വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ വീട്ടിലുള്ളവരുടെയോ തൊട്ടടുത്ത താമസക്കാരുടെയോ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ നിര്‍ബന്ധം...വോട്ടര്‍പ്പട്ടിക ജനുവരി 20-ന് പ്രസിദ്ധീകരിക്കും

വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ വീട്ടിലുള്ളവരുടെയോ തൊട്ടടുത്ത താമസക്കാരുടെയോ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ നിര്‍ബന്ധം... റിലേഷന്‍ ഐ.ഡി. എന്നാണ് ഇതറിയപ്പെടുന്നത്. വോട്ടര്‍ കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യമില്ല. നമ്പര്‍മാത്രം മതി.
ജനുവരി 20-ന് ഈ വര്‍ഷത്തേക്കുള്ള വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31- വരെ ലഭിച്ചിട്ടുള്ള അപേക്ഷ പരിഗണിച്ചാണ് ഈ പട്ടിക തയ്യാറാക്കുന്നത്.വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ നാഷണല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടലില്‍ (എന്‍.വി.എസ്.പി.) ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ റിലേഷന്‍ ഐ.ഡി. ചോദിക്കുന്നുണ്ട്. അതു കൃത്യമായി രേഖപ്പെടുത്തിയില്ലെങ്കിലും അപേക്ഷ സ്വീകരിക്കും.
എന്നാല്‍, അപേക്ഷകള്‍ ബന്ധപ്പെട്ട താലൂക്ക് ഓഫീസില്‍നിന്ന് നേരിട്ടുള്ള പരിശോധയ്ക്കായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കു കൈമാറണമെങ്കില്‍ റിലേഷന്‍ ഐ.ഡി. നിര്‍ബന്ധമാണ്. ഏതു ബൂത്തിലാണ് ആ വോട്ടറെ ഉള്‍പ്പെടുത്തുന്നതെന്നു തിരിച്ചറിയാനാണിത്. ഈ വിവരം ചേര്‍ക്കാതെ പേരുചേര്‍ക്കാന്‍ അപേക്ഷിച്ചിട്ടുള്ളവര്‍ താലൂക്ക് ഓഫീസുകളിലെ തിരഞ്ഞെടുപ്പുവിഭാഗത്തില്‍ റിലേഷന്‍ ഐ.ഡി. നല്‍കണം.
അപേക്ഷകനു നേരിട്ടോ ആരെയെങ്കിലും ചുമതലപ്പെടുത്തിയോ വിവരം നല്‍കാം. ഇതിനായി അപേക്ഷകര്‍ക്ക് എസ്.എം.എസ്. അയക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷംപേരും പ്രതികരിക്കുന്നില്ലെന്നാണു തിരഞ്ഞെടുപ്പുവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്.
സി.ഇ.ഒ. കേരള എന്ന കേരളത്തിലെ പോര്‍ട്ടലിലായിരുന്നു നേരത്തെ വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ അപേക്ഷിക്കേണ്ടിയിരുന്നത്. എന്നാല്‍, ഇത്തവണമുതല്‍ എന്‍.വി.എസ്.പി. എന്ന ദേശീയ പോര്‍ട്ടലിലേക്കുമാറ്റി. ഇടയ്ക്ക് സൈറ്റ് തകരാര്‍ കാരണം അപേക്ഷിക്കാന്‍ കഴിയുന്നില്ലായിരുന്നു. ഇപ്പോള്‍ പ്രശ്‌നംപരിഹരിച്ചിട്ടുണ്ട്. കേരളത്തിലെ പോര്‍ട്ടലില്‍ അപേക്ഷിക്കുമ്പോള്‍ റിലേഷന്‍ ഐ.ഡി. കൃത്യമായി നല്‍കിയാലേ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കാറുള്ളായിരുന്നു. തിരഞ്ഞെടുപ്പുവിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമെങ്കില്‍ വോട്ടറുടെ ബൂത്തു തിരഞ്ഞെടുക്കാനും കഴിയുമായിരുന്നു. എന്നാല്‍, അപേക്ഷ സ്വീകരിക്കല്‍ എന്‍.വി.എസ്.പി.യിലേക്കു മാറ്റിയപ്പോള്‍ ബൂത്തു തിരഞ്ഞെടുക്കാനുള്ള സൗകര്യം ഇല്ലാതായി.
2003 ജനുവരി ഒന്നുവരെ ജനിച്ചവര്‍ക്ക് എന്‍.വി.എസ്.പി. പോര്‍ട്ടലില്‍ ഇനിയും അപേക്ഷിക്കാം. തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപ്പത്രിക സമര്‍പ്പിക്കുന്നതിനു 10 ദിവസം മുന്‍പുവരെ ഇങ്ങനെ അപേക്ഷിക്കാം. ഇവരെ ഉള്‍പ്പെടുത്തി വോട്ടെടുപ്പിനു തൊട്ടുമുന്‍പ് സപ്ലിമെന്ററി വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും.
"
https://www.facebook.com/Malayalivartha