അമ്പരപ്പോടെ സഖാക്കള്‍... സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ചു വന്ന എന്‍ഐഎയെപ്പറ്റി കുറേ നാള്‍ വാര്‍ത്തയില്ലായിരുന്നു; ഇഡിയും കസ്റ്റംസും കളം നിറഞ്ഞപ്പോള്‍ പതുങ്ങിയ എന്‍ഐഎ സടകുടഞ്ഞെണീറ്റു; നാടുകടത്തപ്പെട്ട റബിന്‍സില്‍ നിന്നും വിവിഐപികളുടെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെ കടുത്ത നടപടികളിലേക്ക്

കേരളത്തില്‍ സ്വര്‍ണക്കടത്ത് വിവാദമായപ്പോള്‍ കസ്റ്റംസിന് പിന്നാലെ ആദ്യം ശക്തമായി ഇടപെട്ടത് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയാണ്. സ്വപ്നയേയും സന്ദീപിനേയും 24 മണിക്കൂറിനകം ബെംഗളരുവില്‍ നിന്നും പൊക്കി കേരളത്തിലെത്തിച്ച് വലിയ നീക്കം നടത്തി. എന്നാല്‍ ആദ്യഘട്ടത്തില്‍ വലിയ അന്വേഷണം നടത്തിയ എന്‍ഐഎ പിന്നീട് തണുത്തുപോയി. ഇഡിയും കസ്റ്റംസും കളം നിറഞ്ഞപ്പോള്‍ ഫൈസല്‍ ഫരീദിനെ കിട്ടാത്തതിനാല്‍ എന്‍ഐഎ അന്വേഷണം നിലച്ചു എന്നു പോലും വാര്‍ത്ത വന്നു. എന്നാല്‍ എന്‍ഐഎ ഇപ്പോള്‍ സടകുടഞ്ഞെണീറ്റിരിക്കുകയാണ്.
സ്വര്‍ണക്കടത്തു എന്‍.ഐ.എയുടെ അന്വേഷണം രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖരിലേക്ക് നീങ്ങുകയാണ്. യു.എ.ഇയില്‍നിന്നു നാടുകടത്തിക്കിട്ടിയ റബിന്‍സ് ഹമീദില്‍നിന്ന് ഉന്നതരായ പലരെക്കുറിച്ചും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണു സൂചന. നടപടി വൈകരുതെന്നാണ് എന്‍.ഐ.എ. ആസ്ഥാനത്തുനിന്നുള്ള നിര്‍ദേശം.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ ഉള്‍പ്പെടെ സംശയനിഴലിലുള്ള പ്രമുഖര്‍ക്കെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകും. സ്വര്‍ണക്കടത്തില്‍ യു.എ.പി.എ. നിലനില്‍ക്കുമോയെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു പണം ഉപയോഗിച്ചതിനു തെളിവുണ്ടോയെന്നും കോടതി സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ കേസ് ദുര്‍ബലപ്പെട്ടേക്കുമെന്ന ഘട്ടത്തിലാണ് എന്‍.ഐ.എ. ആസ്ഥാനം ഇടപെട്ടത്.
എന്‍.ഐ.എ. കോടതി പത്തു പ്രതികള്‍ക്കു ജാമ്യം അനുവദിച്ചതിനെതിരേ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും. ഡല്‍ഹിയില്‍നിന്നു വീഡിയോ കോണ്‍ഫറന്‍സിലൂടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സൂര്യപ്രകാശ് വി. രാജുവാണു ഹാജരാകുന്നത്. പ്രതികള്‍ക്കു യാതൊരു കാരണവശാലും ജാമ്യം നല്‍കരുതെന്ന് എന്‍.ഐ.എ. ആവശ്യപ്പെടും. വലിയ സ്വാധീനശേഷിയുള്ള പ്രതികള്‍ക്കു ജാമ്യം കിട്ടുന്നത് തെളിവു നശിപ്പിക്കപ്പെടാന്‍ ഇടയാക്കുമെന്നു ചൂണ്ടിക്കാട്ടും.
എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ തുടക്കത്തില്‍ത്തന്നെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനു ജാമ്യം ലഭിച്ചതു തിരിച്ചടിയായതിനെത്തുടര്‍ന്നാണു സൂര്യപ്രകാശ് വി. രാജുവിനെ നിയോഗിച്ചത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷകളിലും ശക്തമായ വാദമാണ് അദ്ദേഹം ഉയര്‍ത്തിയത്. എന്‍ഫോഴ്‌സ്‌മെന്റിനുവേണ്ടി ഹാജരാകുന്നതും ഇദ്ദേഹമാണ്. ഈ പരിചയം എന്‍.ഐ.എയ്ക്കും വേണ്ടി ഉപയോഗപ്പെടുത്താനാണു നീക്കം.
വലിയതോതില്‍ സ്വര്‍ണക്കടത്ത് നടക്കുന്നതു സംബന്ധിച്ചു സെന്‍ട്രല്‍ ഇക്കണോമിക്‌സ് ഇന്റലിജന്‍സ് ബ്യൂറോ കഴിഞ്ഞവര്‍ഷം എന്‍.ഐ.എയെ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചേക്കാമെന്നു ചൂണ്ടിക്കാട്ടിയിരുന്നു. പണം എങ്ങോട്ടുപോകുന്നു, എന്തിനായി ഉപയോഗിക്കുന്നു എന്നിങ്ങനെയെല്ലാം വിശദമായി അന്വേഷിക്കാനാണ് എന്‍.ഐ.എ. തീരുമാനം.
അതേസമയം കേന്ദ്ര അന്വേഷണ ഏജന്‍സികളുമായുള്ള ഏറ്റുമുട്ടലില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്മാറുന്നു എന്ന വാര്‍ത്തയും വരുന്നുണ്ട്. ലൈഫ് മിഷന്‍, കെ ഫോണ്‍, ഇമൊബിലിറ്റി, ടോറസ് ഡൗണ്‍ടൗണ്‍, സ്മാര്‍ട്ട്‌സിറ്റി വികസന പദ്ധതികളുടെ രേഖകള്‍ കൈമാറാന്‍ തയാറാണെന്നു ചീഫ് സെക്രട്ടറി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ രേഖാമൂലം അറിയിച്ചു. അതിനു സാവകാശം ചോദിച്ചിട്ടുണ്ട്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട ഇ.ഡി. അധികാരപരിധി മറികടക്കുന്നെന്നു കുറ്റപ്പെടുത്തിയ സി.പി.എം. പ്രത്യക്ഷ സമരത്തിനു തയാറെടുക്കുന്നതിനിടെയാണു സര്‍ക്കാര്‍ വഴങ്ങുന്നത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും ഇതിനു കാരണമായെന്നാണു സൂചന. അതിന് പിന്നാലെയാണ് എന്‍ഐഎയുടെ പുതിയ നീക്കം.
"
https://www.facebook.com/Malayalivartha