകില്ല.
ഐടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് സി.എം. രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നത്. എം. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് തന്നെ വിളിച്ചിട്ടുള്ളത് രവീന്ദ്രനാണെന്ന് സ്വപ്നയുടെ മൊഴിയുണ്ട്. ഐടി വകുപ്പില്‍ അടക്കം നടത്തിയ ചില നിയമനങ്ങളില്‍ ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്കുണ്ടെന്ന മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കെ. ഫോണ്‍ അടക്കമുള്ള വന്‍കിട പദ്ധതികളില്‍ സി.എം. രവീന്ദ്രന്‍ അടക്കമുള്ളവര്‍ വഴിവിട്ട ഇടപാടുകള്‍ നടത്തി എന്ന മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് സി.എം. രവീന്ദ്രന് ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. അതെ സമയം കേന്ദ്ര ഏജൻസികളെ കുറ്റപ്പെടുത്തി വീണ്ടും സി പി എം രംഗത്ത് വന്നു .അന്വേഷണ ഏജന്‍സികള്‍ സത്യം കണ്ടെത്തുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യവുമായി മുന്നോട്ടുപോകുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുന്ന എ.വിജയരാഘവന്‍ പറഞ്ഞു . സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനരീതി നോക്കിയാല്‍ മുഖ്യമന്ത്രിയെത്തന്നെ കേസുകളില്‍ കുടുക്കാനാവുമോ എന്ന തരത്തിലുള്ള നീക്കമാണ് നടന്നതെന്ന് വ്യക്തമാണ്. അത് മനസിലാക്കിയാണ് പ്രതിരോധം ശക്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
കേസുകളില്‍ ശരിയായ അന്വേഷണം നടക്കണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിച്ചത്. വളഞ്ഞവഴി സ്വീകരിക്കാത്ത രാഷ്ട്രീയ നേതൃത്വ ശൈലിയാണ് മുഖ്യമന്ത്രിയുടേത്. ആ നിലയിലാണ് ഏത് അന്വേഷണ ഏജന്‍സിയേയും കേരളത്തിലേക്ക് സ്വാഗതം ചെയ്തത്. എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ സത്യം കണ്ടെത്തുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യവുമായി മുന്നോട്ടുപോയാല്‍ എതിര്‍ക്കേണ്ടിവരും.
അന്വേഷണ ഏജന്‍സികള്‍ തെറ്റായ രീതിയില്‍ മൊഴികളുണ്ടാക്കാന്‍ ശ്രമം നടത്തുന്നുവെന്ന് കോടതിതന്നെ വ്യക്തമാക്കി. ഏജന്‍സികള്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു എന്നകാര്യം വ്യക്തമാണെന്നും സ്വപ്‌നയുടെ പേരിലുള്ള ശബ്ദരേഖ പുറത്തുവന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അതിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. പുറത്തുവന്നത് സ്വപ്‌നയുടെ ശബ്ദരേഖ തന്നെയാണോ എന്നകാര്യം ബന്ധപ്പെട്ടവര്‍ പരിശോധിക്കട്ടെ. ആ വനിതയുടെ ഒരുപാട് പ്രസ്താവനകള്‍ നേരത്തെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അവ ആവര്‍ത്തിച്ചിരുന്നു. ആ ആധികാരികത തന്നെയാണ് പുറത്തുവന്ന ശബ്ദരേഖയ്ക്കും ഉള്ളത്.സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള അന്വേഷണ ഏജന്‍സികളുടെ ശ്രമങ്ങള്‍ പരിധി ലംഘിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിച്ച് അധികാരം പിടിക്കാന്‍ മികച്ച ആസൂത്രണമാണ് ബി.ജെ.പി. പ്രകടിപ്പിച്ചത്. ബി.ജെ.പി.യുടെ ഇത്തരത്തിലുള്ള ആസൂത്രണത്തിന്റെ ഇരകളാണ് വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍. എന്നാല്‍ കേരളത്തില്‍ എം.എല്‍.എ.മാരെ വിലയ്ക്കുവാങ്ങി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ കഴിയില്ല. അതുകൊണ്ടാണ് കേന്ദ്ര ഏജന്‍സികളെ ദുര്‍വിനിയോഗം ചെയ്തുകൊണ്ടുള്ള നീക്കം നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha