എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

എയര്‍ ഇന്ത്യ എക്‌സ്പ്രസ് പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിക്കുന്നു. പുതുക്കിയ വിമാന ഷെഡ്യൂളുകള്‍ പ്രകാരം കോഴിക്കോട്-സലാല റൂട്ടിലെ സര്‍വീസുകള്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ വീതമാകും ഉണ്ടായിരിക്കുക. കോഴിക്കോട്-കുവൈത്ത് സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ ഒരു സര്‍വീസ് മാത്രമായിരിക്കും. പിന്നീട് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളായി വര്‍ധിപ്പിക്കും.
ബെംഗളൂരു-കുവൈത്ത് സര്‍വീസുകള്‍ ജൂലൈ 4 മുതല്‍ ആരംഭിക്കും. ആദ്യം ആഴ്ചയില്‍ ഒരു സര്‍വീസും, ജൂലായ് 7 മുതല്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളായും ഇത് ഉയര്‍ത്തും. മംഗളൂരു-മസ്‌കത്ത് റൂട്ടിലെ സര്‍വീസുകള്‍ ജൂലായ് 3 മുതല്‍ പുനസ്ഥാപിക്കും. മസ്‌കത്തില്‍ നിന്ന് ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്ക് ആഴ്ചയില്‍ 40 സര്‍വീസുകളാണ് നിലവിലുള്ളത്. കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ നാലില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുകയെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
മഹാരാഷ്ട്രയിലെ നവി മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ജൂലായ് 15 മുതല്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഇതോടെ നവി മുംബൈയിലെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തില്‍ നിന്ന് രാജ്യാന്തര സര്‍വീസ് നടത്തുന്ന ആദ്യ വിമാനക്കമ്പനിയായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാറും. യാത്രക്കാര്‍ക്ക് വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
https://www.facebook.com/Malayalivartha





















