സങ്കടക്കാഴ്ചയായി... മാരത്തോൺ ഓട്ടത്തിനിടയിൽ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മാരത്തോൺ ഓട്ടത്തിനിടയിൽ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം എച്ച്ഡിഎഫ്സി ബാങ്ക് സീനിയർ മാനേജരും പേരൂർക്കട മണ്ണാമൂല സ്വദേശിയുമായ കെ ആർ ആഷിക് (47) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ ശംഖുംമുഖത്ത് നിന്നും ആരംഭിച്ച ഗ്രീൻ മാരത്തൺ എക്സ്പോയിൽ വച്ചായിരുന്നു സംഭവം നടന്നത്. 21 കിമി വിഭാഗത്തിലാണ് ആഷിക് ഓടിയത്. ശംഖുമുഖത്ത് നിന്ന് ഓടി വലിയവേളി പള്ളിക്ക് സമീപമെത്തിയപ്പോൾ ആഷിക് കുഴഞ്ഞു വീഴുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു.
തുടർന്ന് സിപിആർ നൽകിയ ശേഷം നാട്ടുകാരും സംഘാടകരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായി കഴിഞ്ഞില്ല. മാരത്തണുകളിൽ സജീവമായി പങ്കെടുക്കാറുണ്ടായിരുന്നു അദ്ദേഹം.
അതേസമയം മാരത്തണിൽ സുരക്ഷാ സംവിധാനങ്ങളൊന്നുമുണ്ടായില്ലെന്നും വാഹനങ്ങൾ നിയന്ത്രിക്കാതെ നടത്തിയ പരിപാടിയിൽ പങ്കെടുത്ത പലരും തലനാരിഴയ്ക്കാണ് അപകടങ്ങളിൽ നിന്നും രക്ഷപ്പെട്ടതെന്നും മാരത്തണിൽ പങ്കെടുത്തവർ പറഞ്ഞു.
പുലർച്ചെ നടത്തിയ പരിപാടിയിൽ റോഡിൽ പലയിടത്തും വെളിച്ചമോ, വാളൻറിയേഴ്സ് സേവനമോ കാര്യമായി ഉണ്ടായില്ലെന്നും പങ്കെടുത്തവർ പറഞ്ഞു. തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha























