നെടുങ്കണ്ടം കസ്റ്റഡി മരണം.... കസ്റ്റഡി മരണ കേസുകളില്‍ ഉത്തരവാദികളായ പൊലീസുകാരെ വിചാരണ കൂടാതെ പിരിച്ചുവിടാന്‍ മന്ത്രിസഭയുടെ സുപ്രധാന തീരുമാനം....ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍ ശിപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു

കസ്റ്റഡി മരണ കേസുകളില്‍ ഉത്തരവാദികളായ പൊലീസുകാരെ വിചാരണ കൂടാതെ പിരിച്ചുവിടാന്‍ മന്ത്രിസഭയുടെ സുപ്രധാന തീരുമാനം. വിവാദമായ നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിച്ച റിട്ട. ജസ്റ്റിസ് കെ. നാരാണയക്കുറുപ്പിന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും അംഗീകരിച്ചാണ് നിര്‍ണായക ചുവട്.
ഇതനുസരിച്ച് ആദ്യഘട്ടമായി, ഇടുക്കി കോലാഹലമേട്ടില്‍ രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ ആറ് പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. ഭരണഘടനയുടെ അനുച്ഛേദം 311 (2) പ്രകാരമുള്ള കമ്മിഷന്‍ ശുപാര്‍ശയനുസരിച്ചാണ് ഇത്.
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ അന്നത്തെ എസ്.ഐ സാബു, എ.എസ്.ഐ റോയ്, ഡ്രൈവര്‍ നിയാസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിബിന്‍, റെജിമോന്‍, ഹോം ഗാര്‍ഡ് ജെയിംസ് എന്നിവരെ പിരിച്ചുവിടാനുള്ള നിര്‍ദ്ദേശമാണ് പൊലീസ് ആസ്ഥാനത്തിനു കൈമാറുക. കസ്റ്റഡി മരണ കേസുകളില്‍ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ സാധാരണയായി വിചാരണയില്‍ കുറ്റക്കാരെന്നു കണ്ടെത്തിയാലാണ് പിരിച്ചുവിടല്‍ നടപടിയുണ്ടാവുക.
2019 ജൂലായ് 21ന് ഇടുക്കി പീരുമേട് സബ് ജയിലിലാണ് രാജ് കുമാര്‍ മരിച്ചത്. തുടര്‍ച്ചയായി 72 മണിക്കൂര്‍ രാജ് കുമാറിനെ പൊലീസുദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ന്യൂമോണിയ ബാധിച്ചാണ് മരണമെന്നായിരുന്നു കണ്ടെത്തല്‍.
പിന്നീട് ജുഡിഷ്യല്‍ കമ്മിഷന്‍ മൃതദേഹം വീണ്ടെടുത്ത് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ക്രൂരമായ പൊലീസ് മര്‍ദ്ദം നടന്നെന്ന് കണ്ടെത്തി. മൃതദേഹത്തില്‍ 21 മുറിവുകള്‍ കണ്ടെത്തിയിരുന്നു. വൃക്ക പൂര്‍ണമായി തകരാറിലായി. ആന്തരാവയവങ്ങള്‍ക്കെല്ലാം കേടുപാട് സംഭവിച്ചു. മര്‍ദ്ദനത്തിന് തെളിവും സാക്ഷിമൊഴികളുമുണ്ടായിരുന്നു.
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ്, വിശ്രമമുറി, മരിച്ച രാജ്കുമാറിന്റെ വീട് എന്നിവിടങ്ങളില്‍ കമ്മിഷന്‍ തെളിവെടുപ്പ് നടത്തി. 73 സാക്ഷികളെ വിസ്തരിച്ചു. 153 പേജുകളുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് കമ്മിഷന്‍ സമര്‍പ്പിച്ചത്.'
https://www.facebook.com/Malayalivartha