മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു; സന്ദീപ് നായരുടെ കത്ത് പുറത്ത്

സന്ദീപ് നായരുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന് വ്യക്തമാക്കുന്ന സന്ദീപ് നായരുടെ കത്ത് പുറത്ത് . ജില്ലാ ജഡ്ജിയെ അഭിസംബോധന ചെയ്തു കൊണ്ടുള്ളതാണ് കത്ത്.
മൂന്നുപേജുള്ള കത്താണ് പുറത്തുവന്നിരിക്കുന്നത്. ഉന്നത നേതാവിന്റെ മകന്റെ പേര് കൂടി പറയണമെന്നും ആവശ്യപ്പെട്ടതായി കത്തിൽ പറയുന്നു. ഇത്തരത്തിൽ പേരുകൾ പറഞ്ഞാൽ ജാമ്യം ലഭിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ സഹായിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി കത്തിൽ പറയുന്നുണ്ട്.
കഴിഞ്ഞദിവസം കസ്റ്റംസ് സംഘം സന്ദീപ് നായരെ ഡോളർ കടത്ത് കേസിൽ പ്രതി ചേർത്തിരുന്നു. കേസിൽ അറസ്റ്റിനുള്ള അനുമതിയും ലഭിച്ചിരുന്നു. നിലവിൽ കോഫെപോസ വകുപ്പു പ്രകാരം തടവ് അനുഭവിക്കുകയാണ് സന്ദീപ് നായർ. അതേസമയം ഈ കത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഇ.ഡി. പറയുന്നത്. വിഷയത്തിൽ പരിശോധന നടത്തുമെന്നും ഇ.ഡി. പറഞ്ഞു.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്തുവന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇ.ഡിക്കെതിരെ രണ്ട് വനിതാ പോലീസുകാരും മൊഴി നൽകിയിരുന്നു. നിർബന്ധിച്ച് മൊഴി രേഖപ്പെടുത്തി എന്നത് അടക്കമുള്ള കാര്യങ്ങളാണ് വനിതാ പോലീസുകാരും പറഞ്ഞിരുന്നത്.
സ്വർണക്കടത്ത് കേസിൽ തടവിൽക്കഴിയുന്ന സന്ദീപ് നായരെ ഡോളർക്കടത്ത് കേസിലും കസ്റ്റംസ് പ്രതിചേർത്തിരുന്നു . കേസിൽ ആറാം പ്രതിയായ സന്ദീപിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ കോടതി കസ്റ്റംസിന് അനുമതി നൽകി. ഉടൻ പൂജപ്പുര ജയിലിലെത്തി അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തുകയും ഡോളർക്കടത്തിൽ മൊഴിയെടുക്കുകയും ചെയ്യും.
നിലവിൽ കസ്റ്റംസിന്റെ കോഫെപോസ തടവുകാരനാണ് സന്ദീപ്.യൂണീടാക് ബിൽഡേഴ്‌സ് എം.ഡി. സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്ദീപിനെ പ്രതിചേർത്തത്. യു.എ.ഇ. കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്ക് ഡോളറുകൾ കൈമാറാൻ സ്വപ്നയ്ക്കും സരിത്തിനും പുറമേ സന്ദീപിന്റെ സഹായവുമുണ്ടെന്നായിരുന്നു മൊഴി. ഈ കള്ളക്കടത്തിനെക്കുറിച്ച് വ്യക്തമായ ധാരണ സന്ദീപിനുണ്ടായിരുന്നതിനു പുറമേ സഹായം ചെയ്യുകയുംചെയ്തു എന്നതാണ് കുറ്റകൃത്യമായി ചേർത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha



























