നാക്ക് കരിനാക്കാവുമോ... ജോസ് കെ മാണിയെ മാന്ത്രികനായ മാന്‍ഡ്രേക്കായി ചിത്രീകരിച്ച മാണി സി കാപ്പന്‍ മാന്‍ഡ്രേക്കാകുമോയെന്ന് യുഡിഎഫിന് സംശയം; ഒറ്റയ്ക്ക് വന്ന മാണി സി കാപ്പന്‍ ആവശ്യപ്പെടുന്നത് 3 സീറ്റുകള്‍; പാലാ കൂടാതെ കായംകുളവും മലബാറിലെ ഒരു സീറ്റും ചോദിച്ച് തുടങ്ങിയതോടെ സീറ്റ് മോഹികള്‍ കളി തുടങ്ങി

ഉള്ള സീറ്റുകള്‍ പോലും കോണ്‍ഗ്രസിനും യുഡിഎഫിനും തികയുന്നില്ല. അതിനിടയ്ക്കാണ് മാണി സി കാപ്പന്റെ വരവ്. മാണി സി കാപ്പന് പാല സീറ്റ് നല്‍കുന്നതില്‍ യുഡിഎഫിന് അഭിപ്രായ വ്യത്യാസമില്ല. കാപ്പനെ മാത്രം ഉള്‍ക്കൊള്ളാനാണ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ ചെന്നിത്തല ക്ഷണിച്ചത്.
എന്നാല്‍ കാപ്പനല്ലേ ആള്. കൈപ്പത്തിയില്‍ മത്സരിച്ചാല്‍ ജയിച്ചുകഴിഞ്ഞ് മറുകണ്ടം ചാടിയാല്‍ കൂറുമാറ്റം വരും. മാത്രമല്ല ജോസ് കെ മാണിയെ മാന്ത്രികനായ മാന്‍ഡ്രേക്കായി ചിത്രീകരിച്ച മാണി സി കാപ്പന്‍ മാന്‍ഡ്രേക്കാകുമോയെന്നാണ് യുഡിഎഫിന് സംശയം.
എന്‍സിപി മാണി സി. കാപ്പന്‍ വിഭാഗം യുഡിഎഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത് 3 സീറ്റ്. പാലാ കൂടാതെ കായംകുളവും മലബാറിലെ ഒരു സീറ്റുമാണ് ലക്ഷ്യം. പാലാ ഇതിനകം നല്‍കിക്കഴിഞ്ഞ കോണ്‍ഗ്രസ് മറ്റു സീറ്റുകളുടെ കാര്യത്തില്‍ മനസ് തുറന്നിട്ടില്ല.
തൃണമൂല്‍ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് (എസ്) എന്നീ പാര്‍ട്ടികളില്‍ നിന്നു ചില നേതാക്കള്‍ കാപ്പന്റെ എന്‍സിപിയില്‍ ചേരുമെന്നാണ് അറിവ്.
ഇതിനിടെ, കാപ്പനെ എന്‍സിപിയില്‍ നിന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണു നടപടിയെന്നു സെക്രട്ടറി എസ്.ആര്‍. കോലി അറിയിച്ചു.
കാപ്പന്റെ നേതൃത്വത്തില്‍ പുതിയ എന്‍സിപി രൂപീകരിക്കുന്നതിന് ഇന്നലെ പാലായില്‍ ചേര്‍ന്ന നേതാക്കളുടെ യോഗം തീരുമാനിച്ചു. 22ന് തിരുവനന്തപുരത്ത് അന്തിമ രൂപരേഖ പുറത്തിറക്കും. ചിഹ്നം, കൊടി, ഭരണ ഘടന എന്നിവയും അന്നു നിശ്ചയിക്കും. 28നുള്ളില്‍ പാര്‍ട്ടി പ്രഖ്യാപനം നടക്കും.
എന്‍സിപി കേരള എന്ന പേരിനാണ് മുന്‍ഗണന. മാണി സി. കാപ്പനായിരിക്കും പ്രസിഡന്റ്. കാപ്പന്‍ ചെയര്‍മാനായ പത്തംഗ സമിതിയില്‍ ബാബു കാര്‍ത്തികേയന്‍, സലീം പി. മാത്യു, എം.ആലിക്കോയ, പി.ഗോപിനാഥ്, സുള്‍ഫിക്കര്‍ മയൂരി, ബാബു തോമസ്, കടകംപള്ളി സുകു, പ്രദീപ് പാറപ്പുറം, സാജു എം.ഫിലിപ്പ് എന്നിവരെ ഉള്‍പ്പെടുത്തി. കാപ്പന്‍ ഇന്ന് മുംബൈയ്ക്കു പോകും.
അതേസമയം രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ വേദികളില്‍ 2 പേര്‍ യുഡിഎഫ് സീറ്റ് ഉറപ്പിച്ചു. കടുത്തുരുത്തിയില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) ഹൈപവര്‍ കമ്മിറ്റി അംഗം മോന്‍സ് ജോസഫ് ആയിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.
എല്‍ഡിഎഫ് വിട്ടുവന്ന മാണി സി. കാപ്പനായിരിക്കും പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെന്നു പാലായിലെ സ്വീകരണ സമ്മേളനത്തിലും പ്രതിപക്ഷ നേതാവ് സൂചിപ്പിച്ചു. തിരഞ്ഞെടുപ്പു തീയതി പോലും പ്രഖ്യാപിക്കപ്പെടും മുന്‍പാണ് 2 സ്ഥാനാര്‍ഥികളുടെ പേര് പ്രതിപക്ഷ നേതാവു തന്നെ പ്രഖ്യാപിച്ചത്.
അതേസമയം, പി.സി. ജോര്‍ജിന്റെ മുന്നണി പ്രവേശവും പൂഞ്ഞാറിലെ സ്ഥാനാര്‍ഥിത്വവും സംബന്ധിച്ച് യുഡിഎഫ് ചര്‍ച്ചയിലൂടെ തീരുമാനം എടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം എന്‍സിപി വിട്ട മാണി സി.കാപ്പന്‍ കോണ്‍ഗ്രസില്‍ വരണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബമാണു കാപ്പന്റേത്. കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനു കൈപ്പത്തി ചിഹ്നം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.
എന്‍സിപി പിളര്‍ന്നു പുതിയ പാര്‍ട്ടി രൂപീകരിച്ചാണു വരുന്നതെങ്കില്‍ യുഡിഎഫില്‍ ഘടകകക്ഷി ആക്കുന്നത് എഐസിസിയോട് ആലോചിച്ചു മാത്രമേ തീരുമാനിക്കാന്‍ കഴിയൂ. ഒറ്റയ്ക്ക് അഭിപ്രായം പറയാന്‍ സാധിക്കില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. എന്തായാലും ഇതോടെ കാപ്പന്‍ മാന്‍ഡ്രേക്ക് ആകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
https://www.facebook.com/Malayalivartha

























