വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ മേയറുടെ വസതിയിലേക്ക് യുഡിഎഫ് നൈറ്റ് മാര്‍ച്ച്

കോഴിക്കോട് വലിയങ്ങാടിയിലെ കോര്‍പ്പറേഷന്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ മേയറുടെ വസതിയിലേക്ക് യൂഡിഎഫിന്റെ നൈറ്റ് മാര്‍ച്ച്. മേയര്‍ ഒ സദാശിവത്തിന്റെ വസതിയിലേക്കാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. അപകടത്തിന് പിന്നാലെ പ്രതിപക്ഷം വലിയ പ്രതിഷേധത്തിലേക്ക് കടന്നിരുന്നു. ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍, പി വി അന്‍വര്‍ എന്നിവരുടെ നേത്യത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്നുകൊണ്ട് മേയര്‍ ഭവനിലേക്ക് കടക്കാന്‍ ശ്രമിച്ചു. ചില പ്രവര്‍ത്തകര്‍ മതില്‍ ചാടി അകത്തേക്ക് പ്രവേശിക്കാനും ശ്രമിച്ചു.
കാട്ടു കള്ളന്മാരാണ് കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരിക്കുന്നതെന്ന് കെ പ്രവീണ്‍കുമാര്‍ പ്രതികരിച്ചു. കോഴിക്കോട് നഗരസഭ കക്കാനും കൊള്ളയടിക്കാനും നില്‍ക്കുന്നവരാണിവര്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി നല്‍കണം. പരുക്കേറ്റവര്‍ക്ക് ചികിത്സാ സഹായം നല്‍കണമെന്നും കോര്‍പ്പറേഷന്‍ കെട്ടിടങ്ങളില്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി.
കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്ന കിണാശ്ശേരി സ്വദേശി ജബ്ബാര്‍, അത്തോളി സ്വദേശികളായ ബഷീര്‍, അഷ്‌റഫ്, തിരുവങ്ങൂര്‍ സ്വദേശി വിനോദ് എന്നീ തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്. ജബ്ബാറിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഖബറടക്കി. അത്തോളി സ്വദേശികളായ ബഷീറിന്റെയും, അഷറഫിന്റെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് രാവിലെ സംസ്‌കരിച്ചു.
പരുക്കേറ്റ് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള കല്ലായി സ്വദേശി കോയയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം,നാല് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കളക്ടറോടും കോര്‍പ്പറേഷന്‍ സെക്രട്ടറിയോടും റിപ്പോര്‍ട്ട് തേടും. വീഴ്ചയുണ്ടായാല്‍ നടപടിയെടുക്കുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























