സൈബീരിയ, റഷ്യ, കസഖ്സ്ഥാന്‍ താണ്ടി ദേശാടനക്കിളികള്‍ കടലുണ്ടി തീരത്ത് എത്തിത്തുടങ്ങി

കടലുണ്ടിയിലെ പക്ഷിസങ്കേതത്തിലെ ചെളിത്തിട്ടയില്‍ തീറ്റ തേടി കൂട്ടം കൂടുകയാണ് കടലും മലകളും താണ്ടിയെത്തിയ വിരുന്നുകാര്‍. ദേശാടനപ്പക്ഷികളുടെ വരവു തുടങ്ങിയതോടെ ഇനി 3 മാസം കടലുണ്ടി തീരത്ത് പക്ഷികളുടെ ചിറകടിയൊച്ച നിറയും. ചെറിയ മണലൂതിപ്പക്ഷികള്‍ കൂട്ടമായി എത്തിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് കൗതുകമായി റെഡ് നോട്ട് പക്ഷികളും ഇവിടെയുണ്ട്.
കടലും പുഴയും ചേരുന്ന അഴിമുഖവും വേലിയിറക്ക സമയത്ത് രൂപപ്പെടുന്ന ചെളിത്തിട്ടയും പരന്നു കിടക്കുന്ന കണ്ടല്‍ക്കാടുകളുമാണ് പക്ഷികള്‍ക്കു കടലുണ്ടിയെ സ്വര്‍ഗതീരമാക്കുന്നത്. ചെറുമത്സ്യങ്ങള്‍, ചെമ്മീന്‍, ഒച്ച്, ഞണ്ട്, വിരകള്‍ തുടങ്ങിയ സമൃദ്ധമായ ഭക്ഷണവും അവയെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. സൈബീരിയ, റഷ്യ, കസഖ്സ്ഥാന്‍ മറ്റു മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണു ദേശാടനപ്പക്ഷികള്‍ പ്രധാനമായും എത്താറുള്ളത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ദേശാടനപ്പക്ഷികളുടെ എണ്ണത്തില്‍ വലിയ കുറവു വന്നിട്ടുണ്ടെന്നു പക്ഷി ഗവേഷകന്‍ ഡോ. അബ്ദുല്ല പാലേരി പറഞ്ഞു. ദേശാടകരായ വാള്‍ കൊക്കന്‍, കിഴക്കന്‍ നോട്ട്, പട്ടവാലന്‍ ഗോഡ്വിറ്റ്, ടെറക് മണലൂതി, തവിട്ടു തലയന്‍ കടല്‍ക്കാക്ക, ചെറിയ കടല്‍ക്കാക്ക, ചാര മണല്‍ക്കോഴി, ചോരക്കാലി, തെറ്റി കൊക്കന്‍, പൊന്‍മണല്‍ക്കോഴി, മംഗോളിയന്‍ മണല്‍ക്കോഴി, ഡണ്‍ലിന്‍, പച്ചക്കാലി, വരയന്‍ മണലൂതി തുടങ്ങിയ വിരുന്നുകാരെ പക്ഷിസങ്കേതത്തില്‍ കാണാം.
പക്ഷിസങ്കേതത്തോട് ചേര്‍ന്നുള്ള മത്സ്യബന്ധന ബോട്ടുകളുടെ സാന്നിധ്യം പക്ഷികളുടെ ആവാസ വ്യവസ്ഥയ്ക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ട്. കടലില്‍ നിന്നും പുഴയില്‍ നിന്നും ഒഴുകി എത്തുന്ന മാലിന്യം പക്ഷിസങ്കേതത്തില്‍ അടിയുന്നതും ആവാസവ്യവസ്ഥയില്‍ ഉണ്ടായ മാറ്റങ്ങളുമാണ് പക്ഷികളുടെ വരവ് കുറയാന്‍ കാരണം. ബോട്ടുകളില്‍ നിന്നൊഴുകി വെള്ളത്തില്‍ പരക്കുന്ന ഇന്ധനവും മറ്റും പക്ഷികളുടെ വരവിനും ഇരതേടലിനും ദോഷം ചെയ്യുന്നതായും നിരീക്ഷകര്‍ വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha