നാല് മാസത്തിനിടെ സംസ്ഥാനത്ത് 1,159 താല്‍ക്കാലികകാരെ സ്ഥിരപ്പെടുത്തി... സമരക്കാരെ തിരിഞ്ഞ് നോക്കാതെ സര്‍ക്കാര്‍...

തലസ്ഥാനത്ത് വ്യാപക പ്രതിഷേധം നടക്കുമ്പോഴും അതിനെ അവഗണിച്ച് വിവിധ വകുപ്പുകളിലെ 221 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഇന്നലെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്, സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് പട്ടികകളില്‍പ്പെട്ടവരുടെ ആവശ്യങ്ങള്‍ മന്ത്രിസഭ കണ്ടാതായി തന്നെ നടിച്ചില്ല.
ഇന്നലെ സ്ഥിരപ്പെടുത്തിയതില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ 37 പേര്‍, കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രഫഷനല്‍ എജ്യുക്കേഷനില്‍ 14 പേര്‍, കെടിഡിസിയില്‍ 100, സ്‌കോള്‍ കേരളയില്‍ 54, നിര്‍മിതി കേന്ദ്രയില്‍ 16. ആകെ മൊത്തം 4 മാസത്തിനിടെ മന്ത്രിസഭ സ്ഥിരപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം 1,159 ആണ്. പിഎസ്സിക്കു വിടാത്ത തസ്തികകളില്‍ മാത്രമാണു സ്ഥിരപ്പെടുത്തല്‍ എന്നാണ് ഇതിന് മുഖ്യമന്ത്രി നല്‍കുന്ന വിശദീകരണം.
കഴിഞ്ഞ 3ാം തിയതി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിക്കു കീഴിലെ സിഡിറ്റില്‍ സ്ഥിരപ്പെടുത്തിയ 114 താല്‍ക്കാലിക ജീവനക്കാരില്‍ 108 പേരും 2006 11 ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ കാലത്തു നിയമിക്കപ്പെട്ടവരാണ്. 6 പേര്‍ യുഡിഎഫ് കാലത്തു ജോലിയില്‍ പ്രവേശിച്ചവരും. നവംബര്‍ 14നു മന്ത്രിസഭ സ്ഥിരപ്പെടുത്തിയ ഭൂജല വകുപ്പിലെ സിഎല്‍ആര്‍ ജീവനക്കാരായ 25 പേരില്‍ 24 പേരും നിയമിതരായതും മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്നും നിയമന രേഖകളില്‍ വ്യക്തമാണ്.
സിഡിറ്റില്‍ സ്ഥിരപ്പെടുത്തിയവരുടെ പട്ടികയില്‍ ഇടതു യൂണിയന്‍ മുന്‍ പ്രസിഡന്റ്, ഇപ്പോഴത്തെ സെക്രട്ടറി, മന്ത്രിയുടെ ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും, പാര്‍ട്ടി പത്രത്തിലെ ജീവനക്കാരുടെ മക്കള്‍, കണ്ണൂരില്‍ നിന്നുള്ള മന്ത്രിയുടെ അടുപ്പക്കാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നുണ്ട്.
സെക്രട്ടേറിയറ്റ് മന്ത്രിസഭായോഗത്തില്‍ ഇതുപോലെ കൂടുതല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ തീരുമാനിക്കുമ്പോള്‍ പുറത്ത് അര്‍ഹതപ്പെട്ട ജോലിക്കായി സര്‍ക്കാരിനു മുന്നില്‍ മുട്ടിലിഴഞ്ഞു യാചനാസമരം നടത്തുകയായിരുന്നു ഇന്നലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ഥികള്‍. സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റില്‍ നിന്നു 3 വനിതകള്‍ ഉള്‍പ്പെടെ 7 ഉദ്യോഗാര്‍ഥികള്‍ സമരപ്പന്തലിലേക്ക് കൈകുത്തി മുട്ടിലിഴഞ്ഞു സമരം നടത്തി. മറ്റുള്ളവര്‍ ഇവര്‍ക്ക് പിന്തുണയുമായി ഒപ്പം കൂടി.
വെയിലില്‍ ചുട്ടുപൊള്ളുന്ന റോഡില്‍ പലരുടെയും മുട്ടു പൊട്ടി ചോരയും നീരും വരെ വന്നു. മുട്ടിലിഴയുന്നതിനിടെ മനു സോമന്‍, നാഗേഷ് എന്നിവര്‍ കുഴഞ്ഞു വീണു. ഇവരെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റി. സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ ഞായറാഴ്ച മുതല്‍ തറയില്‍ കിടന്നാണ് പ്രതിഷേധിക്കുന്നത്.
പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ച് 221 താല്‍ക്കാലിക ജീവനക്കാരെക്കൂടി സ്ഥിരപ്പെടുത്തിയ മന്ത്രിസഭാ യോഗം പക്ഷേ ജോലിക്ക് അര്‍ഹരായവരുടെ സമരത്തെ വീണ്ടും കണ്ടില്ലെന്നു നടിച്ചു. പ്രതീക്ഷയോടെ സമരപ്പന്തലില്‍ കാത്തിരുന്ന ഉദ്യോഗാര്‍ഥികളെ കൂടുതല്‍ മുറിവേല്‍പ്പിച്ചതും ഇതാണ്.
ഇതിനിടെ, കേരള ബാങ്കില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി ഇടപെട്ട് തടഞ്ഞു. 1,850 പേരുടെ സ്ഥിരപ്പെടുത്തല്‍ ശുപാര്‍ശ നാളത്തെ മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നു ചൂണ്ടിക്കാട്ടി, പിഎസ്സി റാങ്ക്ലിസ്റ്റിലുള്ളയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, താല്‍ക്കാലിക, കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു സംബന്ധിച്ച ശുപാര്‍ശ നിലവില്‍ തങ്ങളുടെ മുന്നിലില്ലെന്നു രാവിലെ മറ്റൊരു ഹര്‍ജിയില്‍ സര്‍ക്കാരും കേരള ബാങ്കും വാദിച്ചു. കേരള ബാങ്കിലെ നിയമനങ്ങള്‍ പിഎസ്സിക്കു വിട്ടിരുന്നോയെന്ന് കോടതി വാക്കാല്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നു സര്‍ക്കാര്‍ മറുപടി നല്‍കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























