കാര്യങ്ങള്‍ കൈവിടുന്നു... കേരളത്തില്‍ സ്വര്‍ണത്തിന് മുമ്പേ ശിവശങ്കറെ നോട്ടമിട്ടതാണ് സ്പ്രിംക്ലര്‍; നല്ലപിള്ളയായി ചാനലില്‍ ലൈവ് ഇന്റര്‍വ്യൂ നടത്തി അന്ന് രക്ഷപ്പെട്ട ശിവശങ്കര്‍ പിന്നീട് സ്വര്‍ണത്തില്‍ കുടുങ്ങി; കോവിഡ് വിവര വിശകലനത്തിനു സ്പ്രിന്‍ക്ലര്‍ കമ്പനിയെ ഉള്‍പ്പെടുത്തിയത് മുഖ്യമന്ത്രി അറിയാതെയെന്ന് റിപ്പോര്‍ട്ട്; സ്പ്രിന്‍ക്ലറിനു പിന്നില്‍ ശിവശങ്കര്‍

സ്വര്‍ണക്കടത്തിന് മുമ്പ് എം. ശിവശങ്കറെ മലയാളികള്‍ക്ക് സുപരിചിതനാക്കിയ സംഭവമാണ് സ്പ്രിന്‍ക്ലര്‍ വിവാദം. എന്നാല്‍ അന്ന് വിദഗ്ധമായി ശിവശങ്കര്‍ ഊരുകയായിരുന്നു. നല്ലപിള്ളയായി ചാനലില്‍ ലൈവ് ഇന്റര്‍വ്യൂ നടത്തി അന്ന് രക്ഷപ്പെട്ട ശിവശങ്കര്‍ പിന്നീട് സ്വര്‍ണത്തില്‍ കുടുങ്ങിയതോടെ സ്പിന്‍ക്ലറും പോയി. എന്നാല്‍ വീണ്ടും സ്പ്രിന്‍ക്ലര്‍ ചര്‍ച്ചയാകുകയാണ്. സ്പിന്‍ക്ലറില്‍ മുഖ്യമന്ത്രി പിണറായി വിജയനോ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസിനേ പങ്കില്ലെന്ന റിപ്പോര്‍ട്ടാണ് പ്രമുഖ പത്രം നല്‍കുന്നത്.
കോവിഡ് വിവരവിശകലനത്തിനു സ്പ്രിന്‍ക്ലര്‍ കമ്പനിയെ ഉള്‍പ്പെടുത്തിയത് ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനോ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസോ അറിയാതെയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്പ്രിന്‍ക്ലര്‍ തയാറാക്കിയ കരാര്‍രേഖ ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ ഏകപക്ഷീയമായി നടപ്പാക്കിയതിലൂടെ പൊതുജനങ്ങളുടെ വിവരങ്ങള്‍ക്കുമേല്‍ കമ്പനിക്കു സമ്പൂര്‍ണ അവകാശം നല്‍കുന്ന സ്ഥിതിയുണ്ടായെന്നും വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.
വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചു മൂന്നാം തവണയാണ് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുഭരണ വകുപ്പു തയാറായത്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് മുന്‍ വ്യോമയാന സെക്രട്ടറി എം.മാധവന്‍ നമ്പ്യാര്‍, സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഡോ. ഗുല്‍ഷന്‍ റായ് എന്നിവരുടെ സമിതിതന്നെ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയാറായിരുന്നില്ല.
സ്പ്രിന്‍ക്ലറിലേക്കു വിവരങ്ങള്‍ എത്തിത്തുടങ്ങിയ 2020 മാര്‍ച്ച് 25 മുതലുള്ള സെര്‍വര്‍ വിവരങ്ങള്‍ സൈബര്‍ സുരക്ഷാ പരിശോധനയ്ക്കായി ആവശ്യപ്പെട്ടെങ്കിലും സി-ഡിറ്റ് നല്‍കിയത് ഏപ്രില്‍ 3 മുതല്‍ 19 വരെയുള്ള പരിമിതമായ വിവരങ്ങള്‍. ചില സ്വകാര്യ ഐപി വിലാസങ്ങളിലേക്കു വിവരം കൈമാറിയത് കേന്ദ്ര ഐടി വകുപ്പിനു കീഴിലെ എസ്ടിക്യുസി (സ്റ്റാന്‍ഡേഡൈസേഷന്‍ ടെസ്റ്റിങ് ആന്‍ഡ് ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍) നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെങ്കിലും സി-ഡിറ്റ് നല്‍കിയ വിവരങ്ങള്‍ പരിമിതമായതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചില്ല. അതിനാല്‍ സ്വകാര്യത, രഹസ്യാത്മകത, വിവരസുരക്ഷ എന്നീ വിഷയങ്ങളില്‍ നിഗമനങ്ങളിലെത്താന്‍ കഴിയുന്നില്ലെന്നും സമിതി പറയുന്നു. 1.82 ലക്ഷം പേരുടെ വിവരങ്ങളാണ് ഏപ്രില്‍ ആദ്യ ആഴ്ച വരെ സ്പ്രിന്‍ക്ലറിന്റെ അക്കൗണ്ടിലെത്തിയത്.
കോവിഡ് പ്രതിരോധ കാര്യങ്ങള്‍ ആരോഗ്യ വകുപ്പിനു കീഴിലാണെന്നും ഐടി വകുപ്പ് സഹായി മാത്രമായിരിക്കണമെന്നും ഫയലില്‍ എഴുതിയിരുന്നെന്ന് ആരോഗ്യ സെക്രട്ടറി സമിതിയെ അറിയിച്ചു. സ്പ്രിന്‍ക്ലര്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പുമായി ചര്‍ച്ച നടന്നിട്ടില്ല.
സ്പ്രിന്‍ക്ലറുമായി ചര്‍ച്ച നടത്തിയത് ഐടി വകുപ്പ് ഉന്നതരുടെ അനൗദ്യോഗിക സംഘമാണ്. പല തവണ ആവശ്യപ്പെട്ടിട്ടും ഒരു യോഗത്തിന്റെ പോലും മിനിറ്റ്‌സ് വിദഗ്ധസമിതിക്കു ലഭ്യമാക്കിയില്ല.
സമിതിയുടെ കണ്ടെത്തലുകള്‍ ഇങ്ങനെയാണ്. കരാര്‍ നടപ്പാക്കിയവര്‍ക്കു സാങ്കേതിക, നിയമ വൈദഗ്ധ്യം വേണ്ടത്രയില്ല. കരാര്‍ വ്യവസ്ഥകള്‍ ദുരുപയോഗ സാധ്യതയുള്ളത്. മുഖ്യമന്ത്രി പോലുമറിയാതെ കരാര്‍ ഒപ്പിട്ടതു സംസ്ഥാന താല്‍പര്യത്തിനു വിരുദ്ധം. പ്ലാറ്റ്‌ഫോമിന്റെ ശേഷിയും സുരക്ഷയും പരിശോധിച്ചില്ല. യുഎസിലെ കോടതിയുടെ പരിധിയിലായതിനാല്‍ സ്പ്രിന്‍ക്ലറിനെതിരെ നടപടി ദുഷ്‌കരം.
ഇങ്ങനെയാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. എം. ശിവശങ്കര്‍ തന്റെ അധികാരം എത്രമാത്രം ദുര്‍വിനിയോഗം ചെയ്തു എന്ന് കാണിക്കുന്നതാണ് ഈ വിവരങ്ങള്‍. സ്പ്രിന്‍ക്ലറില്‍ കുടുങ്ങാത്ത ശിവശങ്കര്‍ സ്വര്‍ണത്തില്‍ കുടുങ്ങിയതോടെ പ്രതിപക്ഷവും ശാന്തമായി.
L
https://www.facebook.com/Malayalivartha


























