നേരെയൊരു വരവ് വരും... സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്യാന്‍ സാക്ഷാല്‍ സ്പീക്കറുടെ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി; ശ്രീരാമകൃഷ്ണനെ പോലും ചോദ്യം ചെയ്യുമെന്ന അഭ്യൂഹം നിലനില്‍ക്കേ ഈ അനുമതി നല്‍കേണ്ടതും അദ്ദേഹം; അസാധാരണ സാഹചര്യം മറികടക്കാനുറച്ച് കസ്റ്റംസ്

സംസ്ഥാനത്തെ നിയമസഭാ സമ്മേളനം നാളെ നടക്കാനിരിക്കെ അസാധാരണ സംഭവങ്ങള്‍ ഉണ്ടാകുമോയെന്ന് കാതോര്‍ത്തിരിക്കുകയാണ് കേരളം. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്യുമെന്ന വാര്‍ത്ത വന്നതോടെ ശക്തമായ നടപടിയിലേക്കാണ് പോകുന്നത്. നിയമസഭാ ചുറ്റളവിനുള്ളില്‍ ഉദ്യോഗസ്ഥര്‍ക്കു നോട്ടിസ് നല്‍കുന്നതിനു സ്പീക്കറുടെ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ കസ്റ്റംസിനു കത്തു നല്‍കി.
ചട്ടം 165 ല്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും കസ്റ്റംസിനു നല്‍കിയ കത്തില്‍ പറയുന്നു. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടു സ്പീക്കറുടെ അസി. സെക്രട്ടറി കെ. അയ്യപ്പനു 2 തവണ കസ്റ്റംസ് നോട്ടിസ് നല്‍കിയെങ്കിലും അദ്ദേഹം ഹാജരായില്ല. ഓഫിസില്‍ നിന്ന് അനുമതി കിട്ടിയ ശേഷം ഹാജരാകാമെന്നാണ് അയ്യപ്പന്‍ കസ്റ്റംസിനെ അറിയിച്ചിരുന്നത്.
ഡോളര്‍ കടത്തു കേസില്‍ ചോദ്യം ചെയ്യാന്‍ എത്തണമെന്ന് ആവശ്യപ്പെട്ട നിയമസഭാ സ്പീക്കറുടെ അസി. െ്രെപവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ എത്തിയിരുന്നില്ല. നാളെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ ജോലിയില്‍നിന്നു മാറിനില്‍ക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞാണ് ഇന്നലെ നടക്കേണ്ട ചോദ്യം ചെയ്യലിന് അയ്യപ്പന്‍ ഹാജരാകാതിരുന്നത്.
നിയമസഭാ സമ്മേളനം നടക്കുന്ന 8നും 28നും ഇടയിലാണു ഹാജരാകേണ്ട ദിവസമെങ്കില്‍ നേരത്തേ അറിയിക്കണമെന്നും അത്യാവശ്യമാണെങ്കില്‍ നാളെ എത്താമെന്നും അയ്യപ്പന്‍ മറുപടി നല്‍കി. 8ന് ഹാജരാകാന്‍ കസ്റ്റംസ് വീണ്ടും നോട്ടിസ് നല്‍കും. അയ്യപ്പനു നല്‍കുന്ന മൂന്നാമത്തെ നോട്ടിസാണിത്.
ചൊവ്വാഴ്ച ചോദ്യം ചെയ്യലിനെത്താന്‍ തിങ്കളാഴ്ച വൈകിട്ടാണ് ആദ്യം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അയ്യപ്പനു നോട്ടിസ് നല്‍കിയത്. അനുമതി ലഭിച്ചില്ലെന്നും വരാന്‍ പറ്റില്ലെന്നും ചൊവ്വാഴ്ച 11 മണിയോടെ അയ്യപ്പന്‍ അറിയിച്ചു. ഇന്നലെ 10ന് എത്താന്‍ ചൊവ്വാഴ്ച വീണ്ടും നോട്ടിസ് നല്‍കി. നിയമസഭാ സമ്മേളനം തുടങ്ങുന്ന പശ്ചാത്തലത്തില്‍ എത്താന്‍ സാധിക്കില്ലെന്നു രേഖാമൂലം ഇന്നലെ അറിയിച്ചു.
യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ഖാലിദ് അലി ഷൗക്രി, സ്വപ്ന, സരിത് എന്നിവരുടെ സഹായത്തോടെ 1.90 ലക്ഷം ഡോളര്‍ കടത്തിയെന്ന കേസിലാണ് അയ്യപ്പനെ ചോദ്യം ചെയ്യുക.
ഡോളര്‍ക്കടത്തുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി അയ്യപ്പന്‍ ബുധനാഴ്ചയും കസ്റ്റംസിനു മുന്നില്‍ ഹാജരാകാത്തതോടെ ഇനിയെന്തുണ്ടാകുമെന്ന ആകാംക്ഷയിലാണ് മലയാളികള്‍. വെള്ളിയാഴ്ച ആരംഭിക്കുന്ന സഭാ സമ്മേളനവുമായി ബന്ധപ്പെട്ട് ജോലി തിരക്കുകളുള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന വിശദീകരണമാണ് ഇ മെയിലിലൂടെ കസ്റ്റംസിനെ അറിയിച്ചത്.
കഴിഞ്ഞദിവസം ഹാജരാകണമെന്നു ഫോണിലൂടെ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നെങ്കിലും നോട്ടിസ് ലഭിക്കാത്തതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നു നിലപാടെടുത്തിരുന്നു. തുടര്‍ന്നു ചൊവ്വാഴ്ച വൈകുന്നേരം തന്നെ വാട്‌സാപ്പിലൂടെയും ഇ മെയിലിലൂടെയും ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള നോട്ടിസ് കെ.അയ്യപ്പന് കസ്റ്റംസ് കൈമാറിയിരുന്നു. അതിനിടെയാണ് സ്പീക്കറുടെ അനുമതി വേണമെന്ന നിയമസഭാ സെക്രട്ടറിയുടെ കത്ത് വന്നത്.
പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടേയാണ് അസി. പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെ ചോദ്യം ചെയ്യാന്‍ വിളിച്ചത്. അപ്പോഴാണ് നിയമസഭ സെക്രട്ടറി തന്നെ പറയുന്നത് സ്റ്റാഫിനെ ചോദ്യം ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്ന്. ആരോപണ വിധേയനായ ആ സ്പീക്കറുടെ അനുമതിയാണ് ചോദിക്കുന്നത്. അതിനാല്‍ തന്നെ നിയമവശം പരിശോധിച്ച് കോടതിയെ ഉള്‍പ്പെടെ സമീപിക്കാനൊരുങ്ങുകയാണ് കസ്റ്റംസ്.
https://www.facebook.com/Malayalivartha