വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കഞ്ചാവ് കേസ് പ്രതി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയില്‍

വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കഞ്ചാവ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി കൊണ്ടോട്ടി കൊടികുത്തി പറമ്പ് മാങ്ങോട്ടിരി ബാവു എന്ന മുഹമ്മദ് ഷരീഫ് (27) കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ അറസ്റ്റിലായി.
318 കിലോഗ്രാം കഞ്ചാവ് ഓഗസ്റ്റ് 24-ന് ഉള്ളിച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കവേ് മലപ്പുറം പൊലീസ് പിടികൂടിയ കേസിലാണ് അറസ്റ്റ്. കേസില്‍ 12ാം പ്രതിയാണ് ഷരീഫ്. ആന്ധ്രയില്‍ നിന്നെത്തിച്ച കഞ്ചാവിനായി പണം മുടക്കിയതും രക്ഷപ്പെട്ട 3 പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാളുമാണ് മുഹമ്മദ് ഷരീഫെന്ന് കേസിന്റെ അന്വേഷണ ചുമതല വഹിക്കുന്ന മലപ്പുറം നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി പി.പി.ഷംസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍ കരീമിന് ലഭിച്ച രഹസ്യവിവരം നെടുമ്പാശേരി പൊലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും മലപ്പുറം പൊലീസിന് കൈമാറുകയുമായിരുന്നു. ഷരീഫ് മുന്‍പും ആന്ധ്രയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് വില്‍പന നടത്തിയതായും പൊലീസ് പറയുന്നു. അവിടെ കിലോഗ്രാമിന് 1500 രൂപ വരുന്ന കഞ്ചാവ് കേരളത്തില്‍ എത്തിച്ച് 50,000 രൂപയ്ക്കു വില്‍ക്കുമായിരുന്നെന്നും പറഞ്ഞു.
എസ്‌ഐ സംഗീത് പൂനത്തില്‍, ജില്ലാ ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുല്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ്, സിയാദ് കോട്ടാല എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
വാടകയ്‌ക്കെടുത്ത വാഹനം തിരിച്ചു ലഭിക്കാത്തതില്‍ ഉടമ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നുള്ള അന്വേഷണമാണ് അതേവാഹനത്തിലുള്ള കഞ്ചാവ് കടത്ത് പിടിക്കുന്നതിലേക്ക് നയിച്ചത്. ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവു പിടിത്ത കേസില്‍ മുഖ്യപ്രതിയായ ആന്ധ്ര സ്വദേശി പ്രകാശിനു വേണ്ടി അന്വേഷണം ശക്തമാക്കിയതായി പൊലീസ്. കഞ്ചാവ് കടത്തിന് സഹായം ചെയ്ത മറ്റു ചിലര്‍ക്കെതിരെയും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസില്‍ ഇതുവരെ 14 പേരാണ് അറസ്റ്റിലായത്. ഒരാഴ്ച മുന്‍പ് അറസ്റ്റിലായ 3 പേര്‍ റിമാന്‍ഡിലാണ്.
https://www.facebook.com/Malayalivartha