നാല് ജില്ലകളിലായി നടന്ന കൊവിഡ് വാക്സിൻ റിഹേഴ്സൽ ആയ കൊവിഡ് ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി കേരളം... റിഹേഴ്സലിൽ ആരോഗ്യമന്ത്രി കെകെ ശൈലജ തിരുവനന്തപുരത്ത് പങ്കെടുത്തു

നാല് ജില്ലകളിലായി നടന്ന കൊവിഡ് വാക്സിൻ റിഹേഴ്സൽ ആയ കൊവിഡ് ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി കേരളം. റിഹേഴ്സലിൽ ആരോഗ്യമന്ത്രി കെകെ ശൈലജ തിരുവനന്തപുരത്ത് പങ്കെടുത്തു.
തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടന്നത്
രാവിലെ 9 മുതൽ 11 മണി വരെയായിരുന്നു ഡ്രൈ റൺ. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവർത്തകർ വീതമാണ് ഡ്രൈ റണ്ണിൽ പങ്കെടുത്തത്.
വാക്സിൻ രജിസ്ട്രേഷൻ മുതൽ ഒബ്സർവേഷൻ വരെ കോവിഡ് വാക്സിനേഷൻ നൽകുന്ന നടപടിക്രമങ്ങൾ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റൺ നടത്തിയത്. എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ വിലയിരുത്തി.
കേന്ദ്രസർക്കാരിന്റെ മാർഗ നിർദേശമനുസരിച്ച് തീരുമാനിച്ച മുൻഗണനാ ഗ്രൂപ്പ് ലിസ്റ്റിലുള്ളവർക്കാണ് വാക്സിൻ ആദ്യം നൽകുക.
പിന്നീട് വാക്സിൻ കിട്ടുന്ന അളവിൽ മറ്റുള്ളവർക്കും നൽകുന്നതാണ്. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ജില്ലകളിൽ നടന്നിട്ടുണ്ടെന്നും വാക്സിൻ കിട്ടി കഴിഞ്ഞാൽ അതിന്റെ സംഭരണം, വിതരണം തുടങ്ങിയ എല്ലാ കാര്യങ്ങളിലും കുറ്റമറ്റ രീതിയിൽ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ വാക്സിൻ വിതരണ ഡ്രൈ റണ്ണിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുമ്പോഴാണ് മന്ത്രി ഈ കാര്യങ്ങൾ വ്യക്തമാക്കിയത് .
https://www.facebook.com/Malayalivartha