ആളൂരിന്റെ അപേക്ഷ... കൂടത്തായി കൊലപാതക പരമ്പര കേസില്‍ ട്വിസ്റ്റുണ്ടാക്കി അഭിഭാഷകന്‍ ആളൂര്‍; 30 ലക്ഷത്തോളം രൂപ കിട്ടാനുണ്ടെന്ന് വിചിത്ര അപേക്ഷ; തടവിലായതുകൊണ്ട് പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല; കോടതി ഇടപെടണം

പ്രമാദമായ കേസുകളില്‍ എന്നും ട്വിസ്റ്റുണ്ടാക്കുന്ന വക്കീലാണ് അഡ്വ. ബി.എ. ആളൂര്‍. ഇപ്പോള്‍ കൂടത്തായി കൊലപാതക പരമ്പര കേസില്‍ വിചിത്ര അപേക്ഷയുമായാണ് ജോളിയുടെ അഭിഭാഷകന്‍ അഡ്വ.ബി.എ.ആളൂര്‍ രംഗത്തെത്തിയിരിക്കുന്നത്. ജോളി ജയിലില്‍ ആയതിനാല്‍ അവര്‍ക്കായി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആളൂര്‍ കോടതിയില്‍ അപേക്ഷ നല്‍കി. വിവിധയാളുകളില്‍ നിന്നായി ജോളിക്ക് മുപ്പത് ലക്ഷത്തോളം രൂപ കിട്ടാനുണ്ടെന്നും ആളൂര്‍ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു.
കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ വാദം നടക്കുന്നതിനിടെയാണ് ആളൂര്‍ വിചിത്രമായ അപേക്ഷ നല്‍കിയത്. കടം നല്‍കിയതും റിയല്‍ എസ്‌റ്റേറ്റ് ഇടപാടു നടത്തിയതും ഉള്‍പ്പെടെ 30 ലക്ഷത്തോളം രൂപ ജോളിക്ക് കിട്ടാനുണ്ട്. തടവിലായതുകൊണ്ട് പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. അതിനാല്‍ അവരുടെ സാമ്പത്തിക ഇടപാടുകള്‍ ഏറ്റെടുത്ത് നടത്താന്‍ അഭിഭാഷകന് അനുവാദം നല്‍കണമെന്നാണ് ആളൂരിന്റെ ആവശ്യം.
ജോളിയുടെ സാമ്പത്തിക കാര്യങ്ങളിലുള്ള ആളൂരിന്റെ ഇടപെടലിനെ പ്രോസിക്യൂഷനും പൊലീസും പ്രാധാന്യത്തോടെയാണ് നോക്കി കാണുന്നത്. ജോളി കൊലപാതകങ്ങള്‍ നടത്തിയത് സാമ്പത്തിക നേട്ടത്തിനായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ജോളിക്ക് 30 ലക്ഷം രൂപയോളം പലരില്‍ നിന്നുമായി കിട്ടാനുണ്ടെന്ന അഭിഭാഷകന്‍ ആളൂരിന്റെ വെളിപ്പെടുത്തല്‍ പൊലീസിന്റെ നേരത്തെയുള്ള കണ്ടെത്തലുകള്‍ക്ക് ബലം നല്‍കുന്നതാണ്. ജയിലിന് പുറത്ത് ആളൂരുമായി സംസാരിക്കാന്‍ അനുവാദം നല്‍കണമെന്ന് ജോളി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടത്തായി കൂട്ടക്കൊല കേസിലെ ആറ് കേസുകളുടേയും വിചാരണ അടുത്തമാസം 18ലേക്ക് കോടതി മാറ്റി വച്ചിരിക്കുകയാണ്.
കേരളത്തിലെ പ്രമാദമായ നിരവധി കേസുകള്‍ ഏറ്റെടുത്തതോടെയാണ് ആളൂര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. തൃശൂര്‍ എരുമപ്പെട്ടി സ്വദേശി ബിജു ആന്റണി ആളൂര്‍ എന്ന അഡ്വ. ബി.എ ആളൂര്‍ മുംബൈ കേന്ദ്രമായാണ് പ്രാക്ടീസ് ചെയ്യുന്നത്. ഇതിനിടയ്ക്ക് 1998 മുതല്‍ 2002 വരെ തൃശ്ശൂര്‍ വടക്കാഞ്ചേരി കോടതിയില്‍ സിവില്‍, ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്തിരുന്നു. 2002 മുതല്‍ വീണ്ടും മുംബൈയിലേക്ക് മടങ്ങി.
2011 തീവണ്ടി യാത്രയ്ക്കിടെ അക്രമത്തിനും ബലാത്സംഗത്തിനും ഇരയായി കൊല്ലപ്പെട്ട സൗമ്യ കേസിലെ പ്രതി ഗോവിന്ദ ചാമിക്ക് വേണ്ടിയാണ് ആളൂര്‍ ആദ്യം ഏറ്റെടുത്തത്. മുംബൈ പന്‍വേല്‍ ഭാഗത്തുനിന്നാണ് കേസ് ഏല്‍പ്പിച്ചത്. പിന്നെ വിചാരണക്കോടതി, ഹൈക്കോടതി, സുപ്രീംകോടതി. എല്ലായിടത്തും ഗോവിന്ദച്ചാമിക്കുവേണ്ടി ആളൂരും അദ്ദേഹത്തിന്റെ അഞ്ചംഗ അഭിഭാഷക സംഘവും ഹാജരായി.
വെറും യാചകനായ ഗോവിന്ദച്ചാമിക്ക് മുംബൈയില്‍ നിന്ന് വന്‍ തുക പ്രതിഫലം വാങ്ങുന്ന പ്രഗത്ഭ അഭിഭാഷകനെ ലഭിച്ചു, അതെങ്ങനെ തുടങ്ങിയ റിപ്പോര്‍ട്ടുകളും ചോദ്യങ്ങളുമാണ് സൗമ്യ കേസിന്റെ തുടക്കം മുതല്‍ ഉയര്‍ന്നു വന്നത്.
ഈ കേസ് കൂടാതെ കേരളത്തിലുള്‍പ്പെടെ രാജ്യവ്യാപകമായി കവര്‍ച്ച നടത്തിയ ബണ്ടി ചോര്‍ എന്ന കുറ്റവാളിക്കുവേണ്ടി ആളൂര്‍ ഹാജരായിട്ടുണ്ട്. ജിഷ വധക്കേസിലും അധോലോക നേതാവ് ഛോട്ടാരാജന്റെ കേസിലും ഹാജരാവാന്‍ തയ്യാറായെങ്കിലും അത് നടില്ല. അതിന് പിന്നാലെയാണ് കൂടത്തായി കേസ് വന്നത്. ബ്ലാക്ക് ക്യാറ്റുമായി അഡ്വ. ആളൂരും സംഘവും വാദിക്കാനെത്തിയത് വലിയ വാര്‍ത്തയായിരുന്നു. അതിന് പിന്നാലെയാണ് 30 ലക്ഷം കിട്ടാനുണ്ടെന്ന ആവശ്യവുമായെത്തുന്നത്.
https://www.facebook.com/Malayalivartha