താമ്രപത്രം നല്‍കിയത് എന്തിന്... ഹിന്ദു സ്ത്രീകളെ അവഹേളിച്ച നോവലിന് സര്‍ക്കാര്‍ താമ്രപത്രം നല്‍കിയത് കരുതിക്കൂട്ടിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍; ശബരിമല വിവാദം കെട്ടടങ്ങിയപ്പോള്‍ അതിന് പിന്നാലെ വന്ന മീശ വിവാദം ചൂട് പിടിക്കുന്നു

ഉടന്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം എടുത്തിട്ടത് പ്രതിപക്ഷമാണ്. ചര്‍ച്ച ചെയ്യേണ്ടെന്ന് സിപിഎം പറഞ്ഞെങ്കിലും വിഷയം വഴിതിരിച്ചുവിടാന്‍ യുഡിഎഫിനായി.
എന്നാല്‍ മാണി സി കാപ്പന്റെ വരവും നിയമന വിവാദവും വന്നതോടെ ശബരിമല എല്ലാവരും മറന്നു പോയി. അടുത്ത വിവാദമായിരുന്നു മീശ. എസ്. ഹരീഷിന്റെ മീശ എന്ന നോവലിന് കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് നല്‍കിയതാണ് ബിജെപിയുടെ എതിര്‍പ്പ് ക്ഷണിച്ച് വരുത്തിയത്.
മീശയ്ക്ക് കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്തെത്തി. കേരളത്തില്‍ ഉളുപ്പില്ലായ്മയ്ക്ക് ഒരു പര്യായപദമുണ്ടെങ്കില്‍ അത് പിണറായി വിജയനാണെന്ന് വി. മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
കേരളത്തിലെ ഹിന്ദു സമൂഹത്തെ വേദനിപ്പിച്ച എസ്. ഹരീഷിന്റെ മീശ നോവലിന് സാഹിത്യ അക്കാഡമി പുരസ്‌കാരം നല്‍കിയതിലൂടെ പിണറായിയും കൂട്ടരും നല്‍കുന്ന സന്ദേശമെന്താണെന്ന് അദേഹം ചോദിച്ചു. ശബരിമലയില്‍ വിശ്വാസികളുടെ ചങ്കില്‍ കത്തിയിറക്കിയ പിണറായി വിജയനില്‍ നിന്ന് ഇതില്‍ക്കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല. കേരളത്തിലെ ഹിന്ദു വിശ്വാസികളുടെ പ്രതിഷേധം സര്‍ക്കാര്‍ മുഖവിലയ്ക്കുപോലും എടുക്കുന്നില്ല എന്നതിന്റെ തുടര്‍ച്ചയായി വേണം മീശയ്ക്ക് പുരസ്‌കാരം നല്‍കിയ പ്രഖ്യാപനത്തെ കാണാനെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെ അവഹേളിച്ച നോവലിന് പിണറായി സര്‍ക്കാര്‍ താമ്രപത്രം നല്‍കുന്നത് കരുതിക്കൂട്ടിയാണ്.
അവാര്‍ഡ് നിര്‍ണയ സമിതിയുടെ തീരുമാനമെന്ന് പറഞ്ഞ് തടിതപ്പാമെന്ന് പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ട. മീശ നോവലിലെ വിവാദ ഭാഗം 2018 ജൂലൈയില്‍ ഫേസ്ബുക്കില്‍ ഇടാന്‍ എം.വി. ജയരാജന് അന്ന് നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രിയായിരുന്നോ എന്നു കൂടി വ്യക്തമാക്കണം.
ഹൈന്ദവബിംബങ്ങളെയും, സ്ത്രീകളെയും അപമാനിക്കുന്നവരെ ആദരിക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുകയെന്ന ഇടത് നയം അവാര്‍ഡ് പ്രഖ്യാപനത്തിലും പ്രകടമാണ്. വിശ്വാസികളായ ഹൈന്ദവ സ്ത്രീകള്‍ക്ക് മീശ ഉണ്ടാക്കിയ വേദന ചെറുതല്ലെന്ന് അക്കാദമിയുടെ തലപ്പത്തിരിക്കുന്നവര്‍ മനസ്സിലാക്കണം. നോവല്‍ ആദ്യം പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണം മാപ്പു പറഞ്ഞതും ഈ ഘട്ടത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. പിണറായി സര്‍ക്കാരിന്റെ മീശ പിരിച്ചുള്ള വെല്ലുവിളി വിശ്വാസികള്‍ മാത്രമല്ല, കേരളത്തിന്റെ പൊതു സമൂഹമൊട്ടാകെ കണ്ണുതുറന്ന് കാണുന്നുണ്ടെന്ന് മറക്കേണ്ടന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
നോവലിന് കേരളസാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കുന്നത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നാണ് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറയുന്നത്.
മീശയ്ക്ക് അവാര്‍ഡ് നല്‍കിയത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും, പിണറായി വിജയന്‍ സര്‍ക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ലെന്നും കെ സുരേന്ദ്രന്‍ പറയുന്നു. ശബരിമലയില്‍ ചെയ്ത അതേ കാര്യമാണ് പിണറായി ചെയ്യുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിക്കുന്നു. നോവലില്‍ വര്‍ഗീയപരാമര്‍ശം ഉണ്ടെന്നും, പ്രസിദ്ധീകരിച്ചവര്‍ തന്നെ അത് പിന്‍വലിച്ചതാണെന്നും കെ സുരേന്ദ്രന്‍ പറയുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മീശ നോവല്‍ ആദ്യം പ്രസിദ്ധീകരിച്ചു വന്നിരുന്നത്. എന്നാല്‍ ഈ പരാമര്‍ശങ്ങളുടെ പേരില്‍ വലിയ വിവാദമുയര്‍ന്നതിനെത്തുടര്‍ന്ന് നോവലിന്റെ പ്രസിദ്ധീകരണം ആഴ്ചപ്പതിപ്പ് നിര്‍ത്തി. ഒടുവില്‍ ഡിസി ബുക്‌സ് പുസ്തകം പ്രസിദ്ധീകരിക്കുകയായിരുന്നു. മീശ വിവാദം തണുത്തിരിക്കെയാണ് തെരഞ്ഞെടുപ്പ് സമയത്തുള്ള അവാര്‍ഡ് പ്രഖ്യാപനം.
https://www.facebook.com/Malayalivartha

























