കോഴിക്കോട്ടേക്ക് എന്ന് പറഞ്ഞ് വീട്ടിൽനിന്നിങ്ങിയ യുവാവിനെ കാണാതായതിന് പിന്നിൽ ഉറ്റ സുഹൃത്തുക്കൾ; ഇര്‍ഷാദിനെ ക്രൂരമായി കൊന്ന് കിണറ്റില്‍ തള്ളിയ സംഭവത്തിന്റെ ചുരുളഴിഞ്ഞത് ആറുമാസങ്ങൾക്ക് ശേഷം! കൊലപാതക കാരണത്തിൽ ഞെട്ടി വീട്ടുകാരും നാട്ടുകാരും...

ആറു മാസം മുൻപ് കാണാതായ യുവാവിനെ കണ്ടെത്താനായി പൊലീസ് നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത് സുഹൃത്തുക്കള്‍ നടത്തിയ കൊലപാതകം. എടപ്പാള്‍ പന്താവൂര്‍ സ്വദേശി കിഴക്കേ വളപ്പില്‍ ഹനീഫയുടെ മകന്‍ ഇര്‍ഷാദ് ആണ് കൊല്ലപ്പെട്ടത്.
വട്ടംകുളം സ്വദേശികളായ അധികാരത്തുപാടി സുഭാഷ് (35), മേനോന്‍പറമ്പില്‍ എബിന്‍ (27) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. തിരൂര്‍ ഡി വൈ എസ് പി സുരേഷ് ബാബു, ചങ്ങരംകുളം ഇന്‍സ്‌പെക്ടര്‍ ബഷീര്‍ സി ചിറക്കല്‍ എന്നിവരുള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇര്‍ഷാദിനെ കൊന്ന് കിണറ്റില്‍ തള്ളി എന്നാണ് പ്രതികളുടെ മൊഴി. 2020 ജൂണ്‍ 11 ന് ആണ് ഇര്‍ഷാദിനെ കാണാതായത്. കോഴിക്കോട്ടേക്ക് എന്ന് പറഞ്ഞിറങ്ങിയ യുവാവിനെ കാണാതാവുകയായിരുന്നു.
ആരുടെ കൂടെയാണ് പോയതെന്ന് വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. തുടര്‍ന്ന് ഇര്‍ഷാദിനെ കാണാനില്ലെന്ന പരാതിയുമായി ഇവര്‍ പൊലീസിനെ സമീപിച്ചു. പൊലീസ് നടത്തിയ അന്വേഷണമാണ് ആറുമാസത്തിനിപ്പുറം പ്രതികളിലേക്ക് എത്തിയത്. ബിസിനസുകാരനായിരുന്നു കാണാതായ ഇര്‍ഷാദ്. സ്വര്‍ണ വിഗ്രഹം നല്‍കാം എന്നു പറഞ്ഞ് പ്രതികള്‍ ഇര്‍ഷാദിന്റെ കയ്യില്‍ നിന്ന് 2 ലക്ഷം രൂപ വാങ്ങിയിരുന്നു. പണം വാങ്ങിയത് തിരിച്ചു ചോദിക്കുമോ എന്ന ആശങ്കയെ തുടര്‍ന്നായിരുന്നു കൊലപാതകം. എടപ്പാള്‍ പഞ്ചായത്തിലെ പൂക്കരത്തായിലുള്ള കിണറ്റിലാണ് ഇര്‍ഷാദിന്റെ മൃതദേഹം തള്ളിയതെന്ന് കസ്റ്റഡിയിലുള്ളവര്‍ സമ്മതിച്ചതായി പോലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കിണര്‍ വറ്റിച്ച് പരിശോധന നടത്തും. കാണാതായ പിറ്റേന്ന് തന്നെ ഇര്‍ഷാദിന്‍റെ വീട്ടുകാര്‍ ചങ്ങരംകുളം പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
തുടര്‍ന്ന് സുഹൃത്തുക്കളെ പലവട്ടം ചോദ്യം ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേസില്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഇതോടെ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണമാണ് ആറുമാസം മുമ്പ് നടന്ന കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.
https://www.facebook.com/Malayalivartha