സർക്കാർ രംഗത്തിറങ്ങി! യു.ഡി.എഫ് നേതാക്കൾ സ്വാഹാ... പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർക്കെതിരെ ബാർ കോഴക്കേസ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കം 14 പേർക്കെതിരെ സോളാർ വിവാദ നായികയുടെ പീഡനക്കേസ്, പ്രളയ പുനർനിർമ്മാണ പദ്ധതിയായ പുനർജനിക്കായി അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് വി.ഡി.സതീശൻ... കൂട്ടത്തോടെ അന്വേഷണം മുറുക്കി സർക്കാർ

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. അടുത്ത മാസം 8 ,10 ,14 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രചാരണം ശക്തമാക്കിയിട്ടുമുണ്ട്. എന്നാലിപ്പോഴിതാ യു.ഡി.എഫിലെ പ്രമുഖരെ വിവിധ കേസുകളിൽ പൂട്ടാനൊരുങ്ങിയിരിക്കുകയാണ് സർക്കാർ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർക്കെതിരെ ബാർ കോഴക്കേസിലും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കം 14 പേർക്കെതിരെ സോളാർ വിവാദ നായികയുടെ പീഡനക്കേസ് പരാതിയിലും, പ്രളയ പുനർനിർമ്മാണ പദ്ധതിയായ പുനർജനിക്കായി അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് വി.ഡി.സതീശനെതിരെയും അന്വേഷണം മുറുകുകയാണ്. അഴീക്കോട് സ്കൂളിൽ പ്ലസ്ടു ബാച്ച് അനുവദിച്ചതിന് 25ലക്ഷം കോഴവാങ്ങി, അനധികൃത സ്വത്തുസമ്പാദനം എന്നീ കേസുകളിൽ ലീഗ് എം.എൽ.എ കെ.എം.ഷാജിയെയും കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനിടെ 5 കോടി കോഴയാവശ്യപ്പെട്ടെന്ന ചാനൽ വാർത്തയുടെ അടിസ്ഥാനത്തിൽ എം.കെ.രാഘവൻ എം.പിയെയും കുടുക്കാൻ വിജിലൻസ് കളത്തിലുണ്ട്.
ബാർകോഴ, പുനർജനി കേസുകളിൽ എം.എൽ.എമാർക്കെതിരായ അന്വേഷണത്തിന് സർക്കാർ സ്പീക്കറുടെ അനുമതി തേടിയിട്ടുണ്ട്. ചെന്നിത്തലയ്ക്കെതിരെ കേസിന് ഗവർണറുടെ അനുമതി തേടും. പ്ലസ്ടു കോഴയിൽ ഷാജിക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. സോളാർ നായികയുടെ രഹസ്യമൊഴി ഡിസംബർ മൂന്നിന് കോടതിയിൽ രേഖപ്പെടുത്തിയശേഷം മുൻമന്ത്രി എ.പി.അനിൽകുമാറിനെ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം. മലപ്പുറം, ഇടുക്കി ജില്ലകളിലെ ടൂറിസം പദ്ധതികളുടെ കാര്യംപറയാൻ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് അനിൽകുമാറിനെതിരായ മൊഴി.
പരാതിക്കാരി ചൂണ്ടിക്കാട്ടിയ കൊച്ചിയിലെ ആഡംബര ഹോട്ടലിൽ തെളിവെടുപ്പും പൂർത്തിയായിട്ടുണ്ട്. യു.ഡി.എഫ് നേതാക്കൾക്കെതിരായി 14 കേസുകളാണെടുത്തിട്ടുള്ളത്.
മാനഭംഗം, പണം കൈപ്പറ്റൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഫോണിലൂടെ ശല്യംചെയ്യൽ, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. എല്ലാ കേസുകളിലും പരാതിക്കാരിയുടെ മൊഴിയെടുത്തു.ബാർ കോഴക്കേസിൽ അന്വേഷണം നേരിട്ടതാണെന്നും വിജിലൻസ് രണ്ടു തവണ അന്വേഷിച്ച് ആരോപണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതിനാൽ വീണ്ടുമൊരന്വേഷണത്തിന് അനുമതി നൽകരുതെന്നും ചെന്നിത്തല ഗവർണറെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ബിജു രമേശിന്റെ രഹസ്യമൊഴിയിൽ ചെന്നിത്തലയുടെ പേരില്ലാത്തതിനാലും ബാറുടമകൾ നൽകിയ സി.ഡിയിൽ കൃത്രിമമുണ്ടെന്ന് കണ്ടെത്തി തെളിവായി സ്വീകരിക്കാത്തതിനാലും ഇതുവരെ അന്വേഷണം നേരിട്ടിട്ടില്ലെന്നാണ് സർക്കാർ നിലപാട്. എന്നാൽ അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതിന് വി.ഡി.സതീശനെതിരായ അന്വേഷണത്തിന് വിജിലൻസിന് അധികാരമില്ലെന്നാണ് സൂചന.
വിദേശസഹായ നിയന്ത്രണച്ചട്ടം (എഫ്.സി.ആർ.എ) ലംഘിച്ചതിനുള്ള കേസുകൾ അന്വേഷിക്കാൻ സി.ബി.ഐക്കാണ് അധികാരം. ഫണ്ട് ശേഖരണത്തിനുള്ള വിദേശയാത്രകളും അന്വേഷിക്കുന്നുണ്ട്. 2017ഒക്ടോബർ11ന് വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിനത്തിലാണ് സോളാർ കേസിൽ ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരേ മുഖ്യമന്ത്രി പിണറായിവിജയൻ അന്വേഷണം പ്രഖ്യാപിച്ചത്. ഉമ്മൻചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരേ രണ്ട് എഫ്.ഐ.ആറുകൾ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പ് സമയത്താണ് ഹൈബി ഈഡൻ, അടൂർപ്രകാശ്, എ.പി.അനിൽകുമാർ എന്നിവർക്കെതിരെയടക്കം 14 കേസുകളെടുത്തത്.
https://www.facebook.com/Malayalivartha