പൊട്ടിച്ചിരിച്ച് വസന്ത... ഇത് തന്റെ ഭൂമീയാണെന്ന് പ്രമാണം കാട്ടി വസന്ത സകലരോടും വിളിച്ച് പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല; വക്കീലിന് എല്ലാം ബോധ്യപ്പെട്ട് ബോബി ചെമ്മണ്ണൂര്‍ അഡ്വാന്‍സ് നല്‍കിയിട്ടും അവസാനം പറ്റിച്ചെങ്കില്‍ വസന്തയെ സുപ്രീം കോടതിയില്‍ കയറ്റുമെന്ന് വെല്ലുവിളിച്ചു; എല്ലാം കഴിഞ്ഞപ്പോള്‍ വസന്തയെ വിജയിയായി പ്രഖ്യാപിച്ച് തഹസീല്‍ദാരുടെ റിപ്പോര്‍ട്ട്

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിലെ തര്‍ക്കഭൂമിയെ പറ്റി വലിയ വിവാദമാണ് ഉണ്ടായത്. മരണമടഞ്ഞ രാജനും അവരുടെ മക്കളും പറഞ്ഞത് ഈ ഭൂമി വസന്തയുടേതല്ലെന്നാണ്. ഇതിനിടെ രംഗത്തെത്തിയ ബോബി ചെമ്മണ്ണൂര്‍ അതുവാങ്ങി രാജന്റെ മക്കള്‍ക്ക് നല്‍കി. എന്നാല്‍ ആ ഭൂമി വസന്തയുടേതല്ലന്നും വിലകൊടുത്ത ഭൂമി വേണ്ടെന്നും മക്കള്‍ പറഞ്ഞു. അതോടെയാണ് തന്നെ പറ്റിച്ചിട്ടുണ്ടെങ്കില്‍ സുപ്രീംകോടതിയില്‍ പോകുമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്. അപ്പോഴും ഇത് തന്റെ ഭൂമിയാണെന്ന് വസന്ത ഉറച്ചു നിന്നു.
അതിനിടെ നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യചെയ്യാനിടയായ സംഭവത്തിലെ തര്‍ക്കഭൂമി വസന്ത വില കൊടുത്തു വാങ്ങിയതാണെന്നും മരിച്ച രാജന്‍ ഭൂമി കൈയേറിയതാണെന്നും തഹസീല്‍ദാരുടെ റിപ്പോര്‍ട്ട് വന്നതോടെ വസന്ത വിജയിച്ചു.
സുഗന്ധ എന്നയാളില്‍നിന്നാണ് വസന്ത ഭൂമി വിലകൊടുത്തു വാങ്ങിയതെന്നും വസന്തയുടെ പക്കല്‍ ഭൂമിക്കു കരമടച്ച രസീതടക്കമുണ്ടെന്നും കലക്ടര്‍ക്കു തഹസീല്‍ദാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
വസന്തയില്‍നിന്നു ഭൂമി വാങ്ങി വ്യവസായിയായ ബോബി ചെമ്മണൂര്‍ നല്‍കാന്‍ തയ്യാറായിരുന്നെങ്കിലും രാജന്റെ മക്കള്‍ അതു സ്വീകരിച്ചിരുന്നില്ല. വസന്ത അന്യായമായി കൈവശം വച്ചതാണ് ഭൂമിയെന്നും നിയമപരമായി ഇതു വാങ്ങാനോ വില്‍ക്കാനോ സാധിക്കില്ലെന്നുമായിരുന്നു മക്കളുടെ വാദം.
വസന്തയുടെ പരാതിയിലുണ്ടായ കോടതിവിധി അനുസരിച്ചു വീടൊഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു രാജന്‍ ഭാര്യയെ ചേര്‍ത്തു പിടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. അതിനിടെ തീ പടര്‍ന്ന് ഇരുവരും മരണമടയുകയായിരുന്നു. വസന്ത ഭൂമി അന്യായമായി കൈവശം വച്ചതാണെന്നായിരുന്നു സമീപവാസികളും പറഞ്ഞിരുന്നത്.
അതേസമയം വിവാദം കടുത്തതോടെ നെയ്യാറ്റിന്‍കരയില്‍ വാങ്ങിയ വിവാദഭൂമി സര്‍ക്കാരിനു കൈമാറുമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. കുട്ടികളുടെ ആഗ്രഹ പ്രകാരമാണ് തീരുമാനമെന്നും ബോബി പറഞ്ഞു. വസന്തയില്‍നിന്നു വാങ്ങി ഭൂമി നല്‍കാനുള്ള നീക്കത്തെ കുട്ടികള്‍ നിരസിച്ചിരുന്നു. സര്‍ക്കാര്‍ ഭൂമി നല്‍കിയാല്‍ മാത്രമേ സ്വീകരിക്കൂവെന്നു മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുലും രഞ്ജിത്തും വ്യക്തമാക്കുകയും ചെയ്തു.
വിവാദത്തിന് പിന്നാലെ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ബോബി മുഖ്യമന്ത്രിയെ കാണണമെന്ന് ആഗ്രഹം പങ്കുവച്ചിരുന്നു. 'എനിക്കൊരു കാര്യം മനസ്സിലായത് ആ കുട്ടികള്‍ക്ക് ആ രേഖകള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കൈകൊണ്ട് ലഭിക്കണമെന്നാണ്. ഞാന്‍ ആലോചിച്ചപ്പോള്‍ അത് കുട്ടികളുടെ ന്യായമായ ആഗ്രഹമാണെന്നാണ് തോന്നിയത്. മാത്രവുമല്ല നമ്മുടെ മുഖ്യമന്ത്രി അത് നല്‍കുവാന്‍ ഏറെ അനുയോജ്യനുമാണ്.
അദ്ദേഹം പല കാര്യങ്ങളിലും ഈ കുട്ടികളെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്. അപ്പോള്‍ ഇക്കാര്യം ഞാന്‍തന്നെ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു അപേക്ഷിക്കുവാന്‍ പോവുകയാണ്. അങ്ങയുടെ കൈ കൊണ്ട് തന്നെ ഈ രേഖകള്‍ കുട്ടികള്‍ക്ക് നല്‍കണമെന്ന്. അതിനായി മുഖ്യമന്ത്രിയെ നേരില്‍കണ്ട് ഇക്കാര്യം അറിയിക്കാനായി ഞാന്‍ തിരുവനന്തപുരത്ത് തുടരുകയാണെന്നാണ് ബോബി കുറിച്ചത്. അതേസമയം, ഭൂമി തന്റേതു തന്നെയെന്നും പട്ടയമുള്ള ഭൂമിയാണെന്നും ആവര്‍ത്തിച്ചു പരാതിക്കാരി വസന്ത രംഗത്തെത്തി. അതിന് പിന്നാലെയാണ് ഭൂമി വസന്തയുടേതാണെന്ന തഹസീല്‍ദാരുടെ റിപ്പോര്‍ട്ട് വന്നത്. 50,000 രൂപ അഡ്വാന്‍സ് കൊടുത്ത ബോബി ചെമ്മണ്ണൂരിന്റെ ഇനിയുള്ള നീക്കമാണ് അറിയാനുള്ളത്.
"
https://www.facebook.com/Malayalivartha