രഹ്ന ഫാത്തിമ മാധ്യമങ്ങളില്‍കൂടി അഭിപ്രായം പറയുന്നത് ഹൈക്കോടതി വിലക്കി

സമൂഹമാധ്യമങ്ങളിലെ കുക്കറി ഷോയിലൂടെ മതവികാരം വ്രണപ്പെടുത്തി ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നു എന്നു കാട്ടിയുള്ള പരാതിയെ തുടര്‍ന്ന് രഹ്ന ഫാത്തിമ മാധ്യമങ്ങളില്‍കൂടി അഭിപ്രായം പറയുന്നത് ഹൈക്കോടതി വിലക്കി.
മുന്‍ ബി.എസ്.എന്‍.എല്‍. ജീവനക്കാരിയും ആക്ടിവിസ്റ്റുമായ രഹ്ന മതവികാരം വ്രണപ്പെടുത്തി എന്നുള്ള 2018-ലെ കേസില്‍ നടപടി നേരിടുകയാണ്. ഈ കേസിന്റെ വിചാരണ നടപടികള്‍ കഴിയുന്നതുവരെയാണ് രഹ്നയ്ക്ക് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. സാമൂഹികമാധ്യമത്തില്‍ കുക്കറി വീഡിയോ പോസ്റ്റ് ചെയ്ത് മത സ്പര്‍ദ്ധയുണ്ടാക്കാനാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. ആവശ്യമെങ്കില്‍ ഈ വീഡിയോ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു.
ഇപ്പോള്‍ത്തന്നെ ജാമ്യം റദ്ദാക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കിലും ഒരവസരംകൂടി നല്‍കുകയാണെന്ന് ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കി. കേസിന്റെ വിചാരണ തീരുന്നതുവരെ നേരിട്ടോ അല്ലാതെയോ മറ്റൊരാള്‍ വഴിയോ അഭിപ്രായങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ വഴിയോ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയോ പ്രസിദ്ധപ്പെടുത്തുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്ന് രഹ്നയോട് കോടതി നിര്‍ദേശിച്ചു.
ജോലി നഷ്ടപ്പെട്ടതും രണ്ടു കേസുകളില്‍ അറസ്റ്റിലായതും അവരുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാക്കിയിട്ടില്ലെന്നും ഇനിയെങ്കിലും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കുമെന്ന് കരുതുന്നുവെന്നും കോടതി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടാകരുതെന്ന് തിരിച്ചറിയുമെന്നാണ് പ്രതീക്ഷയെന്നും കോടതി അഭിപ്രായപ്പെട്ടു.
അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയില്‍ രണ്ടു ദിവസം പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവണമെന്നും ഒപ്പിടാനും രഹ്നയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനു ശേഷമുള്ള മൂന്നു മാസം ആഴ്ചയില്‍ ഓരോ ദിവസവും ഹാജരാകണം.
https://www.facebook.com/Malayalivartha