പരാതി ഡല്‍ഹിയിലേക്ക്... ജയില്‍ മേധാവി ഋഷിരാജ് സിംഗിനെതിരെ കസ്റ്റംസ് കേന്ദ്രത്തെ സമീപിച്ചേക്കും; ജയില്‍ വകുപ്പ് സ്വര്‍ണക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി കസ്റ്റംസ്

ജയില്‍ മേധാവി ഋഷിരാജ് സിംഗിനെതിരെ കസ്റ്റംസ് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചേക്കുമെന്ന് അറിയുന്നു. ജയില്‍ വകുപ്പ് സ്വര്‍ണക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് കസ്റ്റംസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് വിവരം .
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപന സുരേഷിനെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് ഒപ്പം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വേണ്ടെന്ന ജയില്‍ ഡിജിപിയുടെ ഉത്തരവിനെതിരെയാണ് കസ്റ്റംസ് കോഫേപോസ സമിതിക്ക് പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെയും കസ്റ്റംസ് വിവരം അറിയിച്ചത്. ഇതേകാര്യം ചൂണ്ടിക്കാട്ടി കസ്റ്റംസ് കോടതിയെയും സമീപിക്കും. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപിച്ചാണ് കസ്റ്റംസ് കോടതിയെയും കൊഫെപോസ സമിതിയെയും സമീപിക്കാനൊരുങ്ങുന്നത്. കോഫെപോസ കേസിന്റെ ഗൗരവം കണക്കിലെടുത്താണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കിയതെന്നും കസ്റ്റംസ് പറയുന്നു. എന്നാല്‍ ജയില്‍ വകുപ്പ് ഇതെല്ലാം തുരങ്കം വച്ചെന്നാണ് കസ്റ്റംസ് പറയുന്നത്. സാധാരണ കോഫെപോസെ പ്രതികളെ സന്ദര്‍ശിക്കുമ്പോള്‍ കസ്റ്റംസ് സാന്നിധ്യം ഉറപ്പാക്കാറുണ്ട്
കോഫെപോസെ വകുപ്പ് പ്രകാരം തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലിലാണ് സ്വപ്ന സുരേഷിനെ പാര്‍പ്പിച്ചിരിക്കുന്നത്. സ്വപ്നയുടെ സന്ദര്‍ശകരുടെ പേരില്‍ കേന്ദ്രഏജന്‍സികളും ജയില്‍ വകുപ്പും രണ്ട് തട്ടിലായിരുന്നു. ഇതാണ് ഇപ്പോള്‍ തുറന്ന പോരിലെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിച്ചതായുള്ള സ്വപ്ന സുരേഷിന്റെ ഫോണ്‍ സംഭാഷണം ജയിലില്‍ വച്ച് റെക്കോര്‍ഡ് ചെയ്തതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ജയിലില്‍ വച്ച് ഇത്തരം ഒരു സംഭവം ഉണ്ടായിട്ടേയില്ലെന്നാണ് ഋഷിരാജ് സിംഗ് പറഞ്ഞത്. ആദ്യഘട്ടത്തില്‍ ഫോണ്‍ റെക്കോര്‍ഡിംഗിനെതിരെ അന്വേഷണം വേണമെന്ന് ജയില്‍ മേധാവി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫോണ്‍ ചോര്‍ച്ച പോലീസില്‍ നിന്നാണെന്ന് മനസിലാക്കിയതോടെ ചര്‍ച്ച വഴിമാറി. ഇതായിരുന്നു തര്‍ക്കത്തിന്റെ തുടക്കം
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനായി ഉന്നതര്‍ ജയിലിലെത്തി സ്വപ്നയെ കണ്ടെന്ന ആരോപണം ബിജെപി നേതാക്കളും ഉന്നയിച്ചിരുന്നു. എന്നാല്‍ കടുത്ത ഭാഷയില്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്, അമ്മയും, മക്കളും, ഭര്‍ത്താവും, സഹോദരനും മാത്രമെ ഇതുവരെ സ്വപ്നയെ കണ്ടിട്ടുള്ളുവെന്നും ഇത് ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണെന്നും വ്യക്തമാക്കിയിരുന്നതുമാണ്.
ഇതിനിടെ സ്വപ്നയെ ചോദ്യം ചെയ്യുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ പാടില്ലെന്ന നിലപാടുമായി കസ്റ്റംസും ഇ.ഡിയും രംഗത്ത് വന്നിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സികള്‍ കോടതിയെയും സമീപിച്ചിട്ടുണ്ട്. അതേസമയം സ്വപ്നയെ ജയിലില്‍ ചോദ്യം ചെയ്യുന്ന എല്ലാ ഏജന്‍സികളും ചോദ്യം ചെയ്യല്‍ ക്യാമറയില്‍ പകര്‍ത്തണമെന്ന ആവശ്യവുമായി ജയില്‍ മേധാവിയും രംഗത്ത് വന്നിരുന്നു. ഇക്കാര്യത്തില്‍ ജയില്‍ മേധാവിയുടെ നിലപാടാണ് നിലനില്‍ക്കുന്നത്. കാരണം ജയിലില്‍ എന്തു വേണമെന്ന് തീരുമാനിക്കേണ്ടത് ജയില്‍ മേധാവിയാണ്.
ജയിലില്‍ സ്വപ്ന സുരക്ഷിതയല്ലെന്നും ഇഡി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതും ജയില്‍ അധിക്യതരെ പ്രകോപിപ്പിച്ചിരുന്നു. ഇതിന് ശേഷം ജയിലില്‍ സ്വപ്നയുടെ സുരക്ഷ അദ്ദേഹം വര്‍ധിപ്പിക്കുകയും ചെയ്തു. തനിക്ക് ജയിലില്‍ സുരക്ഷിതത്വമില്ലെന്ന് സ്വപ്ന കോടതിക്ക് മൊഴി നല്‍കിയതിനെ തുടര്‍ന്ന് സുരക്ഷിതത്വം വര്‍ധിപ്പിക്കണമെന്ന് കോടതി ജയില്‍ മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്വപ്നയുടെ സുരക്ഷ ജയില്‍ മേധാവി തന്നെ ഏറ്റെടുത്തത്. ജയില്‍ മേധാവിയുടെ ഓഫീസിന്റെ കര്‍ശനമായ മേല്‍നോട്ടം ഇക്കാര്യത്തില്‍ ഇപ്പോഴുമുണ്ട്.
ഋഷിരാജ് സിംഗ് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതിനാല്‍ അദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാരിന്റെ വാക്കുകള്‍ കേട്ടേ തീരൂ. എന്നാല്‍ സര്‍വീസില്‍ ശേഷിക്കുന്ന കാലത്ത് അദ്ദേഹം കേന്ദ്ര ഡപ്യൂട്ടേഷന് ശ്രമിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ ഒരു പരിധി കടന്ന് കേന്ദ്രസര്‍ക്കാരിനെ അനുസരിക്കേണ്ട കാര്യം ജയില്‍ മേധാവിക്കില്ല. എന്നാല്‍ കര്‍ക്കശക്കാരനായ ഋഷിരാജ് ആര്‍ക്കു മുന്നിലും താഴ്ന്നു കൊടുക്കുന്ന സ്വഭാവക്കാരനല്ല. ജോലിയില്‍ കൃത്യമായ അച്ചടക്കം പുലര്‍ത്തുന്നതിനാല്‍ അദ്ദേഹത്തെ തൊടാന്‍ പ്രയാസമായിരിക്കും.
https://www.facebook.com/Malayalivartha