വീട്ടിലെ തേങ്ങാവെട്ടി പണിതത് അല്ല പാലം... മുഖ്യമന്ത്രിക്കെതിരെ കെമാല്‍ പാഷ; വൈറ്റില മേല്‍പാലം തുറന്നു നല്‍കിയ സംഭവത്തില്‍ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ നടപടിയില്‍ അസ്വഭാവികത കാണാനാകില്ല; ഇതിന്റെ പേരില്‍ അറസ്റ്റു ചെയ്ത് ആളുകളെ പീഡിപ്പിക്കുന്നത് മര്യാദകേടാണ്

വൈറ്റില മേല്‍പാലം വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി.കെമാല്‍ പാഷ. മുഖ്യമന്ത്രി കാലെടുത്തു വച്ചാലേ ഉദ്ഘാടനം ആകുകയുള്ളൂ എന്നുണ്ടോ? ഒരു ഭിക്ഷക്കാരന്‍ കയറിയാലും ഉദ്ഘാടനമാകും. അതും മനുഷ്യനല്ലേ..? ഇന്നയാളേ കയറാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതിന് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഒന്നും ആവശ്യമില്ല. ജനങ്ങളുടെ വകയാണ് പാലമെന്നും അദ്ദേഹം പറഞ്ഞു. വൈറ്റില മേല്‍പാലം തുറന്നു നല്‍കിയ സംഭവത്തില്‍ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ നടപടിയില്‍ അസ്വഭാവികത കാണാനാകില്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
ഉദ്ഘാടനം എന്ന ചടങ്ങിലൊന്നും ഒരു കാര്യവുമില്ലെന്നിരിക്കെ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പാലം തുറക്കാന്‍ മുഹൂര്‍ത്തം നോക്കി കാത്തിരിക്കുകയാണ്. പണി കഴിഞ്ഞാല്‍ അതു തുറന്നു കൊടുത്തേക്കെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ കാര്യം തീരുന്നിടത്താണ് ഇത്. വൈറ്റിലയിലും കുണ്ടന്നൂരും ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. നിര്‍മാണം പൂര്‍ത്തിയായിട്ടും രണ്ടും കിടക്കുകയാണ്. തിരഞ്ഞെടുപ്പു വരുമ്പോഴേയ്ക്കുള്ള വിലപേശലിനു വേണ്ടി വച്ചോണ്ടിരിക്കുകയാണ് സര്‍ക്കാര്‍. എത്രത്തോളം വൈകിപ്പിച്ച് മുന്നോട്ടു കൊണ്ടു പോകാമോ അത്രത്തോളം നല്ലതാണ് എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്.
അങ്ങനെ പ്രശ്‌നങ്ങളുണ്ടായി ജനങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് ജനുവരി ഒമ്പതിന് തുറക്കുമെന്ന തീയതി പറഞ്ഞു വച്ചിരിക്കുന്നത്. അതു തന്നെ കാര്യപരിപാടികള്‍ തീരുമാനിക്കുകയോ മറ്റോ ചെയ്തതായി അറിയില്ല. അന്നു നടക്കുമെന്ന് പോലും പറയാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ജനങ്ങള്‍ പൊറുതിമുട്ടി എന്നു പറഞ്ഞാല്‍, ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വഴിയില്‍ മണിക്കൂറുകള്‍ കിടന്ന് വീര്‍പ്പു മുട്ടിയാണ് ജനങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. അവരുടെ ഒരു പ്രതിഷേധമാണ് ഉണ്ടായത്. വോട്ടിനു വേണ്ടി, എന്തോ വലിയ കാര്യം ചെയ്‌തെന്നു പറഞ്ഞ് വിലപേശാന്‍ വച്ചിരിക്കുകയാണ് പാലങ്ങള്‍.
പാലം തുറക്കുന്നതിനു മുന്‍പു ഭാരം കയറ്റി പരിശോധിക്കണം എന്നൊന്നും എങ്ങും പറഞ്ഞിട്ടില്ല. ശാസ്ത്രീയമായി പണിതു കഴിഞ്ഞാല്‍ ഭാരം കയറ്റി പരിശോധന നടത്തേണ്ട കാര്യമില്ല. അതും കഴിഞ്ഞിട്ടും ദിവസങ്ങളായി. എന്നിട്ടും തുറന്നു നല്‍കാത്തപ്പോള്‍ ജനങ്ങള്‍ കയ്യേറുന്നതില്‍ തെറ്റില്ല. അത് ജനങ്ങളുടെ പ്രതിഷേധമാണ്. ജനുവരി ഒമ്പത് എന്ന ഒരു തീയതി പറഞ്ഞ സ്ഥിതിക്ക് ജനങ്ങള്‍ നാലു ദിവസത്തിനു വേണ്ടി ഒരു ബഹളം ഉണ്ടാക്കേണ്ട കാര്യമില്ലായിരുന്നു. അതുവരെ കാത്തിരിക്കാമായിരുന്നു. അത് മര്യാദയുടെ പേരില്‍ മാത്രം. അല്ലാതെ നിര്‍മാണം പൂര്‍ത്തിയായി കിടക്കുന്ന പാലം അടച്ചിടണമെന്നും അതിന് വേറെ എന്തെങ്കിലും കുഴപ്പമുണ്ടെന്നും പറഞ്ഞ് ആളുകളെ പീഡിപ്പിക്കാനും അറസ്റ്റ് ചെയ്യാനും നടക്കുന്നത് മര്യാദകേടാണ്.
