ഖേദവും പശ്ചാത്താപവും പ്രകടിപ്പിച്ചത് കൊണ്ട് ശബരിമല പ്രശ്നം ഇവിടെ കൊണ്ട് തീരില്ല... പുതിയ സത്യവാങ്മൂലം കൊടുക്കാൻ കടകംപള്ളിയോട് വെല്ലുവിളിച്ച് എന്‍എസ്എസ്...

2018ൽ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങളിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം ഏത് സാഹചര്യത്തിലാണെന്ന് ആര്‍ക്കും മനസിലാകുമെന്ന് എൻഎസ്എസ് പരിഹസിച്ചു.
ദേവസ്വം മന്ത്രിയുടെ ഖേദവും പശ്ചാത്താപവും പ്രകടിപ്പിച്ചത് കൊണ്ട് ശബരിമല പ്രശ്നം ഇവിടെ കൊണ്ട് തീരില്ല. ശബരിമലയിൽ സമീപനം ആത്മാര്‍ത്ഥത ഉള്ളതാണെങ്കിൽ യുവതി പ്രവേശനം പാടില്ലെന്ന സത്യവാങ് മൂലം നൽകണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ സംഭവവികാസങ്ങളില്‍ മന്ത്രി നടത്തിയ ഖേദപ്രകടനത്തിന് പിന്നാലെയാണ് പുതിയ സത്യവാങ്മൂലം നല്‍കാന്‍ നടപടിയുണ്ടാകുമോ എന്ന ചോദ്യവുമായി എന്‍എസ്എസ് വാര്‍ത്താക്കുറിപ്പിറക്കിയത്.
മന്ത്രി പറഞ്ഞതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, ആരാധനാവകാശം സംരക്ഷിക്കുന്നതിനു വേണ്ടി ശബരിമലയില്‍ യുവതി പ്രവേശനം പാടില്ലെന്ന് ആവശ്യപ്പെട്ടു വിശാലബഞ്ചിന്റെ മുന്നില്‍ ഒരു പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുമോ, അതിന് ആവശ്യമായ സത്വരനടപടി സ്വീകരിക്കുകയാണ് വകുപ്പുമന്ത്രി ചെയ്യേണ്ടതെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ പറയുന്നു.
ഖേദം പ്രകടിപ്പിച്ചതുകൊണ്ടോ പശ്ചാത്തപിച്ചതുകൊണ്ടോ മാത്രം ഈ പ്രശ്‌നം അവസാനിക്കുന്നില്ല. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018-ല്‍ ശബരിമലയില്‍ ഉണ്ടായ സംഭവങ്ങളില്‍ ഖേദം ഉണ്ടെന്നും അന്നത്തെ സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും തനിക്ക് വല്ലാത്ത വിഷമമുണ്ട്' എന്നും ഉള്ള ദേവസ്വംമന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവന ഏതു സാഹചര്യത്തില്‍ ഉണ്ടായിട്ടുള്ളതാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളുവെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാതെ റിവ്യൂഹര്‍ജി ഫയല്‍ ചെയ്യുന്നതിനോ, കോടതിയെ സാഹചര്യം ബോദ്ധ്യപ്പെടുത്തുന്നതിനോ തയ്യാറാകാതെ ഏതു മാര്‍ഗ്ഗവും സ്വീകരിച്ച് കോടതിവിധി പൊടുന്നനെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതിനെ തുടര്‍ന്ന് രാജ്യത്തെമ്പാടും ഉണ്ടായ സംഭവവികാസങ്ങള്‍ ഏവര്‍ക്കും അറിവുള്ളതാണ്.
2018ൽ നടന്ന സംഭവങ്ങളിൽ വിഷമമുണ്ട്, ഖേദമുണ്ട്. അതുണ്ടാകാൻ പാടില്ലായിരുന്നുവെന്ന് കരുതുന്നു. ഇപ്പോൾ അത് അടഞ്ഞ അധ്യായമാണ്. അതിനാൽ വിവാദങ്ങൾക്കില്ലെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രതികരണം.
ഈ പ്രതികരണം മുതലക്കണ്ണീർ ആണെന്ന ആക്ഷേപവുമായി ബിജെപി അടക്കമുള്ളവർ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.
സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ശബരിമലയില്‍ യുവതി പ്രവേശനത്തിന് കൂട്ടു നിന്ന സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് സ്ഥാനാര്‍ഥി കൂടിയായ ദേവസ്വം മന്ത്രി തുറന്നു സമ്മതിച്ചിരിക്കുന്നത്.
പാര്‍ട്ടിയുടെ അടിത്തറ ഇളക്കിയ ശബരിമല വിഷയം പ്രതിപക്ഷം ചര്‍ച്ചാ വിഷയമാക്കിയതിനാല്‍ വീണ്ടും സര്‍ക്കാര്‍ നേരിടേണ്ടി വരുന്ന തിരിച്ചടി ഒഴിവാക്കാനാണ് ദേവസ്വം മന്ത്രിയുടെ ഈ ഏറ്റുപറച്ചില്‍.
'2018-ലെ ഒരു പ്രത്യേക സംഭവമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നത്.
അന്നെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതെല്ലാം തന്നെ ഒരു സന്ദേശം തന്നെയാണ്.' എന്നാണ് മന്ത്രി പറഞ്ഞത്. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശബരിമല ആക്ടിവിസം കാണിക്കേണ്ട സ്ഥലമല്ലെന്ന് ദേവസ്വം മന്ത്രി ആദ്യം പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടി നിലപാടിനെ ന്യായീകരിക്കേണ്ടതായും അദ്ദേഹത്തിന് വന്നിരുന്നു.
https://www.facebook.com/Malayalivartha

























