ഉമ്മന്‍ചാണ്ടി പിടിച്ച പുലിവാല്‍... ഉത്തരേന്ത്യയില്‍ നേതാക്കള്‍ മത്സരിക്കുന്നതു പോലെ കേരളത്തിലും ആവര്‍ത്തിക്കാന്‍ ഉമ്മന്‍ചാണ്ടി; പുതുപള്ളിയിലും നേമത്തും സീറ്റ് കിട്ടിയാല്‍ നേമത്ത് മത്സരിക്കാമെന്നുറപ്പിച്ച് ഉമ്മന്‍ ചാണ്ടി; അതേസമയം അത് നേമത്തെ പേടിച്ചാണെന്ന് വിലയിരുത്തും; പിണറായി വിജയനേയും ഉമ്മന്‍ ചാണ്ടിയേയും നേമത്തേക്ക് സ്വാഗതം ചെയ്ത് സുരേന്ദ്രന്‍

രാഹുല്‍ ഗാന്ധി പയറ്റിയ തന്ത്രമാണ് നേമത്ത് ഉമ്മന്‍ ചാണ്ടി പയറ്റുന്നത്. സ്വന്തം തട്ടകമായ പുതുപള്ളിയിലും നേമത്തും സീറ്റ് കിട്ടിയാല്‍ നേമത്ത് മത്സരിക്കാമെന്നാണ് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. എങ്കില്‍ നേമത്ത് തോറ്റാലും സാരമില്ലല്ലോ. പക്ഷെ ഇത് കേരളമാണ്. രണ്ട് സ്ഥലത്ത് മത്സരിച്ചാല്‍ അതിനെ ചങ്കൂറ്റമായി കേരളം കാണില്ല. ട്രോളി കൊല്ലും. പേടിത്തൂറിയായി ഉമ്മന്‍ ചാണ്ടിയെ വാഴ്ത്തും.
മാത്രമല്ല ഒരു പക്ഷെ രണ്ട് മണ്ഡലത്തിലും ജയിച്ചാല്‍ എവിടെ രാജിവയ്ക്കും എന്നതും ചോദ്യചിഹ്നമാണ്. പുതുപ്പള്ളി കളഞ്ഞാല്‍ സ്വന്തം ജനത ഇടയും. നേമം കളഞ്ഞാല്‍ പിന്നെ എന്തിനാണ് ഈ അങ്കം. അതൊരു കീറാമുട്ടിയായ ചോദ്യമാണ്.
എന്തായാലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു കുതിപ്പേകാന്‍ നേമം മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്ഥാനാര്‍ഥിയായേക്കുമെന്നാണ് സൂചന. ഡല്‍ഹിയില്‍ നടക്കുന്ന ഉള്‍പാര്‍ട്ടി യോഗങ്ങളില്‍ ഇക്കാര്യം സജീവ ചര്‍ച്ചയായി. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ നേമം വെല്ലുവിളി ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു.
നേമത്ത് മത്സരിക്കാന്‍ താനും തയാറാണെന്നും ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന് ഉചിത തീരുമാനമെടുക്കാമെന്നും ഇന്നലെ രാത്രി നടന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു. ഹൈക്കമാന്‍ഡ് ഇന്ന് അന്തിമ തീരുമാനമെടുക്കും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്നു വൈകിട്ട് യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ഏക സിറ്റിങ് സീറ്റില്‍ ബിജെപിയെ നേര്‍ക്കുനേര്‍ നേരിടാന്‍ ഉമ്മന്‍ ചാണ്ടിയെ കളത്തിലിറക്കുന്നത് സംസ്ഥാനത്തുടനീളം പാര്‍ട്ടിക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്നാണു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ബിജെപി വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പിക്കാനും പ്രചാരണക്കളത്തില്‍ ഇടതു മുന്നണിയെ കടത്തിവെട്ടാനും ഇതു സഹായിക്കുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം നേമം ഉരുക്കുകോട്ടയാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും നേമം മണ്ഡലത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ആര് വരികയാണെങ്കിലും നേമത്ത് ബിജെപി തന്നെ ജയിക്കുമെന്നും അദ്ദേഹം പറയുന്നു.നേമം മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയോ കോണ്‍ഗ്രസിന്റെ വടകര എംപി കെ മുരളീധരനോ എത്തും എന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ബിജെപി അദ്ധ്യക്ഷന്റെ ഈ പ്രസ്താവന. നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്റിനെ അദ്ദേഹം അറിയിച്ചതായും വിവരമുണ്ട്.
നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിച്ചാല്‍ പുതുപ്പളളിയില്‍ മകന്‍ ചാണ്ടി ഉമ്മനാകും മത്സരിക്കുക എന്നാണ് സൂചനകള്‍. എന്നാല്‍ കോണ്‍ഗ്രസിന് 140 മണ്ഡലവും ഒരുപോലെ പ്രധാനമാണെന്നും നേമത്ത് സ്ഥാനാര്‍ത്ഥിയാരെന്ന് അന്തിമതീരുമാനം ആയിട്ടില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.അതേസമയം ഹൈക്കമാന്റ് നേതാക്കളുമായി സംസാരിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിയും പറഞ്ഞിട്ടുണ്ട്.
2016ല്‍ ഇടതുപക്ഷം അധികാരത്തില്‍ വന്ന തെരഞ്ഞെടുപ്പിലാണ് എന്‍ഡിഎ മുന്നണി ഒ രാജഗോപാലിലൂടെ നേമത്ത് ജയിക്കുന്നതും ആദ്യമായി കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതും. എന്തായാലും നേതാക്കള്‍ താമരക്കുളത്തില്‍ വീഴാതിരുന്നാല്‍ നന്ന്.
https://www.facebook.com/Malayalivartha



