പൊതുമുതല്‍ നശിപ്പിച്ചെന്നു പറഞ്ഞ് കേസെടുത്താല്‍ അത് നിലനില്‍ക്കില്ല. കാരണം എന്താണ് നശിപ്പിച്ചത് എന്നു പറയണം. പാലത്തിലൂടെ പോയാല്‍ പൊതുമുതല്‍ നശിക്കുമോ? മുഖ്യമന്ത്രി വന്ന് പാലത്തേല്‍ കയറിയാലേ നശിക്കാതിരിക്കൂ എന്നുണ്ടോ? ജനങ്ങള്‍ അവിടെ ഒരു നാശവുമുണ്ടാക്കിയതായി അറിയില്ല. നാശമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ കേസെടുക്കണം. അല്ലെങ്കില്‍ അത് പൊതു സ്ഥലമാണ്. അതിലൂടെ വണ്ടി പോയതല്ലേ ഉള്ളൂ. ജനങ്ങളോട് വൈരനിര്യാതന ബുദ്ധിയോടെയുള്ള പെരുമാറ്റമാണ് ഈ കേസെടുക്കല്‍.
ഉദ്ഘാടനം ചെയ്യണമെന്നു പറഞ്ഞു വച്ചുകൊണ്ടിരിക്കാന്‍ ഇത് ആരുടെയും സ്വന്തം കയ്യില്‍ നിന്നെടുത്ത് നിര്‍മിച്ചതല്ലല്ലോ, പൊതു ജനങ്ങളുടെ പണമല്ലേ? ഇതുപോലെ പല സ്ഥലങ്ങളില്‍ എഴുതിവയ്ക്കും. ഇന്ന എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് ഉണ്ടാക്കിയത് എന്നു പറഞ്ഞ്. ഒരു ഇലക്ട്രിക് പോസ്റ്റില്‍ ലൈറ്റിട്ടിട്ട് ബോര്‍ഡ് തൂക്കിയിട്ടിരിക്കുന്നത് കഴിഞ്ഞ ദിവസം കണ്ടു. ഈ ലൈറ്റിനെക്കാള്‍ കൂടുതല്‍ ചെലവ് ബോര്‍ഡ് തൂക്കാന്‍ വന്നിട്ടുണ്ട്. അതാണ് ശരിക്ക് പൊതുമുതല്‍ നശിപ്പിക്കല്‍. എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് നിര്‍മിച്ചെന്നു പറയുമ്പോള്‍ അദ്ദേഹം സ്വന്തം വീട്ടില്‍ നിന്നെടുത്ത് ചെലവാക്കിയതാണെങ്കില്‍ എഴുതി വയ്ക്കാം. അല്ലാതെ എഴുതിവയ്ക്കുന്നതില്‍ എന്താണര്‍ഥം. ഉദ്ഘാടനത്തിന് ഒരു ഫലകമുണ്ടാക്കി അതില്‍ പേരുവയ്ക്കാന്‍ വേണ്ടി മാത്രം ജനങ്ങള്‍ കഷ്ടപ്പെട്ട് കാത്തിരിക്കണോ? ഒരു നിമിഷം മുന്‍പെങ്കിലും ഉദ്ഘാടനം നടത്തുക എന്നതല്ലേ വേണ്ടത്.
പാലത്തില്‍ ജനങ്ങളെയാണ് ആദ്യം കയറേണ്ടത്. ആരും കയറ്റാതിരുന്നപ്പോള്‍ അവര്‍ തനിയെ കയറി. അത് അതിക്രമിച്ചു കടക്കല്‍ ആവില്ല. അതിനു വകുപ്പില്ല. ഈ കുറ്റങ്ങളൊന്നും വരില്ല. ജനങ്ങളോട് വൈരാഗ്യം കാണിക്കലാണ്. അതിനാണ് കേസെടുക്കുന്നത്. ഇത് ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധമാണെന്നു മനസിലാക്കി ഒമ്പതാം തീയതി എങ്കിലും തുറക്കാന്‍ നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ വേണ്ടത്. ഒമ്പതാം തീയതി തുറക്കുമെന്നും പ്രതീക്ഷിക്കുന്നില്ല. കോവിഡിന്റെ കാലത്ത് ഇതിന്റെയെല്ലാം പേരില്‍ വഴക്കുണ്ടാക്കേണ്ട കാര്യമില്ല. ഈ സര്‍ക്കാര്‍ പണിതതല്ല ഈ പാലമെന്ന് ആരും പറയില്ല. സ്വന്തം വീട്ടില്‍ നിന്ന് തേങ്ങവെട്ടി പണിതതല്ല ഇത് എന്ന് ഓര്‍മിക്കണം. പൊതുജനങ്ങളുടെ പണം, ജനങ്ങളുടെ സ്ഥലം. അതില്‍ ജനങ്ങള്‍ക്കു കയറാന്‍ അവകാശമുണ്ടെന്നും കെമാല്‍ പാഷ പറഞ്ഞു.
വൈറ്റില മേല്‍പാലം വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ ജനകീയ ഉദ്ഘാടനം നടത്തിയത് വിവാദമായിരുന്നു. സംഭവത്തില്‍ വി ഫോര്‍ പ്രവര്‍ത്തകരെ വീടുകയറി വലിച്ചിറക്കി ഭീകരാന്തരീക്ഷ സൃഷ്ടിച്ചാണ് പോലീസ് അറസ്റ്റ് ചെയ്ത്. ഇതിനെതിരെ കൊച്ചിയില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെയാണ് പ്രമുഖര്‍ സര്‍ക്കാരിനെതിരെ രംഗത്ത് വരുന്നത്.
https://www.facebook.com/Malayalivartha