നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം: ലക്ഷംവീട് പദ്ധതി പ്രകാരം പട്ടയം നല്‍കിയ ഭൂമി അല്ലെന്നും സ്ഥലത്തിന് ആധാരവും കരമടച്ച രസീതുമുണ്ടെന്നും വസന്തയുടെ അഭിഭാഷകര്‍

നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭൂമി 1972ലെ ലക്ഷംവീട് പദ്ധതി പ്രകാരം പട്ടയം നല്‍കിയതല്ലെന്ന് വസന്തയുടെ അഭിഭാഷകരായ കെ. ജി. വിജയകുമാറും കെ.വി. ശിവപ്രസാദും. ഭൂമി വസന്തയുടേതെന്ന് തെളിയിക്കുന്ന വിലയാധാരത്തിന്റെയും നികുതി രസീതിന്റെയും പകര്‍പ്പുകളും അവര്‍ വാര്‍ത്തസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
1989 ല്‍ എല്‍.എ8/89 എന്ന നമ്ബറില്‍ സുകുമാരാന്‍നായര്‍ക്കാണ് ആദ്യം പട്ടയം ലഭിച്ചത്. അദ്ദേഹം ഈ ഭൂമി 2001 ല്‍ സുഗന്ധിക്ക് വിലയാധാരം നല്‍കി. 2006 ലാണ് വസന്ത വാങ്ങുന്നത്. വസന്ത വില കൊടുത്തുവാങ്ങി മതിലുകെട്ടി അനുഭവിക്കുന്ന വസ്തുവില്‍ അക്രമം ഉണ്ടായപ്പോഴാണ് കോടതിയെ സമീപിച്ചത്. കോടതി പുറപ്പെടുവിച്ച വിധികളും ഉത്തരവുകളും നടപ്പാക്കുന്നതിനാണ് പൊലീസ് എത്തിയത്.
സത്യാവസ്ഥ മനസ്സിലാക്കാതെ പ്രതികളുടെ വസ്തുവാണെന്നും തര്‍ക്കവസ്തുവാണെന്നും പ്രഖ്യാപിക്കുന്ന രാഷ്ട്രീയക്കാരുടെയും ചില അഭിഭാഷകരുടെയും അപക്വ പെരുമാറ്റത്തില്‍ ദുഃഖമുണ്ട്. ബോബി ചെമ്മണ്ണൂരുമായുണ്ടാക്കിയ കരാര്‍ നിയമാനുസരണമാണെന്നും അഭിഭാഷകന്‍ പറഞ്ഞു. അതേസമയം, ഈ പട്ടയം കൈമാറാനാകാത്ത വ്യവസ്ഥയോടെ നല്‍കിയതാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായി ഉത്തരം നല്‍കിയില്ല. പട്ടയം ഇപ്പോഴും സുകുമാരന്‍ നായര്‍, വിമല തുടങ്ങിയവരുടെ പേരിലാണെന്ന വിവരാവകാശ രേഖകളും ഇവര്‍ നിഷേധിച്ചില്ല.
https://www.facebook.com/Malayalivartha