പുതിയ വിവാദങ്ങളിൽ സർക്കാരിന്റെ സമീപനം വേദനിപ്പിച്ചു; 5000 കോടിയുടെ മുതൽമുടക്കാൻ തയാറായി എത്തിയ തങ്ങളെ സർക്കാർ അപമാനിക്കുകയായിരുന്നു; വെളിപ്പെടുത്തലുമായി ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം പ്രസിഡന്റ് ഷിജു വർഗീസ് മേത്രട്ടയിൽ

പുതിയ വിവാദങ്ങളിൽ സർക്കാരിന്റെ സമീപനം വേദനിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം പ്രസിഡന്റ് ഷിജു വർഗീസ് മേത്രട്ടയിൽ. 5000 കോടിയുടെ മുതൽമുടക്കാൻ തയാറായി എത്തിയ തങ്ങളെ സർക്കാർ അപമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പ്രതിക്കരിച്ചു. വിവാദമുണ്ടായപ്പോൾ മന്ത്രിമാർ ‘ഒന്നുമറിഞ്ഞില്ല’ എന്ന നിലപാടെടുത്തതു കടുത്ത വേദനയുണ്ടാക്കി എന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി . മന്ത്രിമാർ അറിയാതെ ഉദ്യോഗസ്ഥർ മാത്രം എല്ലാത്തിനും മുൻകൈ എടുത്തു എന്നത് ആരെങ്കിലും വിശ്വസിക്കുമോ? സർക്കാർ നിലപാടു ഹിതകരമല്ലാത്തതിനാൽ ആഴക്കടൽ മത്സ്യബന്ധന പദ്ധതിയിൽനിന്നു കമ്പനി പിൻമാറിയേക്കുമെന്നും ന്യൂയോർക്കിൽനിന്ന് ഷിജു വെളിപ്പെടുത്തുകയുണ്ടായി.
ഇനി മത്സ്യ സംസ്കരണ പ്ലാന്റ് മാത്രമായി സ്ഥാപിക്കുന്നതിൽ അർഥമുണ്ടെന്നു തോന്നുന്നില്ല. ധാരണാപത്രങ്ങൾ റദ്ദാക്കുന്നതു സംബന്ധിച്ചു സർക്കാരിന്റെ രേഖാമൂലമുള്ള അറിയിപ്പിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2019ലെ സമുദ്രനയത്തിൽ ആഴക്കടൽ മത്സ്യബന്ധനം പ്രോൽസാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണു പദ്ധതി രൂപീകരിക്കാൻ പ്രേരണയായത്. സർക്കാർ നയം ഇതിനു വിരുദ്ധമാണെങ്കിൽ അതു പറയേണ്ടിയിരുന്നത് മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ്. മുഖ്യമന്ത്രിയെ ഒരു തവണ ക്ലിഫ് ഹൗസിലും രണ്ടാമതു സെക്രട്ടേറിയറ്റിലുമാണു കണ്ടത്. മന്ത്രി മേഴ്സിക്കുട്ടിയമ്മയും കമ്പനി സിഇഒ ഡുവെൻ ഇ. ഗിരെൻസറും ഒപ്പമുണ്ടായിരുന്നു. ചർച്ചയ്ക്കു ശേഷം വിശദമായ പദ്ധതി രേഖ (ഡിപിആർ) സമർപ്പിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയിൽ ഫിഷറീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. വിശദമായ റിപ്പോർട്ടും സംസ്കരണ പ്ലാന്റിന്റെ ഡിസൈനുമുൾപ്പെടെ മന്ത്രിയുടെ ഓഫിസിൽ സമർപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha