പത്ത് ദിവസം ഞങ്ങൾക്ക് വേണം.. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയതിനെക്കുറിച്ച്, ശിവശങ്കറിന് അറിവുണ്ടായിരുന്നു; കള്ളക്കടത്തിന് അദ്ദേഹം എല്ലാ ഒത്താശയും ചെയ്തിരുന്നുന്നെന്ന് സ്വപ്നയുടെ മൊഴി നിർണായകം; ശിവശങ്കറെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കസ്റ്റംസ് നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും...

സ്വര്‍ണ്ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്‍റെ ഹര്‍ജി ഇന്ന് അഡീഷണല്‍ സിജെഎം കോടതി പരിഗണിക്കും. ശിവശങ്കറിനെ പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയതിനെക്കുറിച്ച്, ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും കള്ളക്കടത്തിന് അദ്ദേഹം എല്ലാ ഒത്താശയും ചെയ്തിരുന്നുവെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്വപ്ന, സരിത് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില് നല്‍കിയ ഹർജിയും ഇന്നാണ് പരിഗണിക്കുന്നത്.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ഇഡിക്ക് പിന്നാലെയാണ് രണ്ടാമതൊരു അന്വേഷണ ഏജൻസി കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം കസ്റ്റംസ് സൂപ്രണ്ട് വി. വിവേകിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കാക്കനാട്ടെ ജില്ലാ ജയിലിലെത്തി ശിവശങ്കറുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ശിവശങ്കറിനെ കസ്‌ററഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് നേരത്തേ കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.
അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ സ്വര്‍ണക്കടത്തുമായി ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും കസ്റ്റംസിന് കിട്ടിയിരുന്നില്ല. എന്നാല്‍ സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് കൃത്യമായി അറിയാമായിരുന്നെന്ന് ആദ്യം അറസ്റ്റ് ചെയ്ത ഇ.ഡി. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ മാസം 16ന് ശിവശങ്കറിനെയും 18ന് സ്വപ്ന സുരേഷിനെയും ജയിലിലെത്തി കസ്റ്റംസ് ചോദ്യം ചെയ്തു. ഈ മൊഴികളില്‍നിന്ന് ലഭിച്ച നിര്‍ണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്‍റെ ഇപ്പോഴത്തെ അറസ്റ്റ്.
എന്നാൽ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിന് നേരിട്ട് പങ്കാളിത്തം ഉണ്ടായിരുന്നു അത് തെളിയിക്കുന്നതിനുളള തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ എന്ത് തെളിവാണ് എന്നറിയിച്ചിട്ടില്ല. നേരത്തേ കേസുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം കസ്റ്റംസ് നടത്തിയിരുന്നു. അന്ന് ഒന്നും ലഭിക്കാത്ത പുതിയ തെളിവ് ലഭിച്ചു എന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
നേരത്തേ ഇ.ഡി. സ്വപ്‌ന സുരേഷിനെ തിരുവനന്തപുരത്തെ ജയിലില്‍ ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ പങ്കാളിത്തം സംബന്ധിച്ച് മൊഴി നല്കിയെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എം.ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലെ അദ്ദേഹത്തിന്റെ ടീമിനും അറിവുണ്ടായിരുന്നുവെന്നായിരുന്നു സ്വപ്‌നയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്‌നയെയും ശിവശങ്കറിനെയും വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിലാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. കേസില്‍ പ്രതിചേര്‍ത്ത് ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇനി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നത് അടക്കമുളള നടപടിക്രമങ്ങളിലേക്കാണ് പോകാനുളളത്.
https://www.facebook.com/Malayalivartha