കൈവിടുമ്പോള്‍... പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റും വിജിലന്‍സും കുരുക്ക് മുറുക്കുന്നു; ബിജു രമേശ് ഒരു കോടി നല്‍കിയതിനെ ചുറ്റിപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റ് വരുമ്പോള്‍ കണ്ടെത്തുന്നത് മറ്റൊന്നു കൂടി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ എന്‍ഫോഴ്‌സ്‌മെന്റും സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സും കുരുക്ക് മുറുക്കുന്നു. ബിജു രമേശ് ഒരു കോടി നല്‍കി എന്ന വെളിപ്പെടുത്തലിനെ കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം വരാന്‍ പോകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം ഒരു കോടിയെ കുറിച്ചല്ലെന്നും മറ്റൊരു പ്രധാന വിഷയത്തെ കുറിച്ചാണെന്നും അറിയുന്നു. എന്നാല്‍ അന്വേഷണ വിവരം അതീവ രഹസ്യമായാണ് സര്‍ക്കാര്‍ സൂക്ഷിക്കുന്നത്. രണ്ടോ മുന്നോ ദിവസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം എന്താണെന്ന് വ്യക്തമാകും എന്നാണ് അറിയുന്നത്.
അതേസമയം ബാര്‍ക്കോഴ കേസില്‍ തനിക്കെതിരെ മുന്‍പ് അന്വേഷണം നടന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അവകാശവാദം പൊളിഞ്ഞു. ബിജു രമേശ് നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവെന്നാണ് ചെന്നിത്തലയുടെ അവകാശവാദം. എന്നാല്‍ രഹസ്യമൊഴിയില്‍ ചെന്നിത്തലയുടെ പേരില്ലായിരുന്നുവെന്നാണ് വിവരം.
തിരുവനന്തപുരം കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ കെ.എം.മാണി, വി.എസ്. ശിവകുമാര്‍, കെ.ബാബു എന്നിവരുടെ പേര് ബിജു രമേശ് പറയുന്നുണ്ട്. ഇവര്‍ക്ക് പണം നല്‍കിയെന്നാണ് ബിജുരമേശിന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് അന്വേഷണം. രഹസ്യമൊഴിയില്‍ പേരില്ലാത്ത ചെന്നിത്തലക്കെതിരെ അന്ന് അന്വേഷണം നടന്നിട്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വിജിലന്‍സ് അന്വേഷണം അന്ന് നടന്നെങ്കിലും ശിവകുമാറിനെയും ബാബുവിനെയും അന്നത്തെ സര്‍ക്കാര്‍ രക്ഷിച്ചു.
ചെന്നിത്തലയുടെ പേര് ബോധപൂര്‍വ്വം ഒഴിവാക്കിയെന്ന് ബിജു രമേശ് പറയുകയും ചെയ്തിരുന്നു. ചെന്നിത്തലയും ഭാര്യയും തന്നെ ഫോണില്‍ വിളിച്ച് സ്വാധീനിച്ചുവെന്നാണ് ബിജു രമേശ് കഴിഞ്ഞ ദിവസം പറഞ്ഞത്.
ബിജു രമേശിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടു ദിവസം മുമ്പ് ചെന്നിത്തലക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സിന് അനുമതി നല്‍കിയിരുന്നു. കാബിനറ്റ് റാങ്കുള്ളതിനാല്‍ ചെന്നിത്തലക്കെതിരായ അന്വേഷണത്തിന് ഗവര്‍ണറെ സമീപിച്ചിരിക്കുകയാണ് നിലവില്‍ വിജിലന്‍സ്.
എന്നാല്‍ തനിക്കെതിരെ നേരത്തെ അന്വേഷണം നടത്തി അവസാനിപ്പിച്ചതാണെന്നും പുതിയ അന്വേഷണത്തിന് അനുമതി നല്‍കരുതെന്നും ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ബിജെപിയുടെ തമിഴ്‌നാടിലെ ഘടക കക്ഷിയായ എ ഐ ഡി എം കെയുടെ കേരളത്തിലെ നേതാവായിരുന്നു ബിജു രമേശ്. ബി ജെ പിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിജു രമേശിന്റെ അരോപണങ്ങള്‍ തികച്ചും ഗൗരവമായാണ് എടുത്തിരിക്കുന്നത്. ഒരു കോടി രൂപ ചെന്നിത്തലക്ക് നല്‍കിയെന്നാണ് ബിജു ആരോപിച്ചത്. അന്നു ചെന്നിത്തല കേരളത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. ആരോപണം അന്വേഷിച്ച് തെളിവ് കിട്ടിയാല്‍ ബിജെപിക്ക് അത് പാല്‍പ്പായസം കുടിച്ച അനുഭൂതിയുണ്ടാക്കും. കാരണം കോണ്‍ഗ്രസിനെ പിടിക്കാന്‍ ഇതിലും വലിയ ഒരു അവസരം കിട്ടുമെന്ന് ബി ജെ പി കരുതുന്നില്ല.
ബി ജെ പിയുടെ നീക്കങ്ങള്‍ സുവ്യക്തമാണ്. ചെന്നിത്തലക്ക് ഒപ്പം ബാബുവിനെയും ശിവകുമാറിനെയും എന്‍ഫോഴ്‌സ്‌മെന്റിന് ലഭിക്കും എന്ന പ്രത്യേകതയുമുണ്ട്. എഴുതിയ തിരക്കഥ പോലെ നടന്നാല്‍ ഒന്നെടുത്താല്‍ രണ്ട് ഫ്രീ എന്ന അവസ്ഥ വന്നു ചേരും.
ചെന്നിത്തല കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളില്‍ ഒരാളാണ്. അദ്ദേഹത്തെ കേസില്‍ പ്രതിയാക്കിയാല്‍ ബിജെപിക്ക് ദേശീയ തലത്തില്‍ വലിയ നേട്ടമായി തീരും. കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റ് കേസില്‍ പ്രതിയായെന്ന് പ്രചരിപ്പിക്കാനും കഴിയും. സി പി എമ്മിനെ സംബന്ധിച്ചടത്തോളം പിണറായിയുടെ കണ്ണിലെ കരടാണ് ചെന്നിത്തല. തന്നെയും തന്റെ സര്‍ക്കാരിനെയും ചെന്നിത്തലയോളം പ്രതിസന്ധിയിലാക്കിയവര്‍ അധികമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിനു പകരം വീട്ടാന്‍ കാത്തിരിക്കുകയാണ് പിണറായി വിജയന്‍. ചെന്നിത്തലയോട് ആദ്യം സമവായത്തിന്റെ പാത സ്വീകരിച്ച പിണറായി ഇപ്പോള്‍ ചെന്നിത്തലക്കെതിരെ ആഞ്ഞടിക്കുകയാണ്. എന്നാല്‍ തന്നെ നോവിക്കാത്ത ഉമ്മന്‍ ചാണ്ടിയെ യാതൊരു തരത്തിലും ഉപദ്രവിക്കാതിരിക്കാന്‍ പിണറായി ശ്രദ്ധിക്കുന്നുണ്ട്.
വരും ദിവസങ്ങള്‍ നിര്‍ണായകമാണ്. കുരുക്ക് മുറുകിയാല്‍ ചെന്നിത്തലക്ക് നഷ്ടമാവുക മുഖ്യമന്ത്രി കസേരയായിരിക്കും.
https://www.facebook.com/Malayalivartha