കോവിഡിന്റെ മറവില്‍ ഐ.എഫ്.എഫ്.കെ യെ നാടുകടത്തുന്നു; പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് ശശിതരൂര്‍; വിമര്‍ശനം 2016 ലെ മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചൂണ്ടികാട്ടി; ആരോപണങ്ങള്‍ തള്ളി സി.പി.എം; നടപടി താത്കാലികം മാത്രം

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള നാല് ജില്ലകളിലായി നടത്താനുളള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരം എം പി ശശിതരൂര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. വിശാഖ് ചെറിയാന്‍ എന്ന വ്യക്തിയുടെ പ്രതികരണം പോസ്റ്റ് ചെയ്താണ് തരൂര്‍ ഫേസ്ബുക്കിലൂടെ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
കോവിഡിന്റെ മറവില്‍ കാലങ്ങളായി തിരുവനന്തപുരത്ത് നടത്തി വരുന്ന ഐഎഫ്എഫ്‌കെ കേരളത്തിലെ മറ്റ് നഗരങ്ങളില്‍ നടത്താന്‍ തീരുമാനിച്ചതില്‍ ദുരൂഹതയുണ്ട്. കൊവിഡ് വരുന്നതിന് മുന്നേ സര്‍ക്കാര്‍ ഇതിന് പദ്ധതിയിട്ടിരുന്നതിന് തെളിവാണ് 2016ലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഫേസ്ബുക്ക് പോസ്റ്റെന്നും വിശാഖ് ചെറിയാന്‍ പറയുന്നു. ചലച്ചിത്ര അവാര്‍ഡിന്റെ വേദി തിരുവനന്തപുരത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് അതിനൊപ്പം ചേര്‍ത്തിരിക്കുന്നത്. ശശിതരൂര്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് ട്വിറ്ററില്‍ വിശാഖ് ചെറിയാന്‍ ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി അപലപനീയമാണെന്ന് തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. തിരുവനന്തപുരം ചലച്ചിത്ര മേളയുടെ മികച്ചൊരു വേദി മാത്രമല്ല തിരുവനന്തപുരം, മറിച്ച് പാരമ്പര്യം, സൗകര്യങ്ങള്‍ എല്ലാത്തിനും ഉപരിയായി അറിവുളള സിനിമ പ്രേമികളുടെ ജനക്കൂട്ടം എന്നിവ എപ്പോഴും വാഗ്ദ്ധാനം ചെയ്യുന്നുവെന്നും ശശി തരൂര്‍ പറയുന്നു. ഐ എഫ് എഫ് കെ മസ്റ്റ് സ്റ്റേ എന്ന ഹാഷ്ടാഗോടെയാണ് തരൂരിന്റെ പോസ്റ്റ്.
ചലച്ചിത്ര മേള മറ്റ് ജില്ലകളില്‍ നടത്തുന്നതിന് എതിരെ ശബരീനാഥന്‍ എം.എല്‍.എയും ഇന്നലെ രംഗത്തെത്തിയിരുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് മേള നാല് ഘട്ടങ്ങളിലായി നടത്തുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുമ്പോഴും അക്കാദമിയുടെ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
അതെ സമയം ഐഎഫ്എഫ്‌കെ വിവാദം അനാവശ്യവും അപ്രസക്തവുമെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അഭിപ്രായപ്പെട്ടു. നാല് മേഖലകളിലായി മേള നടത്തുന്നത് താത്കാലികമാണ്. കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ രോഗവ്യാപനത്തിനും ജീവഹാനിക്കും ഇടയാക്കും. ഇത് നിയന്ത്രിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. കൊവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇത്തരമൊരു നിയന്ത്രണം എടുക്കാന്‍ നിര്‍ബന്ധിതമായെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
ഐഎഫ്എഫ്‌കെ നാല് മേഖലകളിലായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സ്ഥിരം വേദിയായ തിരുവനന്തപുരത്ത് നിന്നും മേള പലയിടങ്ങളിലായി നടത്തുന്നതിനെ വിമര്‍ശിച്ച് തിരുവനന്തപുരം എംപി ശശി തരൂരും കോണ്‍ഗ്രസ് എംഎല്‍എ കെ എസ് ശബരീനാഥനും രംഗത്തെത്തിയിരുന്നു. അതേസമയം മേള തിരുവനന്തപുരത്തിന്റേതല്ലെന്നും കേരളത്തിന്റെതാണെന്നും അതിനാല്‍ത്തന്നെ നാലിടങ്ങളിലായി നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഗമാണെന്നുമാണ് അനുകൂലിക്കുന്നവരുടെ വാദം.
https://www.facebook.com/Malayalivartha






















