ഓര്‍ത്ത് പഴയ ചെന്നൈ... 3 സംസ്ഥാനങ്ങളെ പേടിപ്പിച്ച് നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തമിഴ്‌നാട് തീരം തൊടും; ചുഴലിക്കാറ്റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ നാശം കമ്ടു തുടങ്ങി; കടലില്‍ പോയ ഒന്‍പത് മത്സ്യബന്ധനബോട്ടുകളെ കണ്ടെത്താനായില്ല; ആശങ്കയോടെ ജനങ്ങള്‍

2015ലെ ചെന്നൈ പ്രളയത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും മനസിലുണ്ട്. മനുഷ്യര്‍ കെട്ടിപ്പൊക്കിയ സാമ്പ്രാജ്യത്തില്‍ പ്രകൃതി വിളയാടിയ ആ കാഴ്ച സകലരേയും വേദനിപ്പിച്ചു. അന്നത്തെ ചെന്നൈ പ്രളയത്തെ ഓര്‍മ്മിപ്പിച്ച് നിവാര്‍ ചുഴലിക്കാറ്റ് എത്തുകയാണ്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര എന്നീ സംസ്ഥാനങ്ങളെ ബാധിക്കാനാണ് സാധ്യത.
നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തമിഴ്‌നാട് തീരം തൊടുമെന്നാണ് പറയുന്നത്.. മണിക്കൂറില്‍ 120 മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ അതീവ ജാഗ്രത തുടരുന്നു. ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.
നിവാര്‍ ചുഴലിക്കാറ്റിന് മുമ്പ് അതിന്റെ അലയൊലികള്‍ കണ്ടു തുടങ്ങി. കാരയ്ക്കലില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഒന്‍പത് ബോട്ടുകള്‍ ഇതുവരെ കണ്ടെത്താനാവാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് നേരത്തെ വിലക്കിയിരുന്നു. ചൊവ്വാഴ്ചയാണ് ഈ ബോട്ടുകള്‍ കടലിലേക്ക് പോയത്. കാരയ്ക്കലില്‍ നിന്നും പോയ 23 ബോട്ടുകളില്‍ ഈ ഒന്‍പതെണ്ണത്തെ മാത്രം ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ഒന്‍പത് ബോട്ടുകളിലായി അന്‍പതിലേറെ മത്സ്യത്തൊഴിലാളികളാണ് കടലിലേക്ക് പോയതെന്നാണ് വിവരം.
നിരവധി ട്രെയിന്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി. തമിഴ്‌നാട്ടില്‍ ഇന്ന് പൊതു അവധി നല്‍കിയിരിക്കുയാണ്. പുതുച്ചേരിയില്‍ നാളെ വരെ നിരോധനാജ്ഞയാണ്. തീര മേഖലകളില്‍ നിന്ന് പരമാവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന, നേവി, കോസ്റ്റ് ഗാര്‍ഡ് സേനാംഗങ്ങളേയും ദുരന്ത സാധ്യത മേഖലകളില്‍ വിന്യസിച്ചു. ആശങ്ക വേണ്ടെന്നും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
ചെന്നൈയില്‍ പൊട്ടിവീണ ലൈനില്‍ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു. വടക്കന്‍ തമിഴ്‌നാട്ടിലെ കടലോര ജില്ലകളില്‍ ക്യാമ്പുകള്‍ തുറന്നു. തീരമേഖലയില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. ഭക്ഷണവും കുടിവെള്ളവും ഉറപ്പ് വരുത്തിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയെ കൂടുതല്‍ അംഗങ്ങളെ തീരമേഖലയില്‍ വിന്യസിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ ജനം കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
ചെന്നൈയില്‍ നിന്നുള്ള സബ്ബര്‍ബന്‍ സര്‍വ്വീസുകള്‍ ഉള്‍പ്പടെ 24 ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ തല്‍ക്കാലത്തേക്ക് റദ്ദാക്കി. ചെന്നൈ ചെങ്കല്‍ പ്പേട്ട് ഉള്‍പ്പടെ ഏഴ് ജില്ലകളില്‍ പൊതുഗതാഗതം വ്യാഴാഴ്ച വരെ നിര്‍ത്തിവച്ചു. ചെന്നൈ തുറമുഖം അടച്ചിട്ടു. പുതുച്ചേരിയില്‍ രണ്ട് ദിവസത്തേക്ക് 144 പ്രഖ്യാപിച്ചു. തമിഴ്‌നാട് പുതുച്ചേരി ആന്ധ്രാ മുഖ്യമന്ത്രിമാരെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതി വിലയിരുത്തി. ആവശ്യമായ കേന്ദ്ര സഹായം ഉറപ്പ് നല്‍കി.
ചുഴലിക്കാറ്റിന് മുന്നോടിയായി തീരങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈ ഉള്‍പ്പടെ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ അടുത്ത 24 മണിക്കുറിനിടെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ 14 ടീമുകളെ തീരമേഖലയില്‍ വിന്യസിച്ചു. കാരയ്ക്കല്‍, മഹബാലിപുരം തീരത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അതേസമയം നിവാര്‍ കേരളത്തെ ബാധിക്കില്ലെന്നാണു വിലയിരുത്തല്‍. ഇന്നു വൈകീട്ടത്തോടെ ചെന്നൈ ഉള്‍പെടെയുള്ള വടക്കന്‍ തമിഴ്‌നാട്ടില്‍ വ്യാപക മഴപെയ്തു തുടങ്ങും. നിവാറിന്റെ വരവറിയിച്ചു ജാഫ്‌ന ഉള്‍പെടുന്ന വടക്കന്‍ ശ്രീലങ്കയില്‍ ഇന്നലെ മുതല്‍ മഴ തുടങ്ങി.
നിലവില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എങ്കിലും കാറ്റിന്റെ ലാഞ്ചനയും ചെറിയ മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും ചുഴലിക്കാറ്റിന്റെ രൂപീകരണവും വികാസവും സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha