ഞെട്ടലോടെ ലോകം... ലോകത്തെ ഞെട്ടിച്ച് യുഎസ് പാര്‍ലമെന്റില്‍ അസാധാരണ നീക്കം; ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ ട്രംപ് അനുകൂലികള്‍ പാര്‍ലമെന്റില്‍ ഇരച്ചുകയറി; അക്രമത്തിനിടെ ഒരു മരണം

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനം ഒഴിയുന്നതിന് മുമ്പ് യുഎസ് പാര്‍ലമെന്റില്‍ അസാധാരണ സംഭവ വികാസങ്ങള്‍. പരാജയം അംഗീകരിക്കാന്‍ മടിക്കുന്ന ട്രംപിന്റെ നടപടികളാണ് അക്രമത്തിലേക്ക് നയിച്ചത്. യുഎസിനെയും ലോകത്തെയും ഞെട്ടിച്ചുകൊണ്ടാണ് യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികളുടെ തേര്‍വാഴ്ച നടന്നത്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണു അക്രമാസക്തരായ ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്.
കാപ്പിറ്റോള്‍ മന്ദിരത്തിനുള്ളില്‍ ഒരു സ്ത്രി വെടിയേറ്റു മരിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്കു മാറ്റി. കാപ്പിറ്റോള്‍ മന്ദിരത്തിനു സമീപത്തു നിന്ന് സ്‌ഫോടകവസ്തു കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്നവരെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണു സംഭവങ്ങള്‍.
സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാര്‍ കടന്നതോടെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവച്ചു. യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിച്ചു. യുഎസ് ചരിത്രത്തില്‍ ഇതാദ്യമാണ് പാര്‍ലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച.
ജനപ്രതിനിധി സഭയും സെനറ്റും ചേരുന്നതിനിടെയാണു സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായികള്‍ മന്ദിരത്തിനു പുറത്തു പ്രകടനമായെത്തിയത്. പൊലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാര്‍ ആദ്യം ബാരിക്കേഡുകള്‍ തകര്‍ത്തു. പാര്‍ലമെന്റ് കവാടങ്ങള്‍ പൊലീസ് അടച്ചുപൂട്ടിയെങ്കിലും പ്രതിഷേധക്കാര്‍ മന്ദിരത്തിനകത്തു കടക്കുന്നതു തടയാനായില്ല.
കാപ്പിറ്റോള്‍ മന്ദിരം വളഞ്ഞ സംഭവത്തെ കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്നു വിശേഷിപ്പിച്ച ജോ ബൈഡന്‍, പിന്‍വാങ്ങാന്‍ അനുകൂലികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ട്രംപിനോട് ആവശ്യപ്പെട്ടു. സംഭവത്തെ അപലപിച്ച് ബ്രിട്ടനും അയര്‍ലന്‍ഡും രംഗത്തെത്തി.
ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നു ആവര്‍ത്തിച്ച ട്രംപ്, പ്രതിഷേധക്കാരോടു സമാധാനം പാലിക്കാന്‍ അഭ്യര്‍ഥിച്ചു. പ്രതിഷേധസ്വരങ്ങളെ മൂടിവയ്ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും പറഞ്ഞു.
ബൈഡന്റെ വിജയം കോണ്‍ഗ്രസ് സമ്മേളനത്തില്‍ അംഗീകരിക്കരുതെന്ന ട്രംപിന്റെ അഭ്യര്‍ഥന നേരത്തെ വൈസ് പ്രസിഡന്റും സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവുമായ മൈക്ക് പെന്‍സ് തള്ളിയതിനു പിന്നാലെയാണു നാടകീയ സംഭവങ്ങള്‍.
അതേസമയം നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപ് വിട്ടുനില്‍ക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുകയാണ്. തന്റെ പ്രസിഡന്റ് കാലാവധിയുടെ അവസാന ദിവസം സ്‌കോട്ട്‌ലന്‍ഡിലേക്കുള്ള യാത്രക്കായി ട്രംപ് ഒരുങ്ങുന്നതായാണ് സൂചന. ഔദ്യോഗിക വിമാനത്തിലാവും ട്രംപിന്റെ യാത്ര.
ജനുവരി ഇരുപതിനാണ് ബൈഡന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. സ്‌കോട്ട്‌ലന്‍ഡില്‍ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ടേണ്‍ബെറി ഗോള്‍ഫ് റിസോര്‍ട്ടിന് സമീപത്തുള്ള പ്രെസ്റ്റ്‌വിക്ക് വിമാനത്താവളത്തില്‍ യുഎസ് കരസേനയുടെ ബോയിങ് 757 വിമാനം ജനുവരി പത്തൊന്‍പതിന് എത്തിച്ചേരുമെന്ന് സണ്‍ഡേ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് യാത്രകള്‍ക്ക് സ്ഥിരമായി ഉപയോഗിക്കുന്ന വിമാനമാണിത്. ബൈഡനെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്യാന്‍ ട്രംപ് കാത്തുനില്‍ക്കാനിടയില്ലെന്നാണ് ലഭ്യമായ വിവരം. ഇങ്ങനെ കാര്യങ്ങള്‍ പുരോഗമിക്കേയാണ് ട്രംപിന്റെ അനുകൂലികളുടെ അക്രമം.
"
https://www.facebook.com/Malayalivartha