തിങ്കൾ മുതൽ ഫാസ്‌ടാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ.... ഫാസ് ടാഗില്ലെങ്കിൽ ടോൾ പിരിവിൽ ഇരട്ടി പിഴ കൊടുക്കേണ്ടിവരും...

ദേശീയപാതയിലെ ടോൾ പ്ലാസകളിൽ തിങ്കളാഴ്ച അർധരാത്രി മുതൽ ഫാസ്‌ടാഗ് സംവിധാനം നിർബന്ധമാക്കി. ഈ വർഷം മൂന്നുതവണയായി നീട്ടി നൽകിയ ഇളവാണ് ഇന്നത്തോടെ അവസാനിക്കുക.
വാഹനങ്ങളിൽ ഇതുവരെ ഫാസ്ടാഗ് ഘടിപ്പിക്കാത്തവർ ഇരട്ടിത്തുക പിഴ നൽകേണ്ടി വരും. പ്രവർത്തനക്ഷമമല്ലാത്ത ഫാസ്‌ടാഗ് പതിച്ചവർക്കും ഇരട്ടി തുക തന്നെയാകും പിഴ.
ജനുവരി 1 മുതൽ ഫാസ്ടാഗ് നിർബന്ധമാക്കിയിരുന്നെങ്കിലും ഫെബ്രുവരി 15 വരെ പിന്നീട് നീട്ടുകയായിരുന്നു. പല തവണ സമയം നീട്ടിനൽകി, ഇനിയും നീട്ടാനാകില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. കേന്ദ്ര മോട്ടോർവാഹന നിയമം ഭേദഗതി ചെയ്താണ് കേന്ദ്ര ഗതാഗത മന്ത്രാലയം ഫാസ്‌ടാഗ് സംവിധാനം നിർബന്ധമാക്കിയത്. ടോളുകളിലും മറ്റും സംമ്പര്‍ക്ക രഹിത ഇടപാടുകള്‍ ഉറപ്പാക്കുന്നതിനായിട്ടാണ് എല്ലാ വാഹനങ്ങളിലും ഫാസ്റ്റാഗ് നിർബന്ധമാക്കിയതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
നാഷനൽ പെർമിറ്റ് വാഹനങ്ങളിൽ 2019 ഒക്ടോബർ മുതൽ തന്നെ ഫാസ്ടാഗ് നിർബന്ധമാക്കിയതാണ്. രാജ്യത്തുള്ള ടോള്‍ പ്ലാസകളില്‍ 75 മുതല്‍ 80 ശതമാനം വാഹനങ്ങള്‍ മാത്രമാണ് ഫാസ്ടാഗ് ഉപയോഗിച്ച് കടന്നുപോകുന്നത്. ഇത് 100 ശതമാനമാക്കി ഉയര്‍ത്തുകയാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം.
ടോൾ പ്ലാസകളിൽ ഡിജിറ്റൽ പേമെന്റ് ശക്തമാക്കുകയെന്ന നീക്കവും ഇതിനു പിന്നിലുണ്ടെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു. ടോൾ പ്ലാസകളിലെ കാത്തിരിപ്പു സമയം കുറയ്ക്കുക, ഇന്ധനം ലാഭിക്കുക, തടസ്സങ്ങളില്ലാത്ത യാത്ര തുടങ്ങിയവയാണ് ഫാസ്‌ടാഗിലൂടെ ലക്ഷ്യമിടുന്നത്.
ഫാസ്‌ടാഗിനെ കുറിച്ചുള്ള ചില വിവരങ്ങൾ നമുക്കൊന്ന് പരിശോധിക്കാം... വാഹന ഉടമ മുൻകൂർ പണമടച്ച് എടുക്കുന്ന പ്രത്യേക അക്കൗണ്ടാണ് ഫാസ്ടാഗ്. വാഹനം ടോൾ പ്ലാസയുടെ നിശ്ചിത ദൂരത്തെത്തുമ്പോൾ, വിൻഡ് സ്‌ക്രീനിൽ പതിപ്പിച്ച ഇലക്‌ട്രോണിക് ചിപ്പിലൂടെ ടോൾ പ്ലാസയിലെ സ്കാനർ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷനിലൂടെ ടോൾ തുക ഈടാക്കുന്നതാണ്. വാഹനം ടോൾ പ്ലാസ കടക്കുമ്പോൾ തന്നെ ഈടാക്കിയ തുകയുടെ വിവരം ഉടമയുടെ മൊബൈലിൽ എത്തും.
ഇതു കൊണ്ടുള്ള പ്രയോജനം എന്തെന്നാൽ, ഫാസ്‌ടാഗ് വരുന്നതോടെ മൂന്നു സെക്കൻഡുകൊണ്ട് പണമടച്ച് വാഹനങ്ങൾക്ക് ടോൾ പ്ലാസ കടക്കാൻ സാധിക്കും. ഇവ ലഭിക്കാനായി ഒട്ടനവധി മാർഗങ്ങളാണ് ഉള്ളത്.
പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ തന്നെ ഫാസ്‌ടാഗ് നിർബന്ധമാക്കിയിട്ടുണ്ട്. പഴയ വാഹനങ്ങൾക്ക് ഫാസ്‌ടാഗെടുക്കാൻ ടോൾ പ്ലാസകളിലും അനുവദിച്ചിട്ടുള്ള 23 ബാങ്കുകളുടെ ശാഖകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. ആമസോൺ, പേ ടിഎം തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി ഓൺലൈനായും എടുക്കാം. വാഹനത്തിന്റെയും ഉടമയുടെയും തിരിച്ചറിയൽ രേഖകൾ ഹാജരാക്കണം എന്നതാണ് നിബന്ധന.
ഇതിനായി നമ്മൾ 100 രൂപ കാർഡ് ആക്ടിവേഷൻ ചാർജ്, 200 രൂപ ആദ്യ മിനിമം ഗഡു, 200 രൂപ റീഫണ്ടബിൾ ഡെപ്പോസിറ്റ് എന്നിങ്ങനെ 500 രൂപയോളമാണ് ആദ്യമടയ്ക്കേണ്ടത്. പിന്നീട് യാത്രയ്ക്കനുസരിച്ച് റീച്ചാർജ് ചെയ്യാനും കഴിയും. നിരത്തുകളിൽ നിലവിൽ ഓടുന്ന വാഹനങ്ങളിൽ 80 ശതമാനത്തോളം ഫാസ്‌ടാഗിലേക്കു മാറിക്കഴിഞ്ഞതായാണ് ഡിസംബർ 31 വരെയുള്ള കണക്ക് പ്രകാരം അറിയാൻ കഴിയുന്നത്. ദേശീയപാതയിൽ കൊച്ചിയിലെ കുമ്പളത്തെയും തൃശ്ശൂർ പാലിയേക്കരയിലെയും ടോൾ പ്ലാസകൾ പൂർണമായും ഫാസ്ടാഗ് സംവിധാനത്തിലേക്കു മാറിക്കഴിഞ്ഞു.
എന്‍ഇടിസി ഫാസ്റ്റാഗ് സംവിധാനം ആരംഭിച്ച് നാല് വര്‍ഷത്തിനുള്ളില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സർക്കാരിന് സാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ലക്ഷകണക്കിന് വാഹന ഉടമകള്‍ക്ക് ഇത് ഉപകാരപ്രദമാകുന്നുണ്ട്. ഭാവിയില്‍ ഫാസ്റ്റാഗ് സേവനം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്ന് എന്‍പിസിഐ സിഇഒ പ്രവീണ റായി വ്യക്തമാക്കി.
https://www.facebook.com/Malayalivartha