ആ വാഹനമേത്... സ്വപ്ന സുരേഷിന്റെ ഓഡിയോയുടെ സത്യമറിയാന്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി; ശബ്ദരേഖ റിക്കോര്‍ഡ് ചെയ്തത് വാഹനത്തിനുള്ളില്‍ വച്ചാണെന്ന് സംശയം; ഓഡിയോയില്‍ കേള്‍ക്കുന്ന മൂളല്‍ പുരുഷ ശബ്ദമാണെന്നും സ്ത്രീ ശബ്ദമാണെന്നും സംശയം; ഇഡി അന്വേഷണം കടുപ്പിക്കുന്നു

സ്വപ്നയുടെ ഓഡിയോ ഉണ്ടാക്കിയ പൊല്ലാപ്പിന് അറുതി വരുത്താന്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ആരംഭിച്ചെങ്കിലും എങ്ങുമെങ്ങും എത്താത്തതിനാലാണ് കേന്ദ്രത്തിന്റെ അന്വേഷണം സമാന്തരമായി പുരോഗമിക്കുന്നത്. ശബ്ദം പുറത്തുവിട്ട് ഇഡിയെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ അതില്‍ വ്യക്തത വരുത്തേണ്ടത് ഇഡിയുടെ ആവശ്യമാണ്.
അതിനിടെ സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശത്തില്‍ കേള്‍ക്കുന്ന മൂളല്‍ പുരുഷന്റേതോ സ്ത്രീയുടേതോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഈ ചോദ്യത്തിന് വ്യക്തത വരുത്താന്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ശാസ്ത്രീയ പരിശോധനയ്ക്ക് ഒരുങ്ങുകയാണ്. ശബ്ദസന്ദേശം പുറത്തുവന്ന ഘട്ടത്തില്‍ അതൊരു പുരുഷന്റെ മൂളലാണെന്നു സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍ ജയില്‍ ഡിഐജിക്കു സ്വപ്ന നല്‍കിയ മൊഴികളിലെ സൂചന മറിച്ചാണെന്നാണറിവ്.
കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വീണ്ടും സ്വപ്നയുടെ മൊഴിയെടുക്കും. കേന്ദ്ര ഏജന്‍സിക്കെതിരെ നല്‍കിയ മൊഴികളില്‍ സ്വപ്ന ഉറച്ചു നിന്നാല്‍ ശബ്ദസന്ദേശത്തിലെ മൂളലിന്റെ ഉടമയെ സാക്ഷിയാക്കി ആരോപണ വിധേയനായ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്നാണു പോലീസിനു ലഭിച്ച നിയമോപദേശം.
വാഹനത്തിനുള്ളില്‍ വച്ചാണു ശബ്ദസന്ദേശം റിക്കോര്‍ഡ് ചെയ്തതെന്നു സംശയമുണ്ട്. അറസ്റ്റിലായതിനു ശേഷം കോടതിയിലേക്കും തെളിവെടുപ്പിനായും വൈദ്യപരിശോധനയ്ക്കും വനിതാ പൊലീസിന്റെ അകമ്പടിയോടെ പൊലീസ് വാഹനത്തിലാണു സ്വപ്നയെ കൊണ്ടുപോയിട്ടുള്ളത്. ശബ്ദം സ്വപ്നയുടേതാണെന്നു സ്ഥിരീകരിച്ചാല്‍ ഒപ്പമുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളും. ക്രൈംബ്രാഞ്ചിനു പുറമേ കേന്ദ്ര ഏജന്‍സികളും സ്വപ്നയെ കസ്റ്റഡിയില്‍ വാങ്ങി മൊഴിയെടുക്കും.
അതേസമയം സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന ശബ്ദസന്ദേശം സംബന്ധിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്വപ്നയുടെ മൊഴിയെടുക്കാന്‍ ജയില്‍ വകുപ്പിന്റെ അനുമതി തേടി. ക്രൈംബ്രാഞ്ചിന്റെ കത്ത് സ്വപ്നയെ റിമാന്‍ഡ് െചയ്ത കോടതിയുടെ അനുമതിക്കായി ജയില്‍ വകുപ്പ് കൈമാറി. എന്‍ഐഎ കോടതി സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുമതി ന്‌ലകി. സ്വപ്ന കോഫെപോസ പ്രകാരമുള്ള തടവിലായതിനാല്‍ കസ്റ്റംസിന്റെയും അനുമതി വേണ്ടി വരും.
അതേസമയം ഈ ശബ്ദസന്ദേശം പുറത്തായതില്‍ അന്വേഷണം നടത്തണമോ എന്ന കാര്യത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കു നിയമോപദേശം ലഭിച്ചു. ശബ്ദരേഖ സ്വപ്നയുടേതാണെന്നു തെളിയുന്നെങ്കില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന നിയമോപദേശമാണു ലഭിച്ചതെന്നാണു സൂചന.
അതേസമയം ശിവശങ്കര്‍ കൂടുതല്‍ കുരുക്കിലാകുകയും ചെയ്തു. നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു പിടികൂടിയശേഷം കസ്റ്റംസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചിട്ടില്ലെന്ന എം. ശിവശങ്കറിന്റെ മൊഴികള്‍ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഖണ്ഡിച്ചതാണ് അദ്ദേഹത്തിന്റെ അറസ്റ്റിലേക്കു നീങ്ങാന്‍ കസ്റ്റംസിന് വഴിയൊരുക്കിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി ശിവശങ്കറെ അറസ്റ്റ് ചെയ്തശേഷം കഴിഞ്ഞ 18നു കസ്റ്റംസ് സ്വപ്നയെ അട്ടക്കുളങ്ങര ജയിലില്‍ ചോദ്യം ചെയ്തിരുന്നു. ജൂണ്‍ 30നു 14 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണം കസ്റ്റംസ് തടഞ്ഞുവച്ചപ്പോഴും വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ചില കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതായി സ്വപ്ന അന്നു മൊഴി നല്‍കി. ഇതാണ് ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യാന്‍ കാരണം. ഏതായാലും സ്വപ്നയുടെ ഓഡിയോയുടെ സത്യം കൂടി പുറത്ത് വരുന്നതോടെ കൂടുതല്‍ ഗൂഢാലോചന പുറത്ത് വരുന്നതാണ്.
https://www.facebook.com/Malayalivartha